പറയുന്ന നുണ വിശ്വസനീയം ആകണ്ടേ? രമേശ് ചെന്നിത്തലയ്ക്ക് എതിരെ കെഎൻ ബാലഗോപാൽ
തിരുവനന്തപുരം: അധികാരത്തിലെത്തിയാൽ പിഎസ്സി റാങ്ക് ലിസ്റ്റുകളിലുളള എല്ലാവർക്കും നിയമനം നൽകും എന്നുളള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാഗ്ദാനത്തെ വിമർശിച്ച് സിപിഎം മുൻ എംപി കെഎൻ ബാലഗോപാൽ. ഫേസ്ബുക്കിലാണ് പ്രതികരണം.
''യു ഡി എഫ് അധികാരത്തിൽ വന്നാൽ എല്ലാ പി എസ് സി ലിസ്റ്റുകളിലും ഉള്ള മുഴുവൻ പേർക്കും നിയമനം നൽകുമെന്ന് പ്രതിപക്ഷനേതാവ്. അധികാരക്കൊതി മൂത്താൽ എന്ത് വഞ്ചനയും കപട വാഗ്ദാനവും ആകാം എന്ന് യുഡിഫ് തീരുമാനിച്ചിട്ടുണ്ടോ ? പറയുന്ന നുണ വിശ്വസനീയം ആകണ്ടേ? ആരും വിശ്വസിക്കാത്ത വാഗ്ദാനങ്ങൾ പ്രതിപക്ഷ നേതാവിന്റെ വിശ്വാസ്യത വീണ്ടും തകർക്കും!''

''കേരളത്തിൽ റിട്ടയർമെന്റിലൂടെയും പുതിയ തസ്തികകൾ സൃഷ്ടിക്കുന്നതിലൂടെയും ഒരു വർഷം നടക്കുന്ന ശരാശരി നിയമനങ്ങൾ 25000 ആണ്. എയ്ഡഡ് സ്കൂൾ/ കോളേജ് അധ്യാപകരെ മാറ്റിനിർത്തിയാൽ പി എസ് സി വഴി നിയമനം കിട്ടിയ മൂന്നു ലക്ഷത്തിന് മുകളിൽ ജീവനക്കാർ കേരളത്തിലുണ്ട്. ഇപ്പോൾ നിലവിലുള്ള എല്ലാ റാങ്ക് ലിസ്റ്റുകളിലും കൂടി കുറഞ്ഞത് നാല് ലക്ഷം പേരുണ്ടാകും. ഇവർക്ക് എല്ലാവർക്കും ജോലി നൽകണമെങ്കിൽ ഇപ്പോൾ സംസ്ഥാനത്തുള്ള ആകെ തസ്തികകളുടെ എണ്ണത്തെക്കാൾ കൂടുതൽ പുതിയ തസ്തികകൾ സർക്കാർ സൃഷ്ടിക്കേണ്ടി വരും''.
''മാത്രവുമല്ല, അതോടെ പബ്ലിക് സർവീസ് കമ്മീഷൻ പിരിച്ചു വിടുകയും ചെയ്യാം. കാരണം ഒരു 20 വർഷത്തേക്ക് പിന്നീട് നിയമനം നടത്തേണ്ടല്ലോ !! ഇതേ മാതൃകയിൽ, മെഡിക്കൽ പ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റിൽ ഉള്ള എല്ലാവർക്കും സർക്കാർ മെഡിക്കൽ കോളേജിൽ എംബിബിഎസ് പഠിക്കാനുള്ള അവസരം കൂടി ഒരുക്കി കൊടുക്കണം എന്നും സിവിൽ സർവീസ് പരീക്ഷയുടെ റാങ്ക് ലിസ്റ്റിൽ വരുന്ന എല്ലാവർക്കും ഐഎഎസ് നൽകുമെന്നും കൂടി യുഡിഎഫിന്റെ പ്രകടന പത്രികയിൽ ഉൾക്കൊള്ളിക്കണം എന്നു കൂടി അപേക്ഷിക്കുന്നു''.












Click it and Unblock the Notifications