സ്വർണം ഒരു പവൻ വാങ്ങാൻ 1.4 ലക്ഷം രൂപ വേണ്ടി വരും, സ്വർണ വിലയിൽ ഇനിയൊരു തിരിച്ചിറക്കമില്ല?
സാമ്പത്തിക അനിശ്ചിതത്വങ്ങൾ, പണപ്പെരുപ്പം, ഭൗമരാഷ്ട്രീയ പ്രശ്നങ്ങൾ, മാറിക്കൊണ്ടിരിക്കുന്ന കമ്പോള സാഹചര്യങ്ങൾ എന്നിവയാണ് പ്രധാനമായും സ്വർണവിലയെ സ്വാധീനിക്കുന്നത്.സമീപകാലങ്ങളിൽ സ്വർണത്തിന്റെ വില കുതിക്കുകയാണ്.കറൻസികളുടെ മൂല്യം കുറയുന്നത്, സെൻട്രൽ ബാങ്കുകൾ സ്വർണം വാങ്ങിക്കൂട്ടുന്നത്, സ്വർണത്തിൽ നിക്ഷേപിക്കുന്ന ഇടിഎഫുകൾ വർധിക്കുന്നത്, സ്വർണത്തിന്റെ പരിമിതമായ ലഭ്യത എന്നിവയെല്ലാം വില വർദ്ധനവിന് കാരണമായിട്ടുണ്ട്.സുരക്ഷിത നിക്ഷേപം എന്ന നിലയ്ക്കുള്ള സ്വർണത്തിന്റെ പെരുമ ഇനിയും തുടരുകയേ ഉള്ളൂവെന്ന് പറയുകയാണ് ഗോൾഡ്മാൻ സാച്ച്സ്.
നിലവിൽ അന്താരാഷ്ട്ര വിപണിയിൽ ഒരു ഔൺസ് സ്വർണത്തിന് വില 3,937 ഡോളറാണ്.ഇന്ത്യയിൽ, 10 ഗ്രാം സ്വർണ്ണത്തിന് ഏകദേശം 1.21 ലക്ഷം രൂപയാണ് വില. കേരളത്തിലാകട്ടെ പവൻ വില വീണ്ടും സർവ്വകാല റെക്കോഡുകൾ ഭേദിച്ച് മുന്നേറുകയാണ്. ഇന്ന് മാത്രം 1000 രൂപയാണ് സ്വർണത്തിന് വർധിച്ചത്. ഒരു പവൻ സ്വർണത്തിന് വില 88560 രൂപയാണ്. ഗ്രാമിന് വില 11070 രൂപയും.

ഇനിയും സ്വർണ വില ഉയരിമെന്ന് തന്നെയാണ് ഗോൾഡ്മാൻ സാച്ച്സ് പ്രവചിക്കുന്നത്. 2026 മധ്യത്തോടെ ഒരു ഔൺസിന് 4,000 ഡോളറും, 2026 ഡിസംബറോടെ 4,300 ഡോളറും ആയി വില ഉയരുമെന്നാണ് ഇവരുടെ പ്രവചനം. വില വർദ്ധനവിന് ഊഹക്കച്ചവടപരമായ നിക്ഷേപങ്ങൾക്ക് ഒരു ചെറിയ പങ്ക് മാത്രമേയുള്ളൂ എന്നും, ഇത് നിക്ഷേപകരുടെ മനോഭാവത്തിൽ ഒരു വലിയ മാറ്റം സൂചിപ്പിക്കുന്നുവെന്നും ഗോൾഡ്മാൻ സാച്ചസ് വ്യക്തമാക്കി.
സ്വകാര്യ നിക്ഷേപകർ അവരുടെ പോർട്ട്‌ഫോളിയോ വൈവിധ്യവത്കരിക്കാനായി സ്വർണ്ണം വാങ്ങുന്ന പ്രവണത വർദ്ധിച്ചുവരുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടി. വികസിത രാജ്യങ്ങളിലെ സ്ഥിര വരുമാന വിപണികളെക്കുറിച്ചുള്ള ആശങ്കകളാണ് ഇതിന് പിന്നിൽ. പാശ്ചാത്യ രാജ്യങ്ങളിലെ ഗോൾഡ് ഇടിഎഫ് ഹോൾഡിംഗ്‌സ് താരതമ്യേന കുറവാണെന്നും, ഇത് സ്വകാര്യ ഉടമസ്ഥതയിലുള്ള യുഎസ് ട്രഷറികളിലെ 1.5% മാത്രമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ചെറിയൊരു മാറ്റം പോലും സ്വർണ വില ഉയരാൻ കാരണമായേക്കുമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സ്വർണം മികച്ച ദീർഘകാല നിക്ഷേപം ആയി വീണ്ടും ഉയർത്തിക്കാട്ടുകയാണ് ഗോൾഡ്മാൻ സാച്ചസ്.
കേരളത്തിൽ സ്വർണ വില എത്രയാകും എന്നറിയുമോ
സെപ്റ്റംബർ 1 മുതൽ ഒക്ടോബർ 5 വരെയുള്ള കാലയളവിൽ കേരളത്തിൽ ഒരു പവൻ (8 ഗ്രാം) സ്വർണവില 77,640 രൂപയിൽ നിന്ന് 87,560 രൂപയായാണ് ഉയർന്നത്. അതായത് ഏകദേശം 12.78 ശതമാനത്തിന്റെ വർധനവ്. 9,920 രൂപയുടെ ഗണ്യമായ വർദ്ധനവാണ് ഇക്കാലയളവിൽ രേഖപ്പെടുത്തിയത്. സെപ്റ്റംബർ ആദ്യവാരം മുതലാണ് ഈ കുതിപ്പ് ആരംഭിച്ചത്. ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾ, പണപ്പെരുപ്പം, ഇന്ത്യയിലെ ഉത്സവ സീസണിന് മുന്നോടിയായുള്ള ശക്തമായ പ്രാദേശിക ആവശ്യം എന്നിവ വില വർദ്ധനവിന് കാരണമായി. സെപ്റ്റംബർ 30-ഓടെ വില 86,760 രൂപയിലെത്തി.
സെപ്റ്റംബർ 9-ന് 80,880 രൂപ, 23-ന് 84,840 രൂപ, 30-ന് 86,760 രൂപ എന്നിങ്ങനെ ശ്രദ്ധേയമായ കുതിപ്പുകൾ രേഖപ്പെടുത്തി. സെപ്റ്റംബർ 23-ന് മാത്രം 1,920 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. സെപ്റ്റംബർ 25-ന് 680 രൂപയുടെ ചെറിയ ഇടിവുണ്ടായെങ്കിലും, മൊത്തത്തിലുള്ള ട്രെൻഡ് ബുള്ളിഷ് ആയിരുന്നു. ഈ 35 ദിവസങ്ങളിൽ 20 ദിവസവും വില വർദ്ധിക്കുകയും 9 ദിവസങ്ങളിൽ ഇടിയുകയും 5 ദിവസങ്ങളിൽ സ്ഥിരത നിലനിർത്തുകയും ചെയ്തു.
ഒക്ടോബർ ആദ്യവാരം വില 86,920 രൂപയ്ക്കും 87,560 രൂപയ്ക്കും ഇടയിൽ സ്ഥിരത കൈവരിച്ച് ഉയർന്ന നിലയിൽ തുടരുകയാണ്. ഇനിയും വില വർധിക്കുമെന്ന പ്രവചനങ്ങൾ ശക്തമാകുമ്പോൾ കേരളത്തിലെ ആഭരണപ്രേമികളുടെ നെഞ്ചിടിപ്പും ഉയരുകയാണ്. ആഗോള വില 4300 ഡോളർ തൊട്ടാൽ കേരളത്തിൽ വില സ്വാഭാവികമായും 1.4 ലക്ഷം രൂപയാകും.












Click it and Unblock the Notifications