പെരുന്നാളിന് ഇളവ്; സുപ്രീം കോടതിയിൽ മറുപടി നൽകി സർക്കാർ
തിരുവനന്തപുരം; കേരളത്തിൽ പെരുന്നാളിന് ലോക്ക്ഡൗൺ ഇളവ് നൽകിയതുമായി ബന്ധപ്പെട്ട ഹർജിയിൽ സുപ്രീം കോടതിയിൽ വിശദീകരണം നൽകി സംസ്ഥാന സർക്കാർ. മേഖലയിലെ വിദഗ്ദരുമായി ഇതുസംബന്ധിച്ച് കൂടിയാലോചന നടത്തിയെന്നും അതിന് ശേഷമാണ് ഇളവ് നൽകിയതെന്നും സർക്കാർ കോടതിയെ അറിയിച്ചു. ചില മേഖലകളിലെ വ്യാപാരികൾക്ക് മാത്രമാണ് കട തുറക്കാനുള്ള അനുമതി നൽകിയതെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി.

കൊവിഡ് നിയന്ത്രണങ്ങളെല്ലാം കർശനമായി പാലിക്കും. ടെസ്റ്റ് പോസിറ്റിവിറ്റി കുറച്ച് കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും കേരളം കോടതിയിൽ അറിയിച്ചു. ബക്രീദിന് മൂന്ന് ദിവസത്തെ ഇളവ് അനുവദിച്ച കേരളത്തിന്റെ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലി മലയാളിയായ പികെഡി നമ്പ്യാർ ആണ് സുപ്രീം കോടതിയെ സമീപിച്ചത്. ഹർജിയിൽ ഇന്ന് തന്നെ വിശദീകരണം നൽകാൻ കേരളത്തോട് സുപ്രീം കോടതി ആവശ്യപ്പെടുകയായിരുന്നു.
കേരളത്തിൽ കൊവിഡ് കേസുകൾ കൂടുതലാണെന്നും ടിപിആർ ഉയർന്നിരിക്കുന്ന ഈ ഘട്ടത്തിൽ പോലും സർക്കാർ ഇളവ് അനുവദിച്ചുവെന്നുമായിരുന്നു ഹർജിയിൽ ചൂണ്ടിക്കാട്ടിയത്. അതേസമയം ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നായിരുന്നു സർക്കാർ വാദം. നേരത്തേ തന്നെ കടകൾ തുറക്കാൻ അനുമതി നൽകിയിരുന്നുവെന്നും ഇപ്പോൾ മറ്റ് ചില മേഖലകളിൽ കൂടി ഇളവ് അനുവദിക്കുക മാത്രമാണ് ചെയ്തതെന്നും സർക്കാർ കോടതിയിൽ അറിയിച്ചത്.












Click it and Unblock the Notifications