
വ്രതാനുഷ്ഠാനങ്ങളുടെ 30 ദിനം പൂര്‍ത്തിയായി; ഇന്ന് ചെറിയ പെരുന്നാള്‍
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് മുസ്ലീം വിശ്വാസികള്‍ ഈദുല്‍ ഫിത്തര്‍ ആഘോഷിക്കുന്നു. റമദാന്‍ വ്രതാനുഷ്ഠാനങ്ങളുടെ പരിസമാപ്തിയാണ് ചെറിയ പെരുന്നാള്‍ ദിനം. ഞായറാഴ്ച മാസപ്പിറവി കാണാത്ത സാഹചര്യത്തില്‍ ഇത്തവണ റമദാന്‍ 30 ദിവസം പൂര്‍ത്തിയാക്കി ചൊവ്വാഴ്ച ശവ്വാല്‍ മാസം ആരംഭിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചിരുന്നു. കേരളത്തില്‍ ഏപ്രില്‍ മൂന്ന് മുതലാണ് റമദാന്‍ വ്രതം ആരംഭിച്ചത്.
ഇസ്ലാമിക കലണ്ടറായ ഹിജ്‌റയിലെ ഒരു മാസത്തിന്റെ പേരാണ് റംസാന്‍ അഥവ റമദാന്‍ എന്ന് അറിയപ്പെടുന്നത്. ഇതിന് ശേഷം വരുന്ന ശവ്വാല്‍ മാസത്തിലെ ആദ്യ ദിനത്തിലാണ് മുസ്‌ലിം വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ അഥവ ഈദുല്‍ ഫിത്വര്‍ ആഘോഷിക്കുന്നത്. യു എ ഇ ഉള്‍പ്പൈടയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്നലെയായിരുന്നു ചെറിയ പെരുന്നാള്‍. പള്ളികളില്‍ ഇന്നലെ രാത്രി മുതല്‍ പ്രാര്‍ത്ഥനാ ധ്വനികള്‍ മുഴങ്ങിയിരുന്നു.
രണ്ട് വര്‍ഷത്തിന് ശേഷം കൊവിഡ് നിയന്ത്രണങ്ങള്‍ ഒഴിവായ പെരുന്നാളിനെ ആഘോഷപൂര്‍വമാണ് വിശ്വാസികള്‍ വരവേല്‍ക്കുന്നത്. അതിനാല്‍ തന്നെ സന്തോഷത്തിന്റേ തക്ബീര്‍ മന്ത്രങ്ങളോടെയാണ് വിശ്വാസികള്‍ ഈദുല്‍ ഫിത്‌റിനെ വരവേല്‍ക്കുന്നത്. ഇത്തവണ മുപ്പത് ദിവസം പൂര്‍ത്തിയാക്കിയ റമദാന്‍ വ്രതാനുഷ്ഠാനത്തിന്റെ പരിസമാപ്തിയാണ് ചെറിയ പെരുന്നാള്‍.
എല്ലാ മസ്ജിദുകളിലും ഈദ്ഗാഹിലും പെരുന്നാള്‍ നമസ്‌കാരങ്ങള്‍ നടക്കുന്നു. നമസ്‌കാരത്തിനു മുന്‍പ് കഴിവുള്ള ഓരോ വിശ്വാസിയും ഫിത്ര്‍ സകാത് നല്‍കും. പെരുന്നാളാഘോഷിക്കേണ്ട ഒരാളും ഭക്ഷണത്തിന് വകയില്ലാതെ കഷ്ടപ്പെടരുത് എന്നതാണ് ഫിത്ര്‍ സകാതിന്റെ ലക്ഷ്യം. പുത്തന്‍ ഉടുപ്പണിഞ്ഞും മൈലാഞ്ചിയിട്ടും കൈത്താളമിട്ടുള്ള പാട്ടുകള്‍ ചൊല്ലിയുമാണ് പെരുന്നാള്‍ ആഘോഷം ഉന്നതിയിലെത്തുന്നത്.
പ്രവാസി മലയാളികളില്‍ കുറെ പേര്‍ ഇത്തവണ നാട്ടിലെത്തിയിട്ടുണ്ട്. കൊവിഡ് മൂലം യാത്ര മുടങ്ങിയിരുന്ന പ്രവാസികളും ചെറിയ പെരുന്നാളിലേക്കായി നാട്ടിലെത്തി. വിഭവസമൃദ്ധമായ ഭക്ഷണം ഒരുക്കുന്നതും അത് സുഹൃത്തുക്കളും ബന്ധുക്കളും ചേര്‍ന്ന് ഒന്നിച്ചിരുന്ന് കഴിക്കുന്നതാണ് പെരുന്നാള്‍ ദിനത്തിലെ മറ്റൊരു സവിശേഷത.
അതേസമയം എല്ലാ വിശ്വാസികള്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ ചെറിയ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു. സ്‌നേഹത്തിന്റേയും സാഹോദര്യത്തിന്റേയും സന്ദേശം പകരുന്ന ചെറിയ പെരുന്നാള്‍ ആഘോഷങ്ങള്‍ക്കായി നാടൊരുങ്ങുകയാണ്. ഒരു മാസം നീണ്ടു നിന്ന വ്രതാനുഷ്ഠനത്തിലൂടെയും ദാന കര്‍മ്മങ്ങളിലൂടെയും ഉയര്‍ത്തിപ്പിടിച്ച സഹാനുഭൂതിയുടേയും മാനവികതയുടേയും മൂല്യങ്ങള്‍ നെഞ്ചോടു ചേര്‍ത്തു മുന്നോട്ടു പോകാന്‍ ഈ സന്ദര്‍ഭം ഏവര്‍ക്കും പ്രചോദനമാകണം എന്ന് മുഖ്യമന്ത്രി പറഞ്ഞു.
ചെമ്പരത്തിയും ഭ്രാന്തും തമ്മില്‍ എന്താ ബന്ധമെന്ന് നിങ്ങള്‍ക്കറിയാമോ..? അഭിരാമിയുടെ പുതിയ ചിത്രങ്ങള്‍
കൊവിഡ് മഹാമാരി തീര്‍ത്ത പ്രതിസന്ധികള്‍ മറികടന്നു കേരളം മുന്നോട്ടു പോകുന്ന ഈ ഘട്ടത്തില്‍ ഐക്യത്തോടെയും ഊര്‍ജ്ജസ്വലതയോടെയും നാടിന്റെ നന്മയ്ക്കായി പ്രവര്‍ത്തിക്കാന്‍ നമുക്ക് സാധിക്കണം എന്നും അദ്ദേഹം പറഞ്ഞു. ചെറിയ പെരുന്നാളിന്റെ മഹത്വം ആ വിധം ജീവിതത്തില്‍ പകര്‍ത്താനും അര്‍ത്ഥവത്താക്കാനും കഴിയണം എന്നും മുഖ്യമന്ത്രി ആശംസാ സന്ദേശത്തില്‍ പറഞ്ഞു.