'തിരഞ്ഞെടുപ്പിന് ശേഷം ഹർജി നൽകൂ'; രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക തള്ളണമെന്ന ഹർജി തള്ളി
കൊച്ചി ∙ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക തള്ളണമെന്ന പൊതുതാത്പര്യ ഹർജി തള്ളി ഹൈക്കോടതി. രാജീവ് ചന്ദ്രശേഖർ പത്രികയോടൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ സ്വത്തു വിവരം മറച്ചുവെച്ചെന്ന് കാണിച്ച് മഹിളാ കോണ്‍ഗ്രസ് നേതാവ് ആവണി ബെൻസാൽ, ബെംഗളൂരു സ്വദേശി രഞ്ജിത് തോമസ് എന്നിവരാണ് കോടതിയെ സമീപിച്ചത്. എന്നാൽ പത്രിക സ്വീകരിച്ച സാഹചര്യത്തിൽ പരാതിയുണ്ടെങ്കിൽ തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയായ ശേഷം തിരഞ്ഞെടുപ്പു ഹർജി നൽകുകയാണ് ഇക്കാര്യത്തിൽ പോംവഴിയെന്ന് ഹൈക്കോടതി പറഞ്ഞു.
രാജീവ് ചന്ദ്രശേഖർ നൽകിയ സത്യവാങ്മൂലത്തിൽ വീടിന്റെയും കാറിന്റെയും സ്വകാര്യ ജെറ്റിന്റെയും വിവരങ്ങൾ നൽകിയില്ലെന്നും ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളുടെ ഓഹരി മൂല്യം കുറച്ചു കാണിച്ചുവെന്നുമാണ് ഹർജിയിൽ പറയുന്നത്. ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും ഈ സാഹചര്യത്തിലാണ് കോടതിയെ സമീപിച്ചതെന്നും ഹർജിയിൽ പറയുന്നു. 2018ൽ രാജ്യസഭയിലേക്ക് മത്സരിച്ചപ്പോഴും അദ്ദേഹം സമാന പ്രവർത്തി ചെയ്തുവെന്നും അവർ ആരോപിച്ചു. തങ്ങളുടെ പരാതിയിൽ 2 ദിവസത്തിനുള്ളിൽ ഉത്തരവ് പാസ്സാക്കണമെന്നും ഹർജിക്കാർ കോടതിയിൽ ആവശ്യപ്പെട്ടു.

സൂക്ഷ്മപരിശോധന സമയത്തു ലഭിക്കുന്ന പരാതികൾ പരിഗണിച്ചു വേണം പത്രിക സ്വീകരിക്കണോ തള്ളണോ എന്ന് തീരുമാനിക്കാൻ . വരണാധികാരി അത്തരം നടപടികളിലേക്ക് കടക്കാതെയാണ് പത്രിക സ്വീകരിച്ചത്. ജനപ്രാതിനിധ്യ നിയമം അനുസരിച്ച് ഇത് തെറ്റാണ്. പരാതി ആദായ നികുതി വകുപ്പിന് വിട്ടുകൊണ്ടുള്ള അറിയിപ്പ് കഴിഞ്ഞ ദിവസം മാത്രമാണ് തനിക്ക് ലഭിച്ചതെന്നും ആവണി ബൻസാൽ വാദിച്ചു. എന്നാൽ ഈ ഘട്ടത്തിൽ പരാതിയുണ്ടെങ്കിൽ തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയായ ശേഷം ഹർജി സമർപ്പിക്കാമെന്നാണ് ജസ്റ്റിസുമാരായ വി ജി അരുണ്‍, എസ് മനു എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
അതേസമയം പരാതിയെക്കുറിച്ച് അന്വേഷിക്കാൻ ആദായനികുതി വകുപ്പിലെ അന്വേഷണ വിഭാഗം ഡപ്യൂട്ടി ഡയറക്ടറെ അറിയിച്ചിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് കോടതിയെ അറിയിച്ചു. തിരുവനന്തപുരം ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് ഇന്‍വെസ്റ്റിഗേഷനായിരിക്കും ഇത് സംബന്ധിച്ച പരാതി അന്വേഷിക്കുക.
മുൻ എംപിയായ രാജീവ് ചന്ദ്രശേഖർ ആദ്യമായാണ് കേരളത്തിൽ നിന്നും ജനവിധി തേടുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി ജെ പി രണ്ടാം സ്ഥാനത്ത് എത്തിയ മണ്ഡലമാണ് തിരുവനന്തപുരം. ഇത്തവമ വലിയ പ്രതീക്ഷയാണ് ഇവിടെ ബിജെപിക്കുള്ളത്.












Click it and Unblock the Notifications