അയാൾ ഞാനല്ല....!! നിഷാന്ത് എന്ന ആണിൽ നിന്നും സാറയെന്ന പെണ്ണിലേക്ക്...!! ചരിത്രം വഴിമാറുന്നു...!!!

  • Posted By:
Subscribe to Oneindia Malayalam

എത്രയൊക്കെ പുരോഗമനം പ്രസംഗിക്കുമ്പോഴും ചിലതൊന്നും ഉൾക്കൊള്ളാൻ നമ്മുടെ സമൂഹം ഇനിയും പാകപ്പെട്ടിട്ടില്ല. ആണും പെണ്ണും ഒരുമിച്ചിരിക്കുന്നത് കാണുമ്പോൾ പോലും സദാചാരം പൊട്ടിയൊലിക്കുന്ന ആളുകൾ കൂടിവരുന്ന ഒരു കാലത്ത്, ചില അടയാളപ്പെടുത്തലുകൾ അത്യാവശ്യമായി വന്നിരിക്കുന്നു. ആണിനേയും പെണ്ണിനേയും മനസ്സിലാവാത്ത സമൂഹത്തിന്, മനുഷ്യന് ഇത് രണ്ടുമല്ലാത്ത അവസ്ഥകളുമുണ്ട് എന്ന യാഥാർത്ഥ്യം വെറും ചാന്ത്പൊട്ട് തമാശ മാത്രമാണ്. എങ്കിലും പ്രതീക്ഷയുടെ ചില ഉറവകൾ എവിടെയൊക്കെയോ ഉണ്ട്. സാറാ ഷെയ്ക്കയെപ്പോലെ, പ്രിതിക യാഷിനിയെപ്പോലെ , കരുത്തുറ്റ ചില ഓർമ്മപ്പെടുത്തലുകൾ.

സാറ ഷെയ്ക്കയെന്ന പേരിൽത്തന്നെയുണ്ട് ഒരു കൌതുകം. പക്ഷേ പേരിലെ സൌന്ദര്യം സാറയും ജീവിതത്തിൽ ഉണ്ടായിരുന്നില്ല. അടുത്തിടെ വരെ. എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ എന്ന വിജയന്റെ ഡയലോഗ് പോലെ, ഇത് സാറയുടെ സമയമാണ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി നേടുന്ന കേരളത്തിലെ ആദ്യ ഭിന്നലിംഗക്കാരിക്ക് ചിലതൊക്കെ പറയാനുണ്ട്. അത് കേൾക്കാൻ ബാധ്യസ്ഥരാണ് നമ്മളോരോരുത്തരും. സാറ ഷെയ്ക്ക വൺ ഇന്ത്യയോട് മനസ്സ് തുറക്കുന്നു.

അയാൾ ഞാനല്ല...

അയാൾ ഞാനല്ല...

തിരുവനന്തപുരത്താണ് സാറയുടെ ജനനം. കുട്ടിക്കാലം മുതൽക്കേ മനസ്സ് പെണ്ണിന്റേതും ഉടൽ ആണിന്റേതുമായിട്ടായിരുന്നു ജീവിതം. വീട്ടുകാർക്ക് തന്നെ ആൺകുട്ടി ആയിട്ടല്ലാതെ ഒരു ഭിന്നലിംഗക്കാരിയായി അംഗീകരിക്കുന്ന കാര്യം ചിന്തിക്കാൻ പോലും സാധ്യമായിരുന്നില്ലെന്ന് സാറ പറയുന്നു.. വർഷങ്ങളോളം ഞാൻ എന്നെത്തന്നെ ഒളിപ്പിച്ചുവെച്ച് ജീവിക്കുകയായിരുന്നു. പഠിക്കുമ്പോഴും മുൻപ് ജോലി ചെയ്തിരുന്ന ഇടങ്ങളിലുമെല്ലാം ഞാൻ നിഷാന്ത് ആയിരുന്നു. പക്ഷേ അയാൾ ഒരിക്കലും ഞാൻ അല്ലായിരുന്നു.

പ്യൂപ്പയിൽ നിന്നും പുറത്തേക്ക്

പ്യൂപ്പയിൽ നിന്നും പുറത്തേക്ക്

ഞാനൊരു ട്രാൻസ്ജെൻഡറാണ് എന്ന് ലോകത്തോട് വിളിച്ച് പറഞ്ഞിട്ടിപ്പോൾ രണ്ടരവർഷം ആവുന്നതേ ഉള്ളൂ. അത് വല്ലാത്തൊരു മാറ്റമായിരുന്നു. സാറയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ വെല്ലുവിളി ഒരു ജോലി ലഭിക്കുക എന്നതായിരുന്നു. എന്റെ കഴിവിൽ എനിക്ക് പൂർണബോധ്യം ഉണ്ടായിരുന്നു. പക്ഷേ എന്റെ വ്യക്തിത്വത്തെ അംഗീകരിച്ച് ആര് ജോലി തരും എന്ന ഭയം ഉണ്ടായിരുന്നു. തിരുവനന്തപുരത്തുള്ള രണ്ട് കമ്പനികളിൽ ജോലിക്ക് അവസരം ലഭിച്ചു. ഞാനൊരു ട്രാൻസ്ജെൻഡറാണ് എന്ന് അംഗീകരിക്കാൻ തയ്യാറായത് യുഎസ്ടി ഗ്ലോബൽ എന്ന ഭീമൻ ബഹുരാഷ്ട്ര കമ്പനി ആയിരുന്നു. അതുകൊണ്ട് ആ ജോലി തിരഞ്ഞെടുക്കാൻ മറ്റൊന്നും ആലോചിക്കേണ്ടതായി വന്നില്ല. സീനിയർ എച്ച് ആർ അസ്സോസ്സിയേറ്റ് എന്ന വലിയ ഉത്തരവാദിത്വം എന്നെ കമ്പനി ഏൽപ്പിച്ചിരിക്കുകയാണ്. സാറയുടെ വാക്കുകളിൽ ആത്മവിശ്വാസം നിറഞ്ഞു തുളുമ്പുന്നു.

പരിണാമഘട്ടത്തിലൂടെ...

പരിണാമഘട്ടത്തിലൂടെ...

വീട്ടിലും പഠിക്കുന്ന കാലത്തുമെല്ലാം ആണും പെണ്ണുമല്ല എന്ന വിവേചനം താൻ അനുഭവിച്ചതാണ്. ആറുമാസം മുൻപാണ് വീടുവിടാൻ തീരുമാനിച്ചത്. ഇപ്പോൾ സ്വതന്ത്രയാണ്. തനിക്കിപ്പോൾ നിറയെ അഭിമാനം തോന്നുന്നു. അംഗീകരിക്കപ്പെട്ടതായി തോന്നുന്നു. ജീവിതത്തിലെ ഒരു പരിണാമ ഘട്ടത്തിലൂടെയാണ് താനിപ്പോൾ കടന്നുപോയ്ക്കൊണ്ടിരിക്കുന്നത്. ജീവിച്ച് തുടങ്ങുന്നതായി ഇപ്പോഴാണ് തോന്നുന്നത്. ഉത്തരവാദിത്വങ്ങൾ ഏറെയുണ്ട്. എല്ലാം വരുന്നിടത്ത് വെച്ച് കാണാം എന്നതാണ് സാറയുടെ പോളിസി. ജീവിതത്തിൽ ഒട്ടേറെ കനൽപ്പാതകൾ താണ്ടിയ ഒരാൾക്ക് അങ്ങനെയാവനല്ലേ കഴിയൂ. സമൂഹം മാറ്റിനിർത്തിയപ്പോഴും കരുത്തായി കൂടെ നിന്ന ചിലരെ സാറ നന്ദിയോടെ ഓർക്കുന്നു. എൽജിബിടി സമൂഹത്തെ സഹായിക്കുന്ന എച്ച് ആർ റിക്രൂട്ടറും സാറയുടെ സുഹൃത്തുമായ സ്മൃതിയാണ് അവരിലൊരാൾ. മറ്റൊന്ന് കൊച്ചിയിലെ സഹജ് ഇന്റർനാഷണൽ എന്ന സ്ഥാപനവും.

നൌഷാദിൽ നിന്നും സാറയിലേക്ക്

നൌഷാദിൽ നിന്നും സാറയിലേക്ക്

നല്ല ജോലിയും വരുമാനവും ലഭിക്കുന്നതോടെ സാറയ്ക്ക് ലക്ഷ്യങ്ങളേറെയുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് പൂർണമായും സ്ത്രീയായി മാറുക എന്നതാണ്. ലിംഗമാറ്റ ശസ്ത്രക്രിയ അടുത്ത വർഷം തന്നെ നടത്തി സ്വയം വീണ്ടെടുക്കാനുള്ള ഒരുക്കത്തിലാണ് സാറ. രണ്ടര വർഷം മുൻപ് താനൊരു ആണല്ലെന്നും ഭിന്നലിംഗമാണെന്നും വെളിപ്പെടുത്തിയപ്പോൾ സാറയ്ക്ക് ലഭിച്ച പ്രതികരണങ്ങൾ അമ്പരപ്പിക്കുന്നതായിരുന്നു. 800 പേരുണ്ടായിരുന്ന ഫേസ്ബുക്ക് സുഹൃത്തുക്കളുടെ എണ്ണം ഒറ്റയടിക്ക് 80 ആയി കുറഞ്ഞു. ഇപ്പോൾ വളരെ സെലക്ടീവ് ആയി മാത്രമേ ഫ്രണ്ട് റിക്വസ്റ്റുകൾ സ്വീകരിക്കുന്നുള്ളൂ എന്ന് സാറ ചിരിയോടെ പറയുന്നു. ജോലിയൊക്കെ ലഭിച്ചപ്പോൾ ഉണ്ടായ വലിയ മാറ്റമെന്നത് താൻ മുൻപ് സുഹൃത്തുക്കളാക്കണമെന്ന് ആഗ്രഹിച്ചവരൊക്കെ ഇപ്പോൾ തനിക്ക് ഫ്രണ്ട് റിക്വസ്റ്റ് അയയ്ക്കുന്നുണ്ട് എന്നതാണ്. അതിൽ അഭിമാനം തോന്നുന്നുവെന്നും സാറ പറയുന്നു.

കരുത്ത് പകർന്ന അനുഭവങ്ങൾ

കരുത്ത് പകർന്ന അനുഭവങ്ങൾ

അനുഭവങ്ങൾ ഒരുപാടുണ്ട് സാറയ്ക്ക് പറയാൻ. വേദനിപ്പിച്ചതിന്റേയും കളിയാക്കി ചിരിച്ചതിന്റേയുമൊക്കെ. ഒരിക്കൽ ചില സ്വകാര്യ ആവശ്യങ്ങൾക്ക് വേണ്ടി എറണാകുളത്തേക്ക് ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു സാറ. അടുത്തിരിക്കുന്നത് രണ്ട് അധ്യാപികമാരായിരുന്നു. എതിർവശത്ത് ഒരു ചെറിയ പെൺകുട്ടിയും അവളുടെ അമ്മയും. തന്നെ കണ്ടപ്പോൾ ആ പെൺകുട്ടി ചിരിക്കാനും അടക്കം പറയാനുമൊക്കെ തുടങ്ങി. ആണാണോ പെണ്ണാണോ എന്ന് ആ കുട്ടി അമ്മയോട് ചോദിക്കുന്നത് താൻ കേട്ടു. മോൾ എത്രാം ക്ലാസ്സിലാണ് പഠിക്കുന്നത് എന്ന് താൻ അവളോട് ചോദിച്ചു. അപ്പോൾ അവളുടെ അമ്മ ഇടപെട്ട് എന്താണ് കാര്യം എന്നന്വേഷിച്ചു. ഞാൻ മകളോട് ഒന്ന് സംസാരിക്കട്ടേ എന്ന് അവരോട് ചോദിച്ചു. ഏഴാം ക്ലാസ്സിലാണ് ആ കുട്ടി പഠിക്കുന്നത്. അടുത്തിരിക്കുന്ന അധ്യാപികമാർ, വേണ്ട സാറാ അവൾ കുട്ടിയല്ലേ, അവൾക്ക് അറിയാഞ്ഞിട്ടല്ലേ എന്ന് തന്നോട് പറഞ്ഞു. പക്ഷേ ഈ പ്രായത്തിൽ തന്നെ വേണം കുട്ടികൾ കാര്യങ്ങൾ മനസ്സിലാക്കാൻ. താൻ അവളോട് പറഞ്ഞു, മോൾ നാളെ സ്കൂളിൽ ചെന്നിട്ട് ടീച്ചറോട് ചോദിക്കണം എന്താണ് ട്രാൻസ്ജെൻഡർ എന്ന്. ഈ പ്രായത്തിൽ അവളത് മനസ്സിലാക്കിയാൽ മാത്രമേ നാളെ തന്നെപ്പോലെ ഒരാളെ കാണുമ്പോൾ അവൾ കളിയാക്കി ചിരിക്കാതിരിക്കൂ. ആ അമ്മ തന്നോട് സോറി പറഞ്ഞു. സോറി പറയേണ്ട ആവശ്യമില്ല പകരം നിങ്ങളുടെ കുഞ്ഞിനെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കുകയാണ് വേണ്ടത്. നിങ്ങളുടെ കുടുംബത്തിൽ പോലും വേണമെങ്കിൽ ഇതുപോലൊരാൾ ഉണ്ടാവാം. അവരെ അംഗീകരിക്കാൻ പഠിപ്പിക്കുകയാണ് വേണ്ടത് എന്ന് അവരോട് പറഞ്ഞു.

മാറാൻ മനസ്സില്ലാത്ത കേരളം

മാറാൻ മനസ്സില്ലാത്ത കേരളം

മുൻപ് അബുദാബിയിലും ചെന്നൈയിലുമെല്ലാം സാറ ജോലി ചെയ്തിട്ടുണ്ട്. അവിടെ ഭിന്നലിംഗക്കാർക്കുള്ളതിനേക്കാൾ മോശമാണ് കേരളത്തിലെ അവസ്ഥയെന്ന് സാറ പറയുന്നു. ഭിന്നലിംഗക്കാർ ഉൾപ്പെടെ സമൂഹത്തിലെ ന്യൂനപക്ഷങ്ങളെ അംഗീകരിക്കാൻ മാത്രം മാനസിക വളർച്ച നേടിയിട്ടില്ല നമ്മുടെ നാട്. ചില സംഭവങ്ങൾ കാണുമ്പോൾ തോന്നിയത് കേരളം മാറുന്നുവെന്നാണ്. പക്ഷേ കഴിഞ്ഞ ദിവസങ്ങളിൽ സൂര്യ അടക്കമുള്ളവർക്ക് നേരിടേണ്ടി വന്ന ആക്രമണം ആ ധാരണയെ വീണ്ടും മാറ്റി. അതേസമയം തനിക്ക് ജോലി ലഭിച്ചതും മെട്രോയിൽ 23 ഭിന്നലിംഗക്കാർക്ക് ജോലി കിട്ടിയതുമെല്ലാം പ്രതീക്ഷ പകരുന്നതാണ്.

തലചായ്ക്കാൻ സ്വന്തമായൊരിടം

തലചായ്ക്കാൻ സ്വന്തമായൊരിടം

താമസിക്കാൻ സ്വന്തമായി ഒരു വീടാണ് ഇനി സാറയ്ക്ക് വേണ്ടത്. ഇപ്പോൾ താമസം കമ്പനി തന്നിരിക്കുന്ന വീട്ടിലാണ്.ഒരു വീടിന് വേണ്ടി ശ്രമിക്കുന്നുണ്ട്. പക്ഷേ ഭിന്നലിംഗക്കാരിയാണ് എന്നറിയുമ്പോൾ ആരും വീട് തരാൻ തയ്യാറാവുന്നില്ല. 30 ദിവസത്തേക്കാണ് കമ്പനി വീട് തന്നത്. 15 ദിവസം ഇപ്പോൾ തന്നെ കഴിഞ്ഞു. തനിക്ക് ജോലിയെങ്കിലും ഉണ്ട്. തനിക്ക് ചുറ്റുമുള്ള നിരവധി ഭിന്നലിംഗക്കാരായ സുഹൃത്തുക്കൾ പലരും നല്ല വിദ്യാഭ്യാസം ഉള്ളവരാണ്. എന്നാൽ ആരും അവരെ ജോലിക്ക് എടുക്കുന്നില്ല. ഭിന്നലിംഗക്കാരുടെ കൂട്ടായ്മയായ ക്വയർറിഥമിലെ സജീവ അംഗമാണ് സാറ പ്രവർത്തിക്കുന്നുണ്ട്. അവർ മാസത്തിൽ ഒരു തവണ ഒത്തുചേരുന്നു. കൂട്ടത്തിൽ പ്രശ്നമനുഭവിക്കുന്നവരെ കഴിയുന്ന തരത്തിൽ സഹായിക്കുന്നു. അങ്ങനെ തിരക്കിലാണ് സാറ.

സ്വകാര്യത മാനിക്കാത്ത സമൂഹം

സ്വകാര്യത മാനിക്കാത്ത സമൂഹം

സോഷ്യൽ മീഡയയിൽ സജീവമാണ് സാറ. സ്വന്തമായ അഭിപ്രായം എല്ലാ കാര്യത്തിലുമുണ്ട്. എല്ലാവരുടേയും സ്വകാര്യതയിൽ ഇടപെടാനാണ് എല്ലാവരുടേയും താൽപര്യം. ഇപ്പോഴത്തെ ബീഫ് പ്രശ്നം ഉദാഹരിച്ച് സാറ രോഷം കൊള്ളുന്നു. പോർക്കും മൽസ്യവുമെല്ലാം മനുഷ്യൻ കഴിക്കുന്നതാണ്. എന്തുകൊണ്ടാണ് ബീഫിന് മാത്രം പ്രശ്നം. ഒരു പ്രത്യേക മതവിഭാഗം പശുവിനെ ആരാധിക്കുന്നതാണ് കാരണമെങ്കിൽ മൽസ്യവും ഒരു അവതാരമല്ലേ. ഹിന്ദുക്കൾ എന്നിട്ട് മത്സ്യം കഴിക്കാതിരിക്കുന്നുണ്ടോ. ഇത് ചോദ്യം ചെയ്യപ്പെടേണ്ടതാണ്. ഞാൻ എന്ത് കഴിക്കണം കഴിക്കേണ്ട എന്നത് എന്റെ ഇഷ്ടമാണ്, സാറയുടെ വാക്കുകൾക്ക് കാരിരുമ്പിന്റെ കരുത്ത്.

പീഡോഫീലിയ എൽജിബിടി അല്ല

പീഡോഫീലിയ എൽജിബിടി അല്ല

കുട്ടികളോട് ലൈംഗിക താൽപര്യം പ്രകടിപ്പിക്കുന്നവരെ എൽജിബിടിയോട് കൂട്ടിച്ചേർത്തുള്ള പ്രചരണം സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. അത്തരം മാനസിക രോഗികളെ മനുഷ്യരായി പോലും കാണാൻ സാധിക്കില്ലെന്ന് സാറ പറയുന്നു.

എൽജിബിടി ഒരു വൈകൃതമല്ല. ജനിതകമായ ഒരു അവസ്ഥ മാത്രമാണ്. പക്ഷേ കുട്ടികളോട് തോന്നുന്ന രതി, അത് വൈകൃതമല്ലാതെ മറ്റൊന്നുമല്ല. അവരെ എൽജിബിടിയോട് കൂട്ടിക്കെട്ടാൻ ഒരിക്കലും സമ്മതിക്കില്ലെന്ന് പറയുമ്പോൾ സാറയുടെ ശബ്ദം ഒരു പോരാളിയുടേത് തന്നെയാണ്.

ഉണർന്നിരുന്നു കണ്ട സ്വപ്നങ്ങൾ

ഉണർന്നിരുന്നു കണ്ട സ്വപ്നങ്ങൾ

നൃത്തവും കവിതയെഴുത്തും ചിത്രരചനയും, അങ്ങനെ ഒരുപിടി ഇഷ്ടങ്ങളുമുണ്ട് സാറയ്ക്ക് കൂട്ടിന്. ഇത്രയും നാൾ താൻ ഇഷ്ടങ്ങളും ആഗ്രഹങ്ങളുമെല്ലാം ത്യജിച്ചാണ് ജീവിച്ചതെന്ന് സാറയുടെ വാക്കുകൾ.
ഇനിയത് വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. താനും ഒളിച്ചിരുന്നാൽ ഇവിടെ ഒരു മാറ്റവും സംഭവിക്കാൻ പോകുന്നില്ലെന്ന് തോന്നി. അതുകൊണ്ട് മുന്നിട്ടിറങ്ങുകയായിരുന്നു. ഇനിയുള്ള ലക്ഷ്യം ഒരു ജീവിതമാണ്. .ഇതുവരെ ഒരോടും പ്രത്യേകിച്ചൊരിഷ്ടം തോന്നിയിട്ടില്ല. തന്നെ മനസ്സിലാക്കുന്ന ഒരാൾ വരുമെന്നു തന്നെയാണ് സാറയുടെ പ്രതീക്ഷ. സാറ ഷെയ്ക്കയെന്ന ഈ പെൺകുട്ടിയുടെ സമാനതകളില്ലാത്ത ഈ നേട്ടം സമൂഹം പുറന്തള്ളിയ നിരവധി ഭിന്നലിംഗക്കാർക്കുള്ള പ്രതീക്ഷ കൂടിയാണ്.

English summary
Zara Sheikha is the first transgender in kerala who have got a job in MNC
Please Wait while comments are loading...