സ്വർണ വില കുറയും; സുപ്രധാന തീരുമാനവുമായി കേന്ദ്രം, ആഭരണപ്രേമികൾക്ക് ആശ്വസിക്കാം
സ്വർണ-വെള്ളി ഇറക്കുമതിക്ക് അധികാരമുള്ള ബാങ്കുകളുടെ പട്ടിക പുതുക്കി സർക്കാർ. ഇരുലോഹങ്ങളുടേയും ഇറക്കുമതി തടസപ്പെട്ടെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് കേന്ദ്രം ധ്രുതഗതിയിൽ തീരുമാനം കൈക്കൊണ്ടത്. ബാങ്കുകൾക്ക് മാർച്ച് 31 വരെ മാത്രമായിരുന്നു സ്വർണ്ണവും വെള്ളിയും ഇറക്കുമതി ചെയ്യാൻ അനുമതിയുണ്ടായിരുന്നത്. പുതിയ വിജ്ഞാപനം വൈകികയതിനാൽ ബാങ്കുകൾ വിദേശ ഓർഡറുകൾ നിർത്തിവയ്ക്കുകയും തുറമുഖങ്ങളിൽ ചരക്കുകൾ കെട്ടിക്കിടക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടായി. ഇത് ലോഹങ്ങളുടെ വില വലിയ തോതിൽ കുതിക്കാൻ കാരണമാകുമെന്ന തരത്തിലുള്ള ആശങ്കകളും ശക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര നീക്കം.
ഔദ്യോഗിക ഉത്തരവ് ഇല്ലാത്തതിനാൽ ഏപ്രിൽ 1 മുതൽ ഏകദേശം 5 ടൺ സ്വർണ്ണവും 8 ടൺ വെള്ളിയും ഇന്ത്യൻ കസ്റ്റംസിൽ കുടുങ്ങി കിടക്കുന്നതായിട്ടായിരുന്നു റിപ്പോർട്ടുകൾ .ഇത് വിപണിയില്‍ വലിയ ആശയക്കുഴപ്പമുണ്ടാക്കി.വാണിജ്യ മന്ത്രാലയത്തിൻ്റെ പുതിയ വിജ്ഞാപനപ്രകാരം 15 ബാങ്കുകൾക്ക് സ്വർണ്ണവും വെള്ളിയും ഇറക്കുമതി ചെയ്യാം. 2 ബാങ്കുകൾക്ക് സ്വർണ്ണം മാത്രം ഇറക്കുമതി ചെയ്യാനും അനുമതി ഉണ്ട്. ഈ അനുമതി 2026 ഏപ്രിൽ 1 മുതൽ 2029 മാർച്ച് 31 വരെയാണ് പ്രാബല്യത്തിലുണ്ടാകുക.

ആക്സിസ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ഡോയ്ച്ചെ ബാങ്ക്, ഫെഡറൽ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, കോട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയ്ക്കാണ് രണ്ട് ലോഹങ്ങളും ഇറക്കുമതി ചെയ്യാൻ അനുമതിയുള്ളത്. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യക്കും സ്ബർബാങ്കിനും സ്വർണ്ണം മാത്രം ഇറക്കുമതി ചെയ്യാനാണ് അനുമതി.
പ്രത്യേക സാമ്പത്തിക മേഖലകളിലോ (SEZ) കയറ്റുമതി അധിഷ്ഠിത യൂണിറ്റുകളിലോ (EOU) ഇല്ലാത്ത ഇറക്കുമതിക്കാർക്ക്, വിലയേറിയ ലോഹങ്ങൾ ഇറക്കുമതി ചെയ്യാൻ ഇനി പ്രത്യേക സർക്കാർ ലൈസൻസുകൾ ആവശ്യമാണ്. ഈ നിയമം പ്രാബല്യത്തിൽ വന്നു, ചരക്ക് നീക്കത്തിലുള്ളവയ്ക്ക് പോലും മാറ്റത്തിന്റെ കാലയളവ് അനുവദിച്ചിട്ടില്ല.
അക്ഷയതൃതീയ അടുത്തെത്തിയതും ബാങ്കുകൾക്ക് ഇറക്കുമതിക്ക് തടസ്സം നേരിട്ടതും ആഭ്യന്തര വില വർദ്ധനയെക്കുറിച്ച് ആശങ്ക ഉയർത്തിയിരുന്നു. ഇറക്കുമതി നിയന്ത്രിച്ചതിനാല്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ലഭ്യത കുറയുമെന്നും അത് വഴി വില ഉയരുമെന്നുമായിരുന്നു ആശങ്ക.
അതേസമയം സംസ്ഥാനത്ത് സ്വർണ വില വീണ്ടും കുതിക്കുകയാണ്. ഒരു പവൻ സ്വർണം വാങ്ങാൻ 1.13 ലക്ഷം രൂപയാണ് വില. ഇറാൻ-യുഎസ് സമാധാന ചർച്ചകളിൽ ഉണ്ടായ പുരോഗതിയാണ് ഇപ്പോഴത്തെ സ്വർണക്കുതിപ്പിന് കാരണം. ഇരുരാജ്യങ്ങളും പൂർണമായി കരാറിലെത്തുന്നതോടെ ക്രൂഡ് ഓയിൽ വില കുറയാൻ കാരണമാകും. ഇത് ഡോളറിൻ്റെ മൂല്യത്തിൽ ഇടിവിന് വഴിവെച്ചേക്കാം. ഡോളർ ഇടിയുമ്പോൾ സ്വാഭാവികമായും നിക്ഷേപകർ സ്വർണത്തിലേക്ക് തിരിയും. ഇത് സ്വർണ ഡിമാൻ്റ് ഉയർത്തുകയും വില ഉയരാൻ കാരണമാകുകയും ചെയ്യും.












Click it and Unblock the Notifications