
'പുരുഷൻ ആൺകുട്ടിയുമായി ബന്ധപ്പെട്ടാൽ പോക്സോ കേസ് എന്തിന്'; വീണ്ടും വിവാദ പരാമർശവുമായി മുനീർ
കോഴിക്കോട്: ജെൻഡർ ന്യൂട്രാലിറ്റി വിഷയത്തിൽ വീണ്ടും വിവാദ പരാമർശവുമായി മുസ്ലിം ലീഗ് നേതാവും എം എൽ എയുമായ ഡോ എം കെ മുനീർ. പ്രായപൂർത്തിയായ പുരുഷൻ ഒരു ആൺകുട്ടിയുമായി ലൈംഗികമായി ബന്ധപ്പെട്ടാൽ അതിന് കേസ് എടുക്കുന്നത് എന്തിനാണെന്നാണ് എംകെ മുനീറിന്റെ ചോദ്യം. മതവിശ്വാസികളെ വെല്ലുവിളിക്കുന്നതാണ് ജന്റർ ന്യൂട്രാലിറ്റിയെന്നും അതിന്റെ പേരിൽ ഇസ്ലാമിസ്റ്റ് എന്ന് ചാപ്പകുത്തിയാലും തനിക്ക് പ്രശ്നമില്ലെന്നും മുനീർ പറഞ്ഞു.കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻറെ 'കേരള പാഠ്യ പദ്ധതി ചട്ടക്കൂട് കാണാപ്പുറങ്ങൾ' എന്ന വിഷയത്തിൽ പ്രസംഗിക്കുമ്പോഴായിരുന്നു മുനീറിന്റെ വിവാദ പരാമർശം.

'പോക്സോ കേസുകളൊക്കെ ശരിക്കും എന്താണ്? പുരുഷൻ ഒരു ആൺകുട്ടിയുമായി ബന്ധപ്പെട്ടതിന്റെ പേരിൽ പോക്സോ കേസ് എടുക്കുന്നത് എന്തിനാണ്. ജെൻഡർ ന്യൂട്രാലിറ്റിയാണ്. ജെൻഡർ ന്യൂട്രാലിറ്റിക്ക് കേസെടുക്കുന്നു. ഇപ്പോ പോക്സോ ആവശ്യമുണ്ടോ? ജെന്‍ഡര്‍ ന്യൂട്രാലിറ്റി എന്ന് പറയുമ്പോഴും സമൂഹത്തില്‍ ഇതിനെ ദുരുപയോഗം ചെയ്യുന്ന എത്ര ആളുകളുണ്ടാവും എന്ന് ആലോചിക്കുക'.

'ലിംഗ നീതിയാണ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ പിന്തുണക്കാൻ തയ്യാറാണ്. എന്നാൽ ന്യൂട്രാലിറ്റി എന്ന വാക്ക് നിങ്ങൾ ശ്രദ്ധിച്ചിരുന്നോ? ഇത് കേരളത്തിൽ ഉള്ള ചർച്ച അല്ലിത്. ലോകത്ത് ജെൻഡർ ന്യൂട്രാലിറ്റിക്ക് എതിരെ ചർച്ചകൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. വൈ വി ആർ കോൾഡ് ഷി എന്ന് സ്ത്രീകൾ ചോദിച്ച് തുടങ്ങി. ഞങ്ങളെ എടാ എന്ന് വിളിക്കുന്ന നിങ്ങളെ എന്തുകൊണ്ട് എടി എന്ന് വിളിച്ച് കൂട എന്ന ചർച്ച ലോകത്ത് നടന്ന് കൊണ്ടിരിക്കുകയാണ്'.

'ലോകം ആ വിഷയത്തിൽ രണ്ട് ധ്രുവത്തിൽ നിൽക്കുമ്പോൾ നമ്മൾ ആ ചർച്ച ഇവിടെ തുടങ്ങാൻ പോകുകയാണ്. യുനിഫോം മാറി കഴിഞ്ഞാൽ പ്രശ്നം തീർന്നോ? പെൺകുട്ടികൾ പാന്റും ഷർട്ടും ഇട്ട് കഴിഞ്ഞാൽ അവർക്ക് നീതി ആയോ? പാന്റും ഷർട്ടും ഇട്ട് കഴിഞ്ഞാൽ ഈ ലോകത്ത് സ്ത്രീകൾ പീഡിപ്പിക്കപ്പെടില്ലെന്ന് ഉറപ്പ് പറയാൻ കഴിയുമോ? അതിനുള്ള ധൈര്യം ഉണ്ടോ? നീതി എന്ന് പറയുന്നത് രാത്രി പാതിരയായാലും സ്ത്രീകൾക്ക് ഒറ്റയ്ക്ക് വീട്ടിലെത്താൻ പറ്റണം. അവിടെയാണ് കേരളത്തിൽ സ്ത്രീ പുരുഷ സമത്വം ഉണ്ടായെന്ന് പറയാൻ പറ്റുകയുള്ളൂ', മുനീർ പറഞ്ഞു. മതമൂല്യങ്ങളെ തകർക്കുന്നതാണ് ജെൻഡർ ന്യൂട്രാലിറ്റിയെന്നും മുനീർ വാദിച്ചു. എല്ലാ മതങ്ങളെയും ബാധിക്കുന്ന വിഷയമാണിത്. തന്നെ ഇസ്ലാമിസ്‌റ് എന്ന് ചാപ്പ കുത്തിയാലും പ്രശ്‌നമില്ല.എത് സമരവും തകര്‍ക്കാന്‍ സമരക്കാരെ അര്‍ബന്‍ നെക്‌സലുകള്‍ എന്ന് മുദ്രകുത്തുകയും തീവ്രവാദികള്‍ എന്ന് വിളിക്കുകയും ചെയ്യുമെന്നും മുനീര്‍ ആരോപിച്ചു.

ലിംഗസമത്വം എന്ന പേരില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ മതനിരാസം പ്രോത്സാഹിപ്പിക്കുന്നെന്ന് നേരത്തേയും മുനീര്‍ ആരോപിച്ചിരുന്നു. ലിംഗസമത്വമാണെങ്കില്‍ പിണറായി വിജയന് സാരിയും ബ്ലൗസും ഇട്ടാല്‍ എന്താണ് കുഴപ്പെന്നും എംഎസ്എഫ് സംഘടിപ്പിച്ച പരിപാടിയിൽ മുനീര്‍ ചോദിച്ചിരുന്നു.'പുതിയ പാഠ്യപദ്ധതിയുടെ കരട് ചര്‍ച്ചചെയ്യാന്‍ വെച്ചിരിക്കുകയാണ്. സ്ത്രീയ്ക്കും പുരുഷനും തുല്യത ഉണ്ടാകണമെന്നാണ് അതില്‍ പറയുന്നത്. ഇനി മുതല്‍ സ്ത്രീയ്ക്കും പുരുഷനും ഒരു ബാത്ത് റൂം മാത്രമേ സ്‌കൂളുകളില്‍ ഉണ്ടാകൂ. മതമില്ലാത്ത ജീവന്‍ എന്നുപറഞ്ഞ് മതനിഷേധത്തെ കടത്തിയതുപോലെ ഇപ്പോള്‍ ജെന്‍ഡര്‍ ന്യൂട്രാലിറ്റി എന്ന പേരില്‍ വീണ്ടും മതനിഷേധത്തെ സ്‌കൂളുകളിലേക്ക് കൊണ്ടുവരാനുള്ള പാഠ്യപദ്ധതി തയ്യാറായിക്കഴിഞ്ഞിരിക്കുന്നു. ആണ്‍കുട്ടികള്‍ക്കെന്താ ചുരിദാര്‍ ചേരില്ലേ? പിണറായി വിജയനും ഭാര്യയും യാത്രചെയ്യുമ്പോള്‍ എന്തിനാണ് ഭാര്യയെക്കൊണ്ട് പാന്റ് ഇടീക്കുന്നത്? പിണറായി വിജയന് സാരിയും ബ്ലൗസും ഇട്ടാല്‍ എന്താണ് കുഴപ്പം?' എന്നായിരുന്നു മുനീറിന്റെ വാക്കുകൾ. ഇതിനെതിരെ വലിയ വിമർശനമായിരുന്നു ഉയർന്നത്. എന്നാൽ താൻ ലിംഗ സമത്വത്തിനെതിരല്ല ലിംഗ പക്ഷപാതത്തിന് എതിരായാണ് സംസാരിച്ചതെന്നായിരുന്നു അന്ന് മുനീർ നൽകിയ വിശദീകരണം.
'കീർത്തിയല്ലേ ഇത് അമ്പമ്പോ'.കണ്ണു തള്ളി കല്യാണി പ്രിയദർശൻ..കണ്ടമാനം കമന്റ്സ്..വൈറൽ ഫോട്ടോകൾ'