ലക്ഷദ്വീപില്‍ കൂടുതല്‍ പേരെ പിരിച്ചുവിടും; എയര്‍ ആംബുലന്‍സിന് നിയന്ത്രണം, വ്യാഴാഴ്ച നിര്‍ണായക യോഗം
കൊച്ചി: പ്രതിഷേധങ്ങള്‍ക്ക് വില കല്‍പ്പിക്കാതെ ലക്ഷദ്വീപില്‍ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍. വിദഗ്ധ ചികില്‍സയ്ക്ക് കൊച്ചിയിലേക്കും മറ്റും കൊണ്ടുപോകേണ്ട എല്ലാ രോഗികള്‍ക്കും ഇനി എയര്‍ ആംബുലന്‍സ് അനുവദിക്കില്ല. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ നാലംഗ സമിതിയെ നിയോഗിച്ചു. ഈ സമതിയുടെ അനുമതിയുണ്ടെങ്കിലേ എയര്‍ ആംബുലന്‍സ് ലഭിക്കൂ. അല്ലെങ്കില്‍ കപ്പല്‍ മാര്‍ഗം കൊണ്ടുപോകേണ്ടി വരും. നേരത്തെ മെഡിക്കല്‍ ഓഫീസറാണ് എയര്‍ ആംബുലന്‍സിനുള്ള അനുമതി നല്‍കിയിരുന്നത്.

ഈ സാഹചര്യത്തില്‍ പ്രതിഷേധം ശക്തിപ്പെടാനാണ് സാധ്യത. അതേസമയം, കൂടുതല്‍ ജീവനക്കാരെ പിരിച്ചുവിടാനുള്ള സാധ്യതയുണ്ട് എന്നാണ് വിവരം. കരാര്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടത് നേരത്തെ വിവാദമായിരുന്നു. കാര്യക്ഷമമില്ലാത്ത ജീവനക്കാരെ കണ്ടെത്താന്‍ വകുപ്പ് മേധാവികളോട് നിര്‍ദേശിച്ചിരിക്കുകയാണ് അഡ്മിനിസ്‌ട്രേറ്റര്‍. റിക്രൂട്ട്‌മെന്റുകള്‍ പുനഃപരിശോധിക്കാനും നിര്‍ദേശമുണ്ട്. ദ്വീപിലേക്ക് സ്ഥലം മാറ്റം ലഭിച്ച് എത്തിയവരുടെ വിവരങ്ങള്‍ കൈമാറണം.
വ്യാഴാഴ്ച ലക്ഷദ്വീപില്‍ സര്‍വകക്ഷി യോഗം നടക്കും. പുതിയ പരിഷ്‌കരണങ്ങള്‍ക്കെതിരെ സ്വീകരിക്കേണ്ട നടപടികള്‍ ഓണ്‍ലൈന്‍ വഴി ചേരുന്ന യോഗം ചര്‍ച്ച ചെയ്യും. ബിജെപി ഈ യോഗത്തില്‍ സംബന്ധിക്കുമോ എന്ന് വ്യക്തമല്ല. നേരത്തെ അഡ്മിനിസ്‌ട്രേറ്ററുടെ നടപടിക്കെതിരെ ബിജെപി ലക്ഷദ്വീപ് ഘടകവും രംഗത്തുവന്നിരുന്നു. പാര്‍ട്ടിയുടെ നിരവധി നേതാക്കള്‍ പ്രതിഷേധ സൂചകമായി രാജിവച്ചിട്ടുണ്ട്. പുതിയ പരിഷ്‌കാരങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നത് സംബന്ധിച്ചും നാളെ നടക്കുന്ന യോഗം തീരുമാനം എടുത്തേക്കും. എന്നാല്‍ പ്രതിഷേധങ്ങള്‍ കാര്യമാക്കേണ്ടതില്ല എന്നാണ് അഡ്മിനിസ്‌ട്രേറ്ററുടെ നിലപാട്.
Recommended Video



Click it and Unblock the Notifications