വ്യാജരേഖ കേസ്: വിദ്യ കസ്റ്റഡിയില്‍; പിടികൂടിയത് കോഴിക്കോട് നിന്ന്
പാലക്കാട്: വ്യാജരേഖാ കേസില്‍ മുന്‍ എസ് എഫ് ഐ നേതാവ് കെ വിദ്യ കസ്റ്റഡിയില്‍. പാലക്കാട് അഗളി പൊലീസാണ് വിദ്യയെ കസ്റ്റഡിയിലെടുത്തത്. കേസ് രജിസ്റ്റര്‍ ചെയ്ത് 15-ാം ദിവസമാണ് വിദ്യയെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. കോഴിക്കോട് മേപ്പയൂരില്‍ നിന്നാണ് വിദ്യയെ കസ്റ്റഡിയിലെടുത്തത്. വിദ്യയെ ഉടന്‍ പാലക്കാട്ടേക്ക് കൊണ്ടുവരും.
വിദ്യ കോഴിക്കോട് എത്തി എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ മേപ്പയൂര്‍, വടകര മേഖലകളില്‍ തിരച്ചില്‍ നടത്തുന്നുണ്ടായിരുന്നു. കോഴിക്കോട് നിന്ന് വിദ്യയെ പാലക്കാട് എത്തിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തും. ശേഷം മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കും. മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കി എന്നാണ് വിദ്യക്കെതിരായ കേസ്.

അഗളി പൊലീസും നീലേശ്വരം പൊലീസും വിദ്യക്കെതിരെ കേസെടുത്തിട്ടുണ്ട്. കരിന്തളം ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് നല്‍കിയ കേസിലാണ് നീലേശ്വരം പൊലീസ് വിദ്യക്കെതിരെ കേസെടുത്തത്. കഴിഞ്ഞ അധ്യയന വര്‍ഷം കരിന്തളം കോളേജില്‍ വിദ്യ ഗസ്റ്റ് ലക്ചററായി ജോലി ചെയ്തിരുന്നു. മഹാരാജാസ് കോളേജിന്റെ വ്യാജ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയായിരുന്നു വിദ്യ ജോലി നേടിയത്.
അട്ടപ്പാടി സര്‍ക്കാര്‍ കോളേജില്‍ മലയാളം വകുപ്പില്‍ ഗസ്റ്റ് ലക്ചറര്‍ തസ്തികയില്‍ അഭിമുഖത്തിനായും ഈ സര്‍ട്ടിഫിക്കറ്റാണ് വിദ്യ ഹാജരാക്കിയത്. എന്നാല്‍ സംശയം തോന്നിയ കോളേജ് അധികൃതര്‍ മഹാരാജാസ് കോളേജില്‍ വിവരമറിയിച്ചതോടെയാണ് തട്ടിപ്പ് വെളിച്ചത്താകുന്നത്. 2018 - 2021 കാലത്ത് മഹാരാജാസ് കോളേജില്‍ ഗസ്റ്റ് ലക്ചററായി പ്രവര്‍ത്തിച്ചിരുന്നു എന്ന വ്യാജ സര്‍ട്ടിഫിക്കാണ് വിദ്യ തയ്യാറാക്കിയിരുന്നത്.
അതേസമയം രണ്ട് കേസുകളിലും വിദ്യ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജികള്‍ കോടതി പിന്നീട് പരിഗണിക്കാനായി മാറ്റിയിരിക്കുകയാണ്. ജാമ്യം നിഷേധിക്കാനുള്ള കുറ്റം ചെയ്തിട്ടില്ലെന്നും അവിവാഹിതയാണെന്നും ആ പരിഗണന നല്‍കണമെന്നുമായിരുന്നു ജാമ്യാപേക്ഷയില്‍ വിദ്യ പറഞ്ഞിരുന്നത്. ഈ മാസം 24 ന് ആണ് വിദ്യയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി പരിഗണിക്കുക.
ജോലിക്കായി മഹാരാജാസ് കോളേജിന്റെ ഒപ്പും സീലും ഉപയോഗിച്ച് വ്യാജ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചു എന്നതാണ് വിദ്യക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസ്. ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമാണ് വിദ്യക്കെതിരെ ചുമത്തിയിരിക്കുന്നത്.












Click it and Unblock the Notifications