പിവി അൻവറിനൊപ്പം ചേരുമോ? തള്ളിപ്പറയാതെ കാരാട്ട് റസാഖ്, 'പറഞ്ഞതിൽ സത്യമുണ്ടെന്ന് ബോധ്യപ്പെട്ടു'
കോഴിക്കോട്: പിവി അൻവറിന്റെ നിലപാടുകൾ തള്ളാതെ മുൻ കൊടുവള്ളി എംഎൽഎ കാരാട്ട് റസാഖ്. അൻവർ പറഞ്ഞ കാര്യങ്ങളിൽ കഴമ്പുണ്ടെന്നും അതുകൊണ്ടാണ് അന്വേഷണം നടത്തുന്നതെന്നും കാരാട്ട് റസാഖ് പറഞ്ഞു. മനോരമ ഓൺലൈനിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. താനൊരിക്കലും അൻവറിനെ തള്ളിപ്പറഞ്ഞിട്ടില്ലെന്നും കാരാട്ട് റസാഖ് പറഞ്ഞു.
നേരത്തെ പിവി അൻവറിനെയും കെടി ജലീലിനെയും പോലെ തന്നെ ഇടത് സ്വാതന്ത്ര്യനായി നിന്ന് നിയമസഭയിൽ എത്തിയ വ്യക്തിയാണ് കാരാട്ട് റസാഖ്. 2016ൽ നടന്ന തിരഞ്ഞടുപ്പിലായിരുന്നു കൊടുവള്ളി മണ്ഡലത്തിൽ നിന്നും റസാഖ് തിരഞ്ഞെടുക്കപ്പെട്ടത്. ഇടക്കാലത്ത് പാർട്ടിയുമായി അദ്ദേഹം അത്ര നല്ല ബന്ധത്തിൽ അല്ലെന്ന് വാർത്തകൾ വന്നെങ്കിലും അതൊക്കെയും തള്ളിയിരുന്നു കാരാട്ട് റസാഖ്.

അൻവറിന്റെ ആരോപണങ്ങൾ ശരിയാണെന്ന് ബോധ്യമുണ്ട്, അതുകൊണ്ടാണ് കൂടെ നിന്നത്. എന്നാൽ ഇപ്പോൾ അൻവറിന്റെ ആരോപണങ്ങളിൽ പാർട്ടിയും മുഖ്യമന്ത്രിയും ഒരു നിലപാട് എടുത്തിട്ടുണ്ട്. അതിനാലാണ് നിലപാടിൽ മാറ്റം വരുത്തിയതെന്നും കാരാട്ട് റസാഖ് പറയുന്നു. മുഖ്യമന്ത്രിക്കെതിരെ പറഞ്ഞത് തെറ്റായിപോയെന്നല്ല. പാർട്ടി നിലപാട് സ്വീകരിച്ചപ്പോൾ വിവാദങ്ങൾ അവിടെ അവസാനിക്കണമായിരുന്നുവെന്ന് കാരാട്ട് റസാഖ് പറഞ്ഞു.
അൻവറിന്റെ ആരോപണങ്ങളിൽ കഴമ്പുള്ളത് കൊണ്ടാണ് ഉദ്യോഗസ്ഥരെ മാറ്റുകയും സസ്‌പെൻഷൻ അടക്കമുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്‌തതെന്നും റസാഖ് ചൂണ്ടിക്കാട്ടി. അൻവറിനെ പിൻതുണയ്ക്കുമോ എന്ന കാര്യത്തിൽ ഇപ്പോൾ ഒരു നിലപാട് പറയാൻ കഴിയില്ലെന്നാണ് കാരാട്ട് റസാഖ് പറയുന്ന മറുപടി.ഭാവിയിൽ അത്തരമൊരു നീക്കം ഉണ്ടായാലും അത്ഭുതപ്പെടാനില്ലെന്ന സൂചനയാണ് ഇതെന്ന് വായിക്കാം.
മുസ്ലീം ആയതിന്റെ പേരിൽ സിപിഎമ്മിൽ നിന്ന് മോശം അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടില്ലെന്നാണ് കാരാട്ട് റസാഖ് പറയുന്നത്. ഒരിക്കൽ പോലും മുസ്ലീം ആയതിന്റെ പേരിൽ മാറ്റി നിർത്തിയിട്ടില്ലെന്നും അദ്ദേഹം പറയുന്നു. നിസ്‌കാരം നടത്തുന്നത് കൊണ്ട് ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ലെന്നും വ്യവസായി കൂടിയായ അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, പിവി അൻവർ എൽഡിഎഫിൽ നിന്ന് പുറത്ത് പോയതിന് പിന്നാലെ മറ്റ് ഇടത് സ്വതന്ത്രരും അദ്ദേഹത്തിനൊപ്പം ചേരുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. മുൻ മന്ത്രി കൂടിയായ കെടി ജലീൽ ഉൾപ്പെടെയുള്ള നേതാക്കളുടെ പേരാണ് ഈ ഘട്ടത്തിൽ ഉയർന്നുവന്നത്. ഇക്കൂട്ടത്തിൽ കാരാട്ട് റസാഖിന്റെ പേരും വന്നിരുന്നു. അതിനിടെ റസാഖ് ആവട്ടെ അൻവറിന് പിന്തുണ അറിയിക്കുകയും ചെയ്‌തു.
എന്നാൽ പിന്നീട് നിലപാട് മയപ്പെടുത്തിയ റസാഖ് താനൊരു ഇടത് സഹയാത്രികൻ ആണെന്നും പാർട്ടിയുടെയും മുഖ്യമന്ത്രിയുടെയും നിലപാട് തന്നെയാണ് തന്റേതെന്നും പറഞ്ഞിരുന്നു. എന്നിട്ടും അൻവറിനെ പൂർണമായി തള്ളിപ്പറയാൻ കാരാട്ട് റസാഖ് കൂട്ടാക്കിയില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. അതുകൊണ്ടാണ് ഇടത് കേന്ദ്രങ്ങൾ സ്വതന്ത്രരുടെ നിലപാടുകൾ ജാഗ്രതയോടെ വീക്ഷിക്കുന്നത്.












Click it and Unblock the Notifications