പ്രശസ്ത സംഗീത സംവിധായകൻ കൈതപ്രം വിശ്വനാഥന്‍ അന്തരിച്ചു
കോഴിക്കോട്: പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ കൈതപ്രം വിശ്വനാഥന്‍ അന്തരിച്ചു. 58 വയസ്സായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. അദ്ദേഹം അര്‍ബുദ രോഗത്തിന് ചികിത്സയില്‍ കഴിയുകയായിരുന്നു. പ്രമുഖ സംഗീത സംവിധായകനും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ സഹോദരനാണ്. തിളക്കം, കണ്ണകി, ദൈവനാമത്തിൽ, ഏകാന്തം അടക്കം മലയാളത്തില്‍ ഇരുപതിലേറെ സിനിമകള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്. കണ്ണകിയിലൂടെ മികച്ച പശ്ചാത്തല സംഗീതത്തിനുളള സംസ്ഥാന പുരസ്‌ക്കാരം കൈതപ്രം വിശ്വനാഥന് ലഭിച്ചിട്ടുണ്ട്.
ജയരാജ് സംവിധാനം ചെയ്ത കണ്ണകിയിലൂടെയാണ് കൈതപ്രം വിശ്വനാഥന്‍ സിനിമയില്‍ സ്വതന്ത്ര സംഗീത സംവിധായകനാകുന്നത്. അതിന് മുന്‍പ് കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്കൊപ്പം പ്രവര്‍ത്തിച്ചിരുന്നു. കൈതപ്രം ദാമോദരന്‍ നമ്പൂതിരി സംഗീത സംവിധാനവും ഗാനരചനയും നിര്‍വ്വഹിച്ച ജയരാജ് ചിത്രമായ ദേശാടനത്തില്‍ ജ്യേഷ്ഠനെ സഹായിച്ച് കൊണ്ടാണ് കൈതപ്രം വിശ്വനാഥന്‍ സിനിമാ രംഗത്തേക്ക് അരങ്ങേറിയത്.
കണ്ണകിയിലും കിലുക്കത്തിലും കൈതപ്രം വിശ്വനാഥന്‍ സംഗീതം നല്‍കിയ ഗാനങ്ങള്‍ വലിയ ഹിറ്റായിരുന്നു. കരിനീലക്കണ്ണഴകീ കണ്ണകീ, നീയൊരു പുഴയായ് തഴുകുമ്പോള്‍ ഞാന്‍, സാറേ സാറേ സാമ്പാറേ തുടങ്ങിയ ഗാനങ്ങളൊക്കെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. കയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം, എനിക്കൊരു പെണ്ണുണ്ട്, ആടെടീ ആടാടെടി ആലിലക്കിളിയേ തുടങ്ങിയ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു.
1963ല്‍ കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരിന് സമീപത്തുളള കൈതപ്രം എന്ന സ്ഥലത്താണ് അദ്ദേഹം ജനിച്ചത്. കണ്ണാടി ഇല്ലത്ത് കേശവന്‍ നമ്പൂതിരിയാണ് അച്ഛന്‍. അദ്ദേഹം സംഗീതജ്ഞനായിരുന്നു. ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ശിഷ്യന്‍ കൂടിയായിരുന്നു അച്ഛന്‍. അദിതി അന്തര്‍ജനമാണ് അമ്മ. കുടുംബത്തിലെ ഇളയ മകന്‍ ആയിരുന്നു കൈതപ്രം വിശ്വനാഥന്‍. സ്‌കൂള്‍ പഠനം മാതമംഗലം ഹൈസ്‌കൂളിലായിരുന്നു. തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വാതി തിരുനാള്‍ സംഗീത കോളേജില്‍ നിന്ന് ഗാനഭൂഷണം പാസ്സായി. പയ്യന്നൂരില്‍ ശ്രുതിലയം എന്ന പേരില്‍ സംഗീത വിദ്യാലയം നടത്തിയിരുന്നു. ഗൗരി അന്തര്‍ജനം ആണ് ഭാര്യ. അദിതി, നര്‍മദ, കേശവ് എന്നിവരാണ് മക്കള്‍.