വൈദ്യുതി നിരക്ക് കൂടും, വില വർധനവിൽ തീരുമാനം റെഗുലേറ്ററി കമ്മീഷന്റേത് : വൈദ്യുതി മന്ത്രി
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് ഇനിയും കൂട്ടേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻ കുട്ടി പറഞ്ഞു. വൈദ്യുതി നിരക്കിൽ ചെറിയ വർധനവ് വേണ്ടി വരുമെന്നാണ് കരുതുന്നതെന്നും പുറത്തു നിന്ന് വൈദ്യുതി വാങ്ങിക്കുമ്പോൾ അവരാണ് വില നിശ്ചയിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. വില വർധനവ് സംബന്ധിച്ച് തീരുമാനമെടുക്കുന്നത് റെഗുലേറ്ററി കമ്മീഷനാണ്. ഇറക്കുമതി കൽക്കരി ഉപയോഗിക്കണമെന്ന കേന്ദ്ര സർക്കാർ നിർദേശമാണ് നിലവിൽ 17 പൈസ വർധിപ്പിക്കാൻ കാരണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വലിയ വർധനവ് ഉണ്ടാകില്ലെന്നാണ് പ്രതീക്ഷിയ്ക്കുന്നത്. വൈദ്യുതി നിരക്ക് കൂട്ടണോ കുറയ്ക്കണോ എന്ന തീരുമാനം റെഗുലേറററി കമ്മീഷൻ എടുക്കുമെന്നും മന്ത്രി ഇടുക്കിയിൽ പറഞ്ഞു.

കഴിഞ്ഞ ദിവസം വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്ന് കെ എസ് ഇ ബി ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്തിന്റെ വൈദ്യുതി ലഭ്യതയിൽ കുറവു വന്നതിനാലാണിത്. ഇടുക്കി, കൂടംകുളം എന്നീ പ്രധാന വൈദ്യുത നിലയങ്ങളിലെ ജനറേറ്ററുകൾക്ക് സാങഅകേതിക തകരാറ് സംഭവിച്ചതാണ് നിലവിലെ ഈ പ്രതിസന്ധിയ്ക്ക് കാരണം. അതേ സമയം ചുരുങ്ങിയ സമയത്തേക്ക് വൈദ്യുതി ഉപയോഗത്തിൽ നിയന്ത്രണം വന്നേക്കുമെന്ന സൂചനകളാണ് ലഭിക്കുന്നത്.
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി മറികടക്കാൻ റദ്ദാക്കിയ കെ എസ് ഇ ബി കരാർ പുന: സ്ഥാപിക്കാനാണ് സംസ്ഥാന സർക്കാരിന്റെ നീക്കം. ഇക്കാര്യത്തിൽ റെഗുലേറ്ററി കമ്മീഷനോട് സർക്കാർ നിർദേശം നൽകും. ഇക്കഴിഞ്ഞ മന്ത്രി സഭാ യോഗത്തിലാണ് ഈ തീരുമാനം ഉണ്ടായത്. യു ഡി എഫ് കാലത്തെ 450 മെഗാ വാട്ടിന്റെ കരാർ പുന: സഥാപിക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.












Click it and Unblock the Notifications