സ്വര്‍ണവില ഞെട്ടിച്ചു; ആശ്വാസ ദിനങ്ങള്‍ കഴിഞ്ഞു, വന്‍ കുതിപ്പില്‍ സ്വര്‍ണം, പവന്‍ വില അറിയാം
കൊച്ചി: നാല് ദിവസമായി വില കുറഞ്ഞു വന്നിരുന്ന സ്വര്‍ണത്തിന് ഇന്ന് കേരളത്തില്‍ വില വര്‍ധിച്ചു. അന്തര്‍ദേശീയ വിപണിയില്‍ സ്വര്‍ണവില ചാഞ്ചാട്ടം തുടരവെയാണ് കേരളത്തിലെ വിലവര്‍ധനവ്. അമേരിക്കയും ചൈനയും തമ്മിലുള്ള ചുങ്കപ്പോര് ശക്തമായിരിക്കെ അന്തര്‍ദേശീയ വിപണിയില്‍ ആശങ്ക വ്യാപിച്ചിട്ടുണ്ട്. ചൈനക്കെതിരെ 104 ശതമാനം നികുതിയാണ് അമേരിക്ക ഇന്ന് പ്രഖ്യാപിച്ചത്.
ചൈനയുടെ ഭാഗത്ത് നിന്ന് ശക്തമായ തിരിച്ചടിയാണ് പ്രതീക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ ഓഹരി വിപണിയിലും ഇന്ന് മ്ലാനത തുടരുകയാണ്. വിപണിയില്‍ സുസ്ഥിരത വന്നാല്‍ മാത്രമേ കൃത്യമായ പ്രവചനം നടക്കൂ. അതുവരെ സ്വര്‍ണവിലയില്‍ അവ്യക്തമായ കാര്യങ്ങളാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ കുറഞ്ഞിരുന്നെങ്കിലും ഇന്ന് പവന് 520 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്.

ക്രൂഡ് ഓയില്‍ വില വലിയ ഇടിവിലാണുള്ളത്. ബ്രെന്റ് ക്രൂഡ് ബാരലിന് 60 ഡോളറില്‍ താഴെയാണ് വില. ഇറക്കുമതി രാജ്യമായ ഇന്ത്യയ്ക്ക് ഇത് വലിയ ലാഭം നല്‍കും. രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വന്‍തോതില്‍ കുറയേണ്ടതാണ്. എന്നാല്‍ ജനങ്ങള്‍ക്ക് ഇതിന്റെ നേട്ടം നല്‍കാതെ കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് നികുതി കൂട്ടുകയാണ് ചെയ്തത്. പെട്രോള്‍, ഡീസല്‍ എന്നിവയ്ക്ക് രണ്ട് രൂപ വീതം നികുതി സര്‍ക്കാര്‍ കൂട്ടി.
കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 66320 രൂപയും ഗ്രാമിന് 8290 രൂപയുമാണ് വില. ഗ്രാമിന് 65 രൂപയാണ് കൂടിയത്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 50 രൂപ വര്‍ധിച്ച് 6795 രൂപയായി. അതേസമയം, വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഗ്രാമിന് 102 രൂപ എന്ന നിരക്കില്‍ തുടരുകയാണ്. അന്തര്‍ദേശീയ വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 3008 ഡോളര്‍ ആണ് പുതിയ വില. വ്യാപാരം തുടരുന്നതിനാല്‍ ഇതില്‍ മാറ്റം വരും.
കൂടിയ സ്വര്‍ണവിലയും കുറഞ്ഞ വിലയും
കേരളത്തില്‍ ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പവന്‍ നിരക്ക് 68480 രൂപയും കുറഞ്ഞ നിരക്ക് 65800 രൂപയുമായിരുന്നു. ഏറ്റവും ഉയര്‍ന്ന നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ന് 2160 രൂപ കുറവുണ്ട്. ഡോളര്‍ മൂല്യം കാര്യമായി ഉയരുന്നില്ല. 102 എന്ന നിരക്കിലാണ് സൂചിക. അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് സ്വീകരിച്ച പുതിയ വ്യാപാര നയം ഡോളറിന് തിരിച്ചടിയാണ് സമ്മാനിച്ചത്. ഡോളറിനെതിരെ ഇന്ത്യന്‍ രൂപ 86.53 എന്ന നിരക്കിലാണ്.
യഥാര്‍ഥത്തില്‍ സ്വര്‍ണവില ഉയരാനുള്ള സാധ്യതകളാണ് വിപണിയിലുള്ളത്. ട്രംപിന്റെ പുതിയ ചുങ്കപ്പോരില്‍ നിക്ഷേപകര്‍ ആശങ്കയിലാണ്. ഈ വേളയില്‍ പണം നഷ്ടമാകാതിരിക്കാന്‍ എല്ലാവരും സ്വര്‍ണം വാങ്ങി സൂക്ഷിക്കുകയാണ് പതിവ്. അതുകൊണ്ടുതന്നെ സ്വര്‍ണവില ഉയരുകയാണ് ചെയ്യുക. എന്നാല്‍ വില വന്‍തോതില്‍ ഉയര്‍ന്ന വേളയില്‍ ലാഭം കൊയ്യുക എന്ന ലക്ഷ്യത്തോടെ വിറ്റഴിക്കല്‍ വര്‍ധിച്ചതാണ് സ്വര്‍ണവില താഴാന്‍ ഇടയാക്കിയത്.
അമേരിക്കയുടെ പുതിയ ചുങ്കത്തിന് തിരിച്ചടി നല്‍കുമെന്ന് ചൈന സൂചിപ്പിച്ചിട്ടുണ്ട്. ലോകം മൊത്തം വ്യാപാര ശൃംഖലയുള്ള അമേരിക്കയുടെ ചുങ്കം ചുമത്തല്‍ എല്ലാ രാജ്യങ്ങളെയും ബാധിച്ചിരിക്കുകയാണ്. ഏറ്റവും കുറഞ്ഞ ചുങ്കം 10 ശതമാനമാണ്. ചൈനയ്ക്ക് 104 ശതമാനമാണ് ചുമത്തിയിട്ടുള്ളത്. ഇന്ത്യയ്ക്ക് 26 ശതമാനവും ഇസ്രായേലിന് 17 ശതമാനവും സൗദി അറേബ്യക്ക് 10 ശതമാനവുമാണ് ചുങ്കം.












Click it and Unblock the Notifications