ആലുവ റെയിൽവേ സ്റ്റേഷന് സമീപം രണ്ടംഗ സംഘം തമ്മിൽ ഏറ്റുമുട്ടൽ; ഒരാൾക്ക് വെട്ടേറ്റു
ആലുവ: ആലുവ റെയിൽവേ സ്റ്റേഷന് സമീപം രണ്ടംഗ സംഘം തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾക്ക് വെട്ടേറ്റു. സ്ത്രീകൾ തമ്മിലുണ്ടായ വാക്ക് തർക്കമാണ് ആക്രമണത്തിൽ എത്തിയത്. സംഭവത്തിൽ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഏറ്റുമുട്ടലിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
ആലുവ റെയിൽ വേ സ്റ്റേഷന്റെ പാർക്കിംഗ് ഏരിയയിലായിരുന്നു സംഭവം,രണ്ട് സ്ത്രീകൾ തമ്മിലുണ്ടായ വാക്ക് തർക്കം കയ്യാങ്കളിയിലെത്തുകയായിരുന്നു. പിന്നാലെ ഒപ്പം ഉണ്ടായിരുന്ന പുരുഷന്മാർ തർക്കമേറ്റെടുത്തു. കോഴിക്കോട് സ്വദേശി മുരളിയും ഇടുക്കി സ്വദേശി ടിന്റോയും തമ്മിലെ വാക്ക് തർക്കം അക്രമത്തിൽ എത്തുകയായിരുന്നു. മുരളിക്കാണ് വെട്ടേറ്റത്. ടിന്റോയാണ് വെട്ടിയത്.

ഓടി രക്ഷപ്പെടാൻ ശ്രമിച്ച മുരളിയെ ടിന്റോ പല തവണ വെട്ടി. തർക്കത്തിനിടെ മുരളിയുടെ ബാഗിൽ ഉണ്ടായിരുന്ന കത്തി എടുത്ത ടിന്റോ മുരളിയെ വെട്ടുകയായിരുന്നു. വെട്ടേറ്റ് ഗുരുതരാവസസ്ഥയിലായ മുരളിയെ കളമശ്ശേരി മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു.
ടിന്റോയുടെ ഒപ്പമുണ്ടായിരുന്ന കോട്ടയം സ്വദേശി ബിജിയും മുരളിയ്ക്കൊപ്പം ഉണ്ടായിരുന്ന തമിഴ്നാട് സ്വദേശി സെൽവിയും തമ്മിലായിരുന്നു തർക്കം ഉണ്ടായത്. സംഭവത്തിൽ ടിന്റോയേയും ബിജിയെയും പോലീസ് കസ്റ്റഡിയിലെടുത്തു.












Click it and Unblock the Notifications