
തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട ആത്മഹത്യയുടെ കണക്കുകൾ ഞെട്ടിപ്പിക്കുന്നത്: വികെ സനോജ്
ദില്ലി: രാജ്യത്തെ തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട ആത്മഹത്യയുടെ കണക്കുകൾ ഞെട്ടിപ്പിക്കുന്നതാണെന്ന് ഡി വൈ എഫ് ഐ നേതാവ് വി കെ സനോജ്. 2021- ൽ മാത്രം രാജ്യത്ത് ആത്യമഹത്യ ചെയ്തത് 1,64,033 പേരാണെന്നും ഇതിൽ നാലിലൊന്നും ദിവസക്കൂലിക് പണിയെടുക്കുന്നവരാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. നാഷണൽ ക്രൈം റെക്കോർഡ് ബ്യുറോയുടെ കണക്കനുസരിച്ച് നാല്പത്തിനായിരത്തിൽ പരം ദിവസക്കൂലിക്കാരായ അസംഘടിത തൊഴിലാളികൾ കഴിഞ്ഞ വർഷം മാത്രം ആത്മഹത്യ ചെയ്തു. തൊട്ടു മുന്നേയുള്ള വർഷങ്ങളുമായി താരതമ്യം ചെയ്താൽ ആത്മഹത്യയുടെ തോത് വർധിച്ചു കൊണ്ടിരിക്കുകയാണ്. ഇതിന്റെ കൂടെ രാജ്യത്തെ വിദ്യാർത്ഥികൽക്കിടയിലും ആത്മഹത്യാ നിരക്ക് കൂടി കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
മമ്മൂട്ടിയുടേത് വെറും പ്രസ്താവന മാത്രം: മധുവിന് വേണ്ടി വക്കീലിനെ വെച്ചില്ലെന്ന് സമര സമിതി നേതാവ്
കഴിഞ്ഞ മൂന്ന് ദശകങ്ങളായി നവലിബറലിസം ഇന്ത്യൻ യുവതയ്ക്ക് സമ്മാനിച്ച തൊഴിൽ രാഹിത്യം അതിന്റെ ഏറ്റവും ഉയർന്ന തലത്തിൽ എത്തി നിൽക്കുന്ന സമയമാണ് ഈ മോദി കാലം. കോവിഡ് മഹാമാരിക്ക് മുന്നേ തന്നെ നടുവൊടിഞ്ഞ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ നാലര പതിറ്റാണ്ടിലെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നിരക്കാണ് രാജ്യത്തിനു സമ്മാനിച്ചത്. ആ റിപ്പോർട് പൂഴ്ത്തി വച്ച് കൊണ്ട് ഗവണ്മെന്റിനു തൊഴിൽ പ്രശ്നത്തെ ഇല്ലാതാക്കാൻ സാധിക്കില്ല. നോട്ട് നിരോധനം,ജി.എസ്.ടി അടക്കമുള്ള സാമ്പത്തിക പരിഷ്‌കാരങ്ങൾ സാമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിക്കുകയും കോടിക്കണക്കിനു പേരെ തൊഴിൽ രഹിതയ്ക്കുകയും ചെയ്തു. അതിനോടപ്പം തന്നെ വരുമാനം സഹസ്ര കോടിയിലേക്ക് വളരുന്ന ഇന്ത്യൻ കോർപ്പറേറ്റുകൾക്ക് അടിമ ജോലി ചെയ്യാൻ തൊഴിൽ നിയമങ്ങളെ പൊളിച്ചെഴുതി തൊഴിലാളികളെ എരി തീയിൽ നിന്ന് വറച്ചട്ടിയിലേക്ക് തള്ളിയിടുകയും ചെയ്തു.
ഏറ്റവും കൂടുതൽ പേര് തൊഴിൽ ചെയ്തിരുന്ന കാർഷിക മേഖല ഇന്ന് ഊർദ്ധശ്വാസം വലിക്കുകയാണ്.മൊത്തം തൊഴിൽ മേഖലയിൽ നാൽപ്പത്തി മൂന്ന് ശതമാനം തൊഴിലാളികൾക്കുള്ള കാർഷിക മേഖലയും ഇന്ത്യയുടെ ആഭ്യന്തര ഉത്പാദനത്തിന്റെ എഴുപത്തി നാല് ശതമാനം സംഭാവന ചെയ്യുന്ന സേവന മേഖലയിലും തൊഴിലവസരങ്ങൾ ഇടിയുകയും തൊഴിലാളികളുടെ വേതനം വളരെ തുച്ചമാകുകയും ചെയ്തു. 2018-19 -ലെ കണക്കുകൾ പ്രകാരം, ആകെ ജോലി ചെയ്തിരുന്ന 46.7 കോടി ആളുകളിൽ 37.8 കോടി ആളുകൾ അസംഘടിത മേഖലയിലാണ്. സംഘടിത മേഖലയിൽ ജോലി ചെയ്യുന്ന 8.7 ആളുകളിൽ 3.8 കോടി പേര് അനൗപചാരികമെന്നു വിശേഷിപ്പിക്കാവുന്ന കരാർ തൊഴിലാളികളാണ്. ശുഷ്കമായ തൊഴിൽ സുരക്ഷയും വേതനത്തിലെ ഇടിവും കഠിനമായ ജോലികളും തൊഴിലാളികൾക്കിടയിൽ വലിയ മാനസിക ആഘാതവും വിഷാദവും ആത്മഹത്യയും സമ്മാനിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
നവലിബറൽ സാമ്പത്തിക നയങ്ങളുടെ ഇരകളാണ് ഇന്ത്യൻ തൊഴിലാളികളും യുവാക്കളും. ലോകത്തിലെ ഏറ്റവും വലിയ ലേബർ ഫോഴ്സായ ഇന്ത്യയിൽ എത്ര തൊഴിലാളികൾ മരിച്ചു വീണാലും വീണ്ടും വീണ്ടും തൊഴിലാളികൾ വന്നു കൊണ്ടേയിരിക്കും എന്ന ആത്മവിശ്വാസമാണ് കോർപ്പറേറ്റുകൾക്കും അവർ തീറ്റി പോറ്റുന്ന കേന്ദ്ര സർക്കാരിനും.
നവലിബറൽ നയങ്ങൾക്കെതിരെ ഇന്ത്യൻ യുവതയും തൊഴിലാളി വർഗ്ഗവും രാഷ്ട്രീയമായി സംഘടിക്കുക എന്നത് മാത്രമാണ് നമ്മുടെ മുന്നിലെ പോംവഴിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.