ഫ്രാങ്കോമാർ പനപോലെ വളർത്തപ്പെടുമെന്നോ,കർത്താവേ?; വിധിയിലെ വൈരുദ്ധ്യങ്ങളുയർത്തി മുൻ ജഡ്ജി
കൊച്ചി: കന്യാസ്ത്രിയെ പീഡിപ്പിച്ചുവെന്ന കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ട കോടതി വിധിയിലെ വൈരുദ്ധ്യങ്ങള്‍ ചൂണ്ടിക്കാട്ടി മുന്‍ ജഡ്ജി എസ് സുധീപ്. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഫ്രാങ്കോയെ വെറുതെ വിട്ടത്. കന്യാസ്ത്രീയുടെ സഹോദരിയുടെ മകന്റെ ആദ്യകുര്‍ബാന ചടങ്ങിന്റെ വീഡിയോകളെ ആധാരമാക്കി വിധിയിലുളള ചില ഭാഗങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് എസ് സുദീപിന്റെ കുറിപ്പ്.
കുറിപ്പ് വായിക്കാം: '' ആദ്യ ബലാൽസംഗം ആരോപിക്കപ്പെടുന്ന തീയതിയുടെ പിറ്റേന്ന് സിസ്റ്റർ എക്സിൻ്റെ സഹോദരീ പുത്രൻ്റെ ആദ്യകുർബാനയായിരുന്നു. ആ ചടങ്ങിൻ്റെ വീഡിയോ ഹാജരാക്കിയത് പ്രതിയാണ് (എക്സിബിറ്റ് D7). അതിലെ മൂന്നാമത്തെ വീഡിയോ ക്ലിപ്പിൽ, പള്ളിയുടെ പിന്നിൽ വന്നിരുന്നു താൻ കരയുന്നതു കാണാമെന്ന് സിസ്റ്റർ എക്സ് കൃത്യമായി ചൂണ്ടിക്കാണിക്കുന്നുണ്ട് (ഖണ്ഡിക 317, വിധി). കോടതി ആ ദൃശ്യം വിശദമായി പരിശോധിച്ചിട്ട് രേഖപ്പെടുത്തിയത് സിസ്റ്റർ എക്സ് ആ ദൃശ്യത്തിൻ്റെ തുടക്കത്തിൽ അത്യധികം മ്ലാനവദനയായിരുന്നു എന്നു തന്നെയാണ്. ബിഷപ്പ് ഫ്രാങ്കോ ആയിരുന്നു ആദ്യ കുർബാന ചടങ്ങിൻ്റെ മുഖ്യ കാർമ്മികൻ (Chief Priest).
ഫ്രോക്കിൽ ഗ്ലാമർ നൃത്തം, ഇൻസ്റ്റഗ്രാമിൽ വരവറിയിച്ച് മീരാ ജാസ്മിൻ, ചിത്രങ്ങൾ
സിസ്റ്റർ എക്സിൻ്റെ കുടുംബത്തിലെ ഏറ്റവും ആഹ്ലാദഭരിതമായ ഒരു ദിനം തന്നെയാണ് സഹോദരിയുടെ കുഞ്ഞിൻ്റെ ആദ്യകുർബാന. ഫ്രാങ്കോയുടെ കാർമ്മികത്വം മുൻകൂട്ടി തീരുമാനിക്കപ്പെട്ടതും. ബിഷപ്പ് ദൈവത്തിൻ്റെ പ്രതിപുരുഷനാണ്. പിതാവേ എന്നു മറ്റുള്ളവരാൽ വിളിക്കപ്പെടുന്നവൻ. കന്യാസ്ത്രീ കർത്താവിൻ്റെ തിരുമണവാട്ടി ആയവളാണ്. കുടുംബം പൂർവാശ്രമം മാത്രമാണ്. ബന്ധങ്ങൾ അറ്റവൾ. അവളുടെ കുടുംബം മഠമാണ്. കുറവിലങ്ങാട് മഠത്തിലെ അന്തേവാസിയാണ് സിസ്റ്റർ എക്സ്. ആ മഠം ജലന്ധർ രൂപതയുടെ കീഴിലാണ്. ആ രൂപതയുടെ പരമാധികാരിയാണ് അന്നത്തെ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ.

ഇനി ഒരു മകളെ സ്വന്തം പിതാവ് (Biological father) സ്വന്തം വീട്ടിൽ വച്ച് പതിമൂന്നു തവണ പീഡിപ്പിച്ചെന്നു കരുതുക. സ്വന്തം പിതാവ് മകളെ പീഡിപ്പിച്ചിട്ടും, മകൾ പിതാവിനൊപ്പം തന്നെ തുടർന്നു താമസിച്ചതുകൊണ്ടും പിതാവിനൊപ്പം സഹോദരീപുത്രൻ്റെ ആദ്യകുർബാനയിൽ പങ്കെടുത്തതുകൊണ്ടും അമ്മയോടടക്കം പീഡനവിവരം വെളിപ്പെടുത്താതിരുന്നതു കൊണ്ടും തൻ്റെ കൂട്ടുകാരോടൊക്കെ താൻ പിതാവിനൊപ്പം നിന്നാൽ താൻ പീഡിപ്പിക്കപ്പെടുമെന്നു മാത്രം പറഞ്ഞതുകൊണ്ടും താൻ പീഡിപ്പിക്കപ്പെട്ടതായി അവരോടൊക്കെയും പറഞ്ഞു നടക്കാതിരുന്നതുകൊണ്ടും സ്വപിതാവിനെതിരെ പൊലീസ് പരാതി നൽകാൻ വൈകിയതുകൊണ്ടും നിങ്ങൾ അവളെ വിശ്വസിക്കാതിരിക്കുമോ?
പീഡനത്തിൻ്റെ പിറ്റേന്ന് അവൾ സഹോദരീ പുത്രൻ്റെ ആദ്യകുർബാനയ്ക്കിടെ പള്ളിയുടെ പുറകിൽ മാറിയിരുന്നു കരയുമ്പോൾ, രണ്ടു വർഷം മുമ്പ് മരിച്ചുപോയ സഹോദരീ ഭർത്താവിൻ്റെ ഓർമ്മകൾ അവരെയൊക്കെ പിന്തുടർന്നിട്ടുണ്ടാവാം എന്നു പറഞ്ഞ് ആ കരച്ചിലിനെ നിങ്ങൾ അവഗണിക്കുമോ? എങ്കിൽ എനിക്കൊന്നും പറയാനില്ല. അപ്രകാരമാണെങ്കിൽ സ്വപിതാക്കന്മാരാൽ പീഡിപ്പിക്കപ്പെടുന്ന ഒരു മകൾക്കും ഈ ലോകത്തു നീതി കിട്ടില്ല.
കോടതി: (പേജ് 188, വിധി) - "സിസ്റ്റർ എക്സിൻ്റെ സഹോദരീപുത്രൻ്റെ ആദ്യകുർബാന കുടുംബത്തിലെ ആഹ്ലാദഭരിതമായ ചടങ്ങാണെങ്കിലും, കുട്ടിയുടെ മരിച്ചു പോയ അച്ഛൻ്റെ ഓർമ്മ തീർച്ചയായും എല്ലാവരെയും പിന്തുടർന്നിരിക്കാം." അതുകൊണ്ടാണ് സിസ്റ്റർ എക്സ് കരഞ്ഞതെന്നും മ്ലാനവദനയായി കാണപ്പെട്ടതെന്നും എങ്ങനെയാണു കോടതി കണ്ടെത്തുക? എവിടെയാണ് ആ മനസറിയും യന്ത്രം?
കോടതി: (തൊട്ടടുത്ത വാചകത്തിൽ)- "എല്ലാവരും ആഘോഷ മനോഭാവത്തിൽ കൂടിയായിരുന്നു. അതുകൊണ്ട് സിസ്റ്റർ എക്സിൻ്റെ ആഹ്ലാദഭരിതമായതോ മ്ലാനമായതോ ആയ മുഖത്തിൽ നിന്ന്, അവളുടെ യഥാർത്ഥ മാനസിക വ്യാപാരങ്ങൾ എന്തായിരുന്നു എന്നു കണ്ടെത്താൻ കഴിയില്ല." പിന്നെന്തിനാണ് സിസ്റ്റർ എക്സിനെ കോടതി മുമ്പാകെ വിസ്തരിക്കുന്നതും അവൾ മനസു തുറക്കുന്നതും?
കോടതി: (തൊട്ടടുത്ത വാചകങ്ങളിൽ) - "മുഖം മനസിൻ്റെ കണ്ണാടിയാവുകയും, നിശബ്ദയായിരിക്കെത്തന്നെയും നയനങ്ങൾ ആത്മരഹസ്യങ്ങളെ വെളിപ്പെടുത്തുകയും ചെയ്തിരുന്ന വിശുദ്ധ ജെറോമിൻ്റെ കാലം കഴിഞ്ഞു പോയിരിക്കുന്നു. ഇന്നു മുഖം എന്നതു വികാരങ്ങളെ മറയ്ക്കാനുള്ള ഉപകരണമാണ്. മനുഷ്യൻ വികാരങ്ങളെ ഒളിപ്പിക്കാൻ വൈദഗ്ദ്ധ്യം നേടിയിരിക്കുന്നു. അതുകൊണ്ട് സിസ്റ്റർ എക്സിൻ്റെ മുഖഭാവങ്ങളിൽ നിന്ന് ഒരു തീരുമാനത്തിലും എത്തിച്ചേരാൻ കഴിയില്ല." ശരി. എങ്കിൽ പിന്നെ വിധിയുടെ അവസാനഭാഗത്ത് പേജ് 239-ൽ, സിസ്റ്റർ എക്സിനെ സംശയിക്കാനായുള്ള ആദ്യകാരണമായി കോടതി താഴെ പറയും പ്രകാരം എഴുതി വച്ചിരിക്കുന്നതിൻ്റെ അർത്ഥമെന്താണ്?
"എക്സിബിറ്റ് D7 വീഡിയോയിൽ (ആദ്യകുർബാനയുടെ വീഡിയോ) നിന്ന്, ആരോപിക്കപ്പെട്ട പീഡനത്തിൻ്റെ തൊട്ടടുത്ത ദിവസങ്ങളിൽ സിസ്റ്റർ എക്സ് പ്രതിയുമായി അടുത്തിടപഴകി എന്നു കാണാവുന്നതാണ്." സിസ്റ്റർ എക്സ് ആദ്യകുർബാനക്കിടയിൽ പള്ളിക്കു പുറകിൽ പോയി കരയുകയും മ്ലാനവദനയായി ചടങ്ങിൽ പങ്കെടുത്തതുമൊക്കെ മുമ്പു പറഞ്ഞത് നീക്കിനിർത്തിയിട്ട്, 'അടുത്തിടപഴകി' എന്നു മാത്രം ഒരൊറ്റ വാചകത്തിൽ പറഞ്ഞ്, സിസ്റ്റർ എക്സിനെ സംശയിക്കാനുള്ള ആദ്യ കാരണമായി ചേർത്തിരിക്കുന്നത് എന്ത് ഉദ്ദേശ്യത്തിലും അടിസ്ഥാനത്തിലുമാണ്? ഓർക്കുക, ദൈവത്തിൻ്റെ പ്രതിപുരുഷനായ, പിതൃതുല്യനായ ബിഷപ്പിൻ്റെ പൂർണ്ണ അധീനതയിലായിരുന്നു അവൾ.
Recommended Video
ആ പിതാവ് ആദ്യകുർബാനയുടെ തലേന്നു രാത്രിയും അന്നു രാത്രിയും കുറവിലങ്ങാട് കന്യാമഠത്തിൽ വന്നു താമസിച്ചാണ് ആദ്യമായി തന്നെ ബലാൽസംഗം ചെയ്തതെന്നാണ് സിസ്റ്റർ എക്സിൻ്റെ കേസ്. ആ പറയുന്ന 5.5.2014, 6.5.2014 തീയതികളിൽ താൻ അവിടെ വന്നു താമസിച്ചിട്ടേയില്ലെന്ന പച്ചക്കള്ളമാണ് ബിഷപ്പ് കോടതിയിൽ പറഞ്ഞത്. ബിഷപ്പ് അപ്പറഞ്ഞതു പച്ചക്കള്ളമാണെന്നു കോടതിയിൽ തെളിയിക്കപ്പെട്ടു. അയാൾ ആ തീയതികളിൽ ആ കന്യാമഠത്തിൽ താമസിച്ചതായി സംശയലേശമന്യേ തെളിഞ്ഞതായി കോടതി കണ്ടെത്തി. പക്ഷേ ബിഷപ്പ് മാന്യനാണ്. പച്ചക്കള്ളം പറഞ്ഞ മാന്യനായ ബിഷപ്പിനെയാണു നിങ്ങൾക്കു വിശ്വാസമെങ്കിൽ, ഹാ... കർത്താവിനു വിധിക്കപ്പെട്ടതും കുരിശു തന്നെയായിരുന്നു.
ഫ്രാങ്കോമാർ പനപോലെ വളർത്തപ്പെടുമെന്നോ, കർത്താവേ?












Click it and Unblock the Notifications