വിജയ് അറിയിച്ചത് ഇക്കാര്യം; സത്യപ്രതിജ്ഞയ്ക്ക് വരാത്തിതിന് കാരണമുണ്ട്, മറ്റൊരിക്കല്‍ വരും
തിരുവനന്തപുരം: തമിഴ്നാട് മുഖ്യമന്ത്രി വിജയ് കേരള മുഖ്യമന്ത്രി വിഡി സതീശനും മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിന് എത്തിയില്ല. അദ്ദേഹത്തെ ക്ഷണിച്ചിരുന്നു എങ്കിലും പ്രായോഗിക പ്രയാസങ്ങള്‍ കണക്കിലെടുത്ത് പങ്കെടുക്കേണ്ട എന്ന് തീരുമാനിക്കുകയായിരുന്നുവത്രെ. കേരളത്തിന്റെ എല്ലാ ജില്ലകളില്‍ നിന്നും സത്യപ്രതിജ്ഞ നേരിട്ട് കാണാന്‍ ആയിരങ്ങളാണ് വന്നത്. വിജയ് കൂടി എത്തിയാല്‍ തിരക്ക് നിയന്ത്രണാതീതമായേക്കും.
ഈ സാഹചര്യം സത്യപ്രതിജ്ഞാ ചടങ്ങിന്റെ മുഖ്യ ശ്രദ്ധാ കേന്ദ്രം മറ്റൊന്നാകാന്‍ സാധ്യതയുണ്ട്. നിയന്ത്രിക്കാന്‍ പറ്റാത്ത വിധം ആളുകള്‍ എത്തിയാല്‍ സുരക്ഷാ ക്രമീകരണം താളംതെറ്റിയേക്കും. ഇതെല്ലാം കണക്കിലെടുത്താണ് വിജയ് പങ്കെടുക്കാത്തത് എന്നാണ് അനൗദ്യോഗിക പ്രതികരണം. നേരത്തെ വിജയ് തിരുവനന്തപുരത്ത് വന്നപ്പോഴുണ്ടായ തിരക്കും സുരക്ഷാ വിഭാഗം കണക്കിലെടുത്തു.

അതേസമയം, വിജയ് മറ്റൊരിക്കല്‍ വരുമെന്ന സൂചനായണ് വിഡി സതീശന് കഴിഞ്ഞ ദിവസം നല്‍കിയത്. മുഖ്യമന്ത്രിയെ കാണാനും ചര്‍ച്ച നടത്താനും ആയിരിക്കും വിജയുടെ വരവ്. തമിഴ്നാട്ടില്‍ ചില പരിപാടികളില്‍ ഇന്ന് വിജയ്ക്ക് പങ്കെടുക്കേണ്ടതുണ്ട്. അതിനെല്ലാം പുറമെ ചില രാഷ്ട്രീയ കാരണങ്ങളും ചൂണ്ടിക്കാണക്കപ്പെടുന്നുണ്ട്. തമിഴ്നാട്ടിലെ കോണ്‍ഗ്രസ് മന്ത്രിമാരെ നിശ്ചയിക്കാത്തതും പ്രധാനമന്ത്രിയെ കാണുന്നതിന് മുമ്പ് വീണ്ടും പ്രതിപക്ഷ നേതാവുമായി വേദി പങ്കിടുന്നതുമെല്ലാം തടസമായി പറയുന്നുണ്ട്.
വിജയ് സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സംബന്ധിച്ചിരുന്നു. ദേശീയ നേതാക്കളില്‍ രാഹുല്‍ ഗാന്ധി മാത്രമാണ് വിജയ്ക്കൊപ്പം വേദിയില്‍ ഉണ്ടായിരുന്നത്. ഇരുവരും തമ്മിലുള്ള ബന്ധവും സൗഹൃദവും സൂചിപ്പിക്കുന്നതായിരുന്നു സത്യപ്രതിജ്ഞാ വേദി. ഇരുവരും കുശലം പറയുന്നതും മറ്റുമുള്ള വീഡിയോ വൈറലാകുകയും ചെയ്തിരുന്നു.
ടിവികെ കേരളത്തിലേക്കും എത്തുന്നു
വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടിവികെ) പാര്‍ട്ടി കേരളത്തിലേക്കും ശ്രദ്ധ പതിപ്പിക്കാന്‍ പോകുന്നു എന്നാണ് വിവരം. തിരുവനന്തപുരത്തും വയനാട്ടിലും ഇതിനുള്ള പ്രാരംഭ നടപടികളിലേക്ക് കടക്കുകയാണ്. പാലക്കാട് ടിവികെ അംഗങ്ങള്‍ പ്രത്യേക യോഗം വിളിച്ചുചേര്‍ത്തു. തമിഴ്നാട്ടില്‍ നിന്നുള്ള അനുമതി ലഭിച്ച ശേഷമായിരുന്നു പരിപാടി എന്ന് സംഘാടകര്‍ അറിയിച്ചു.
തെന്നിന്ത്യയില്‍ വ്യാപിച്ചുകിടക്കുന്ന ആരാധകവൃന്ദമുള്ള നടന് കൂടിയാണ് വിജയ്. ആദ്യ തിരഞ്ഞെടുപ്പില്‍ തന്നെ തമിഴ്നാടിന്റെ അധികാരം പിടിക്കാന്‍ സാധിച്ചത് അദ്ദേഹത്തിന്റെ ജനപ്രീതി എടുത്തുകാട്ടുന്നതാണ്. കേരളത്തിലും വിജയുടെ ആരാധകര്‍ നിരവധിയാണ്. അവരുടെ കൂട്ടായ്മയില്‍ ടിവികെ കേരളത്തിലും പ്രവര്‍ത്തനം സജീവമാക്കുമെന്നാണ് വിവരം. നിലവില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് വിജയ് ആരാധകര്‍ കേരളത്തില്‍ നടത്തുന്നത്.
അതേസമയം, രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുര്‍ ഖാര്‍ഗെ, പ്രിയങ്ക ഗാന്ധി, കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ തുടങ്ങി വിവിഐപികളുടെ വന്‍പടയാണ് തിരുവനന്തപുരത്ത് സത്യപ്രതിജ്ഞയ്ക്ക് എത്തിയത്. പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഉള്‍പ്പെടെയുള്ള ഇടതുപക്ഷ നേതാക്കളും വേദിയിലുണ്ടായിരുന്നു. വിഡി സതീശന്, പികെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, കെ മുരളീധരന് തുടങ്ങിയ ക്രമത്തിലായിരുന്നു സത്യപ്രതിജ്ഞ.














Click it and Unblock the Notifications