സെക്രട്ടറിയേറ്റിന് മുന്നിൽ സംഘർഷം; പ്രതിഷേധവുമായി പ്രതിപക്ഷം.. കെ സുരേന്ദ്രൻ അറസ്റ്റിൽ!!
തിരുവനന്തപുരം; പ്രോട്ടോക്കോൾ വിഭാഗത്തിൽ തീപിടുത്തം ഉണ്ടായതിന് പിന്നാലെ സെക്രട്ടറിയേറ്റ് വളപ്പിൽ പ്രതിപക്ഷ പ്രതിഷേധം. സംഭവത്തിൽ ദുരൂഹത ആരോപിച്ച് പ്രതിഷേധിച്ച ബിജെപി നേതാക്കളെ സംഘർഷ സാധ്യത കണക്കിലെടുത്ത് അറസ്റ്റ് ചെയ്ത് നീക്കി. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, സംസ്ഥാന ജനറല്‍ സെക്രട്ടറി പി സുധീര്‍, സംസ്ഥാന സെക്രട്ടറി സി ശിവന്‍കുട്ടി, ജില്ലാ അധ്യക്ഷന്‍ വിവി രാജേഷ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പൊതുഭരണ വകുപ്പില്‍ പ്രോട്ടോകോള്‍ വിഭാഗത്തില്‍ ഉണ്ടായ തീപിടിത്തത്തില്‍ ദുരൂഹതയുണ്ടെന്ന് സുരേന്ദ്രന്‍ ആരോപിച്ചു.. സ്വര്‍ണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട സുപ്രധാനമായ നിരവധി ഫയലുകള്‍ പ്രോട്ടോകോള്‍ വിഭാഗത്തിലാണുള്ളത്. തീപിടിത്തം അട്ടിമറിയാണെന്നും സുരേന്ദ്രൻ പറഞ്ഞു..
ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത നേരിട്ടെത്തി പൊതു പ്രവര്‍ത്തകരും മാധ്യമങ്ങളും സെക്രട്ടേറിയറ്റു പരിസരത്തു നിന്ന് പോകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്നാണ് പോലീസ് നടപടിയാരംഭിച്ചത്. തീപിടിത്തമുണ്ടായ സ്ഥലം ആരും കാണാന്‍ പാടില്ലെന്ന ചീഫ് സെക്രട്ടറിയുടെ നിലപാടിലും ദുരൂഹതയുണ്ട്. തീപിടിത്തത്തിന്റെ മറവില്‍ സുപ്രധാന ഫയലുകള്‍ നഷ്ടപ്പെടാനും സാധ്യതയേറെയാണെന്നും സുരേന്ദ്രൻ പറഞ്ഞു.
സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ് അന്വേഷണം മുഖ്യമന്ത്രി പിണറായി വിജയനിലേക്കും മന്ത്രി കെ.ടി ജലീലേക്കും വരുമെന്നായപ്പോള്‍ സര്‍ക്കാര്‍ തന്നെ ഫയലുകള്‍ക്ക് തീയിടുകയാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു .എല്ലാ തെളിവുകളും നശിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് പലതും ചെയ്തുകൊണ്ടിരിക്കുന്നത്. പ്രോട്ടോകോള്‍ ഓഫീസര്‍ ഷൈന്‍ ഹഖിനെ രക്ഷിക്കാനുള്ള ശ്രമമാണിത്. ഫോറന്‍സിക് വിദഗ്ധര്‍ എത്തി അന്വേഷണം നടത്തണം. കേരളത്തില്‍ ഇപ്പോള്‍ ഭീദിതമായ സ്ഥിതിവിശേഷമാണ് നിലനില്‍ക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയവും എന്‍ഐഎയും ഇതേക്കുറിച്ച് അന്വേഷണം നടത്തണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
അതേസമയം സംഭവത്തിൽ നിഷ്പക്ഷായ അന്വേഷണം നടത്തുമെന്നും എന്താണ് സംഭവിച്ചതെന്ന് വിവരം ലഭിച്ചിട്ടില്ലെന്നും ചീഫ് സെക്രട്ടറി ബിശ്വാസ് നേത്ത മാധ്യമങ്ങളോട് പറഞ്ഞു. ചീഫ് സെക്രട്ടറി തന്നെ സ്ഥലത്തെത്തി മാധ്യമങ്ങളോട് പുറത്ത് പോകാൻ ആവശ്യപ്പെട്ടത് വിവാദത്തിന് കാരണമായിട്ടുണ്ട്. ഇപ്പോൾ ഇവിടേക്ക് കൂടുതൽ കോൺഗ്രസ് ബിജെപി നേതാക്കളും പ്രവർത്തകരും എത്തിക്കൊണ്ടിരിക്കുകയാണ്.സെക്രട്ടറിയേറ്റിന് മുന്നിൽ വി.എസ്.ശിവകുമാർ എംഎൽഎ യും വിടിബൽറാമും യുഡിഎഫ് നേതാക്കളും കുത്തിയിരിപ്പ് സമരം നടത്തുകയാണ്. സ്ഥലത്തേക്ക് കടത്തി വിടാത്തതിലാണ് പ്രതിഷേധം.