സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന്
സംസ്ഥാനത്ത് സ്വർണ വില ഇന്ന് വീണ്ടും കത്തിക്കയറി. ഗ്രാമിന് 13575 രൂപയാണ് രേഖപ്പെടുത്തിയത്. ഇതോട െപവൻ വില 1,08,600 രൂപയായി. കഴിഞ്ഞ ആഴ്ച 98,000ത്തിലേക്ക് കൂപ്പുകുത്തിയ വിലയാണ് ഇന്ന് വീണ്ടും ഉയർന്നത്. അതേസമയം വില ഉയർന്ന് തുടങ്ങിയതോടെ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ് ജ്വല്ലറികൾ എന്ന് പറയുകയാണ് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ് അസോസിയേഷൻ അംഗം ജസ്റ്റിൻ പാലത്ര. സീ ന്യൂസ് മലയാളത്തോടെ അദ്ദേഹം പങ്കുവെച്ച വാക്കുകൾ ഇങ്ങനെ
' ഈ വിലകുറവ് താൽക്കാലികമായിട്ടുണ്ടായതാണ്. യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ആവശ്യമില്ലാത്ത പ്രതികരണങ്ങളാണ് ഇപ്പോൾ കുഴപ്പങ്ങളൊക്കെ ഉണ്ടാക്കുന്നത്. അഞ്ചു ദിവസത്തേക്ക് വെടി നിർത്തൽ പ്രഖ്യാപിച്ചു എന്ന് പറയുന്നു. അതൊരു ധാരണയോടുകൂടി ആണെന്നാണ് നമ്മൾ ആദ്യം വിചാരിച്ചത്. പക്ഷേ ഇറാൻ അതിൽ സഹകരിച്ചിട്ടില്ല. യുദ്ധത്തിൽ ഒരു മാറ്റവും ഉണ്ടായിട്ടില്ല .പിന്നെയും അങ്ങോട്ടും ഇങ്ങോട്ടും ആക്രമണങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. അത് ഒരു വശത്ത് .

ഇതോടെ എണ്ണ വില ഉയരുന്നു, ഡോളർ ശക്തിപ്രാപിക്കുന്നു. അതുപോലെ തന്നെ അമേരിക്കയുടെ ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കുമെന്നാണ് നമ്മളെല്ലാം വിചാരിച്ചിരുന്നത്, അതിന് വിപരീതമായി കൂട്ടും എന്നുള്ള പ്രതീക്ഷയാണ് ഇപ്പോൾ നിൽക്കുന്നത്. അതുകൊണ്ടുതന്നെ ഡോളറിലേക്കുള്ള ഷെയറുകളിലേക്കും ഒക്കെ സ്വർണം വിട്ടിട്ട് ഇൻവെസ്റ്റ്മെന്റുകൾ മാറുന്നത്. അതുകൊണ്ടാണ് ചെറിയൊരു ചാഞ്ചാട്ടം അതിൽ വന്നത്. യുദ്ധം ഇതുപോലെ തന്നെ തുടരും.
വില ഒരു ലക്ഷത്തിന് താഴേക്ക് എത്തിയപ്പോൾ ആളുകൾ സ്വർണം വാങ്ങാനായി ജ്വല്ലകളിലേക്ക് എത്തിത്തുടങ്ങിയിരുന്നു. എന്നാൽ വിലയിൽ വീണ്ടും ചാഞ്ചാട്ടം ഉണ്ടായി തുടങ്ങിയതോടെ ആളുകൾ വീണ്ടും പിന്നോട്ടടിച്ചു. വിലയിൽ സ്ഥിരത ഉണ്ടായാൽ മാത്രമേ സ്വർണം വാങ്ങാൻ ഇനി ആളുകൾ തയ്യാറാകൂ. കാരണം ആളുകൾ ആകെ ആശങ്കയിൽ അല്ലേ. വില കുറയുമ്പോൾ ഇനി വില കുറയുമെന്ന് ആളുകൾ ചിന്തിക്കുന്നത് സ്വാഭാവികമാണ്. കൂടുമ്പോൾ വിൽക്കാനുള്ളവരാണെങ്കിൽ ഇനിയും കൂടട്ടെ എന്ന ചിന്തയിൽ നിൽക്കും.
കച്ചവടക്കാരെ സംബന്ധിച്ചിടത്തോളം ഒരു ആവറേജ് നിലയിൽ വില നിൽക്കണമെന്നതാണ് ആഗ്രഹം. ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം ഇപ്പോഴത്തെ വില താങ്ങാവുന്നതിൽഅധികമാണ് . ഞങ്ങൾ ആഗ്രഹിക്കുന്നത് ഗ്രാമിന് വില ഒരു 7000, 6000ത്തിൽ ഒക്കെ നിൽക്കണം എന്നാണ്. ഈ നിലയിലേക്ക് വരുമോയെന്നൊന്നും അറിയില്ല. വില ഒന്നര ലക്ഷം രൂപ വരെ ഒരു പവന് ഉയരാം എന്നുള്ള ഒരു ധാരണയിൽ തന്നെയാണ് ഇപ്പോഴും നമ്മുടെ നിഗമനങ്ങൾ. ഇന്ത്യയിലോ കേരളത്തിലോ അല്ലല്ലോ ഈ വില നിർണയം നടക്കുന്നത്. ആഗോള തലത്തിൽ വില ഉയരുമ്പോൾ കേരളത്തിലും വില കൂടും.












Click it and Unblock the Notifications