ചിത്രകാരന്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു; വിട വാങ്ങിയത് 97ാം വയസ്സില്‍
മലപ്പുറം: പ്രശസ്ത ചിത്രകാരന്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയായിരുന്നു അന്ത്യം. അദ്ദേഹത്തിന് 97 വയസ്സായിരുന്നു. മലയാള സാഹിത്യത്തില്‍ പല കഥാപാത്രങ്ങളുടെയും രൂപഭാവങ്ങള്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ വരകളിലൂടെയാണ് വായനക്കാര്‍ മനസ്സിലാക്കിയത്. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്നായിരുന്നു നമ്പൂതിരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വാര്‍ധക്യ സഹജമായ രോഗങ്ങളാല്‍ ദിവസങ്ങളായി ചികിത്സയിലായിരുന്നു അദ്ദേഹം. വരകളുടെ ലോകത്തെ പകരക്കാരനില്ലാത്ത നമ്പൂതിരി 1925, സെപ്റ്റംബര്‍ 13ന് പരമേശ്വരന്‍ നമ്പൂതിരിയുടെയും, ശ്രീദേവി അന്തര്‍ജനത്തിന്റെയും മകനായിട്ടായിരുന്നു ജനിച്ചത്.
കേരളത്തിലെ ചിത്രകലയുടെ സുവര്‍ണ അധ്യായത്തിനാണ് നമ്പൂതിരിയുടെ വിയോഗത്തോടെ അന്ത്യമാകുന്നത്. കെസിഎസ് പണിക്കര്‍, റോയ് ചൗധരി, എസ് ധനപാല്‍ തുടങ്ങുയ പ്രഗല്‍ഭരുടെ ശിഷ്യനായി.

മദ്രാസ് ഫൈന്‍ ആര്‍ട്ട്‌സില്‍ നിന്നായിരുന്നു അദ്ദേഹത്തിന്റെ വളര്‍ച്ച. കെസിഎസ് ചോളമണ്ഡലം കലാഗ്രാമം സ്ഥാപിച്ചപ്പോള്‍ അതിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു. 1960ല്‍ അദ്ദേഹം മാതൃഭൂമിയില്‍ ചേര്‍ന്നു. എംടിയും, വികെഎന്നും, അടക്കമുള്ള ഒട്ടു മിക്ക എഴുത്തുകാരുടെയും, രചനകള്‍ക്ക് വേണ്ടി വരച്ചു. കലാകൗമുദിയിലും സമകാലിക മലയാളത്തിലും അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. സാഹിത്യ രചനകള്‍ക്ക് നമ്പൂതിരി ചിത്രം വരയ്ക്കണമെന്ന് പല എഴുത്തുകാരും നിര്‍ബന്ധം പിടിച്ചിരുന്നു.
വരയുടെ പരമശിവന്‍ എന്നാണ് വികെഎന്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരിയെ വിശേഷിപ്പിച്ചിരുന്നത്. എംടിയുടെ രചനകള്‍ക്ക് നമ്പൂതിരി വരച്ച ചിത്രങ്ങള്‍ ഏറെ പ്രശസ്തമാണ്. മോഹന്‍ലാലിന്റെ ആവശ്യപ്രകാരം ശങ്കരാചാര്യരുടെ സൗന്ദര്യലഹരി അടിസ്ഥാനമാക്കി വരച്ച പെയിന്റിംഗും ഏറെ പ്രശസ്തമാണ്. എംടിയുടെ രണ്ടാമൂഴത്തിലെ ദ്രൗപദിയും മറ്റ് കഥാപാത്രങ്ങളും അതുപോലെ പ്രശസ്തി നേടിയതാണ്.
അരവിന്ദന്റെ ഉത്തരായനം, കാഞ്ചനസീത തുടങ്ങിയ സിനിമകളുടെ കലാസംവിധായകനായും പ്രവര്‍ത്തിച്ചിരുന്നു അദ്ദേഹം. കലാ സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും അദ്ദേഹം നേടിയിട്ടുണ്ട്. കേരള ലളിതകലാ അക്കാദമിയുടെ രാജാ രവിവര്‍മ പുരസ്‌കാരം, സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ബാലസാഹിത്യ അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചു.












Click it and Unblock the Notifications