ഉമ്മന്‍ചാണ്ടി ചികിത്സയ്ക്കായി ബംഗളൂരുവിലേക്ക്; എയര്‍ലിഫ്റ്റ് ചെയ്യും, ചെലവ് പാര്‍ട്ടി വഹിക്കും
ഉമ്മന്‍ചാണ്ടിക്ക് ചികിത്സ നിഷേധിക്കുന്നെന്ന തരത്തിലുള്ള പ്രചാരണം നടന്നിരുന്നു. എന്നാല്‍ ഇതിനെതിരെ പ്രസ്താവനയുമായി ഉമ്മന്‍ചാണ്ടി തന്നെ രംഗത്തെത്തിയിരുന്നു.

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ചികിത്സയ്ക്കായി ബംഗളൂരുവിലേക്ക് മാറ്റും. നാളെ എയര്‍ലിഫ്റ്റ് ചെയ്യും. കെ പി സി സിയാണ് ചെലവ് വഹിക്കുക. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉമ്മന്‍ചാണ്ടിയെ ഇന്ന് ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു. ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് തന്നെയാണ് എയര്‍ ആംബുലന്‍സ് ബുക്ക് ചെയ്തത്.
ഇതിനിടെ, ഉമ്മന്‍ ചാണ്ടിയുടെ ചികിത്സാ മേല്‍നോട്ടത്തിന് ആരോഗ്യ വകുപ്പ് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു. വിവിധ ഡിപ്പാര്‍ട്ട്മെന്റുകളിലെ വിദഗ്ധരായ ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തിയാണ് ആറംഗ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിരിക്കുന്നത്. ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യാവസ്ഥയും ചികിത്സയും മെഡിക്കല്‍ ബോര്‍ഡ് അവലോകനം ചെയ്യും. മെഡിക്കല്‍ ബോര്‍ഡ് അംഗങ്ങള്‍ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരുമായി ആശയവിനിമയം നടത്തും .
മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, ഉമ്മന്‍ ചാണ്ടി ചികിത്സയില്‍ കഴിയുന്ന ആശുപത്രിയിലെത്തി ഡോക്ടറേയും ബന്ധുക്കളേയും കണ്ടിരുന്നു . സന്ദര്‍ശന ശേഷം ആരോഗ്യ വകുപ്പ് മന്ത്രി മുഖ്യമന്ത്രിയെ കണ്ട് ചര്‍ച്ച നടത്തിയിരുന്നു .
അതേസമയം, ഉമ്മന്‍ചാണ്ടിക്ക് ചികിത്സ നിഷേധിക്കുന്നെന്ന തരത്തിലുള്ള പ്രചാരണം നടന്നിരുന്നു. എന്നാല്‍ ഇതിനെതിരെ പ്രസ്താവനയുമായി ഉമ്മന്‍ചാണ്ടി തന്നെ രംഗത്തെത്തിയിരുന്നു. എന്റെ ആരോഗ്യനിലയെ സംബന്ധിച്ച് ചില കോണുകളില്‍ നിന്ന് വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണയുണ്ടാകുന്നതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ ഏറെ ഖേദം ഉണ്ടെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്.
ആധുനിക വൈദ്യശാസ്ത്രത്തിന്റെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തിയാണ് എന്റെ കുടുംബവും, പാര്‍ട്ടിയും, ചികിത്സയുമായി മുന്നോട്ട് പോകുന്നത്. എന്റെ രോഗവും ചികിത്സയും സംബന്ധിച്ച് എനിക്കും കുടുംബത്തിനും വ്യക്തമായ ബോധ്യമുണ്ട്. അതുകൊണ്ട്, ഒരാള്‍ക്കെതിരെയും നടത്താന്‍ പാടില്ലാത്ത വേദനിപ്പിക്കുന്ന പ്രചരണം അവസാനിപ്പിക്കണമെന്ന് സ്‌നേഹത്തോടെ അഭ്യര്‍ത്ഥിക്കുന്നു. ഇപ്പോള്‍ നടക്കുന്ന ദുഷ്പ്രചരണം എനിക്കും കുടുംബാംഗങ്ങള്‍ക്കും വലിയ മാനസിക പ്രയാസമാണ് സൃഷ്ടിക്കുന്നത്. ഞാനിപ്പോഴും കര്‍മ്മ മണ്ഡലത്തില്‍ തന്നെ സജീവമായി ഉണ്ട്.
മരുന്ന് കഴിക്കുന്നതിന്റെ ക്ഷീണം എന്റെ ശരീരത്തെ അലട്ടുന്നുണ്ട്. മറിച്ചുള്ള പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണ്. ലോകത്തിലെ മികച്ച വൈദ്യശാസ്ത്രത്തിന്റെ നിര്‍ദ്ദേശാനുസരണമാണ് എന്റെ ചികിത്സ മുന്നോട്ട് പോകുന്നത്. അതുകൊണ്ട് ഇതിന് പിന്നില്‍ അറിഞ്ഞോ, അറിയാതെയോ ഇടപെട്ടിട്ടുള്ളവര്‍ ഇനിയെങ്കിലും ഇത്തരം പ്രചരണങ്ങളില്‍ നിന്നും പിന്തിരിയണമെന്ന് അഭ്യര്‍ത്ഥിക്കുന്നു- ഉമ്മന്‍ചാണ്ടി പ്രസ്താവനയില്‍ പറഞ്ഞു .












Click it and Unblock the Notifications