തുല്യതാ ചോദ്യപേപ്പർ വിവാദം; ഇത് യാദൃശ്ചികമല്ല, വിദ്യാഭ്യാസ മന്ത്രി കേരളത്തോട് മാപ്പു പറയണമെന്ന് എംഎസ്എഫ്
തിരുവനന്തപുരം; രണ്ടാം വർഷ സോഷ്യോളജി തുല്യതാ പരീക്ഷയിലെ ചോദ്യം ഒരു ബോധപൂർവ്വമായ വർഗ്ഗീയതയാണെന്ന് എംഎസ്എഫ്."ന്യൂനപക്ഷങ്ങൾ ഇന്ത്യയുടെ അഖണ്ഡതക്ക് ഭീഷണിയാണോ" എന്നാണ് ഹയർ സെക്കന്ററി വിദ്യാർത്ഥികളോട് ചോദിച്ചിരിക്കുന്നത്.
ഇതൊരു വീഴ്ചയുടെ ഭാഗമോ, യാദൃശ്ചികതയോ ആയി കാണാനാവില്ല. സംഘപരിവാർ ആശയങ്ങളെ താലോലിച്ചു കൊണ്ടുള്ള തികഞ്ഞ ബോധ്യങ്ങളാണ് കാണുന്നതെന്ന് സംസ്ഥാന പ്രസിഡന്‍റ് പി കെ നവാസ് പറഞ്ഞു.
മുൻപ് ബനാറസ് സർവ്വകലാശാലയിലെ വിദ്യാർത്ഥികളോട് ചോദ്യപേപ്പറിൽ ബിജെപിയെ കുറിച്ച് ഉപന്യാസമെഴുതാനാണ് ആവശ്യപ്പെട്ടത്.സമാന രീതികളിൽ ബിജെപി ഭരണ സംസ്ഥാനങ്ങളിലെല്ലാം ഇത്തരം ചോദ്യങ്ങളാണ് വിദ്യാർഥികൾ നേരിട്ടത്.

കേരളത്തിലെ പിണറായി സർക്കാരിന്റെ ആരംഭ ദിശയിൽ തന്നെ വിദ്യാഭ്യസ വകുപ്പിന്റെ സംഘപരിവാർ വത്കരണം എംഎസ്എഫ് ചൂണ്ടിക്കാട്ടിയിരുന്നു. അതിലൊന്നാണ് ബിജെപിയുടെ സ്ഥാപക നേതാവിനെ അനുസ്മരിക്കാൻ സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടത്.ഇതേ വിദ്യാഭ്യാസ വകുപ്പിന്റെ സാക്ഷരതാ മിഷനാണ് വിദ്യാർത്ഥികൾക്കിടയിൽ കടുത്ത വർഗ്ഗീയ ചേരിതിരിവ് സൃഷ്ടിക്കുന്ന ചോദ്യം ചോദ്യപേപ്പറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
വിദ്യാഭ്യാസ വകുപ്പ് മന്ത്രി കേരളത്തോട് മാപ്പു പറയണം.പ്രസ്തുത ചോദ്യം പിൻവലിക്കുകയും, മേൽ ചോദ്യത്തിന്റെ ഉത്തരം വാല്യൂവേഷൻ നടത്താതിരിക്കുകയും ചെയ്യണം.അതുപോലെ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാകണമെന്നും നവാസ് പറഞ്ഞു.
അതേസമയം ഒന്നാം പിണറായി സർക്കാരിൽ ആഭ്യന്തരം മാത്രമായിരുന്നു സംഘ് പരിവാർ ഭരിച്ചിരുന്നത് എങ്കിൽ ഇപ്പോൾ സകല വകുപ്പും ഭരിക്കുന്നത് ആർ.എസ്.എസ് നേരിട്ടാണെന്ന് എംഎസ്‌എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തെഹ്‌ലിയ പറഞ്ഞു. വിദ്യാഭ്യാസ വകുപ്പിലും ആർഎസ്എസുകാരുണ്ടെന്നത് പ്ലസ്ടു തുല്യത ചോദ്യപേപ്പർ കമഅടാല് അറിയാമെന്ന് മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി ഇൻ ചാർജ് പിഎംഎ സലാം പറഞ്ഞു. ചോദ്യം സംഘപരിവാർ സ്വാധീനമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
രണ്ടാം വര്‍ഷ സോഷ്യോളജി ചോദ്യ പേപ്പറിലാണ് വിവാദ ചോദ്യം കടന്ന് കൂടിയത്. സാക്ഷരത മിഷനു വേണ്ടി വിദ്യാഭ്യാസ വകുപ്പാണ് പരീക്ഷ നടത്തുന്നത്.എട്ട് മാര്‍ക്കിന്റെ ഉപന്യാസ മാതൃകയിലുള്ളതാണ് ചോദ്യം.ഇന്ത്യയില്‍ ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി കൈക്കൊണ്ട നടപടികള്‍ പരിശോധിക്കുക എന്ന മറ്റൊരു ചോദ്യവും ഉണ്ടായിരുന്നു.അതേസമയം സാക്ഷരത മിഷനാണ് ചോദ്യങ്ങള്‍ നല്‍കുന്നതെന്നും പരീക്ഷാ നടത്തിപ്പ് മാത്രമാണ് തങ്ങളുടെ ചുമതലയെന്നും ഹയര്‍ സെക്കന്‍ഡറി വകുപ്പ് പറഞ്ഞു.












Click it and Unblock the Notifications