സ്വപ്ന സുരേഷിന്റെ വീട് വളഞ്ഞ് സുരക്ഷയൊരുക്കി പോലീസ്, 24 മണിക്കൂറും പോലീസ് കാവൽ
പാലക്കാട്: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട പുതിയ ആരോപണങ്ങളില്‍ വിവാദം കത്തിപ്പടരവേ പ്രതി സ്വപ്‌ന സുരേഷിന് ശക്തമായ സുരക്ഷയൊരുക്കി പോലീസ്. സ്വപ്‌ന സുരേഷിന്റെ ഫ്‌ളാറ്റിലും ഓഫിസിലും അടക്കമാണ് പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും അടക്കം എതിരെ ഉന്നയിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ തന്റെ ജീവന് ഭീഷണി ഉണ്ടെന്ന് സ്വപ്‌ന സുരേഷ് പറഞ്ഞിരുന്നു. സുരക്ഷ ആവശ്യപ്പെട്ട് സ്വപ്‌ന സുരേഷ് കോടതിയേയും സമീപിക്കുകയുണ്ടായി. ഇതിന് പിന്നാലെയാണ് സ്വപ്‌നയുടെ താമസസ്ഥലത്തിന് 24 മണിക്കൂര്‍ സുരക്ഷ പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
സിസിടിവി അടക്കമുളള സുരക്ഷാ ക്രമീകരണങ്ങളാണ് സ്വപ്‌ന സുരേഷിന്റെ സുരക്ഷയ്ക്കായി ഒരുക്കിയിരിക്കുന്നത്. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷ് പുതിയ രഹസ്യമൊഴി നല്‍കിയതോടെയാണ് വിവാദം കത്തിത്തുടങ്ങിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍, ഭാര്യ കമല, മകള്‍ വീണ എന്നിവര്‍ക്ക് അടക്കം എതിരെയാണ് സ്വപ്‌ന സുരേഷിന്റെ രഹസ്യ മൊഴി. സ്വര്‍ണ്ണക്കടത്ത് കേസിലെ രണ്ടാം പ്രതിയാണ് സ്വപ്‌ന സുരേഷ്.

തന്റെ രഹസ്യമൊഴിക്ക് പിന്നില്‍ രാഷ്ട്രീയ അജണ്ട ഇല്ലെന്നാണ് സ്വപ്‌ന സുരേഷ് വ്യക്തമാക്കുന്നത്. കേസുമായി ബന്ധപ്പെട്ട് താന്‍ പ്രശ്‌നം നേരിടുമ്പോള്‍ കമലയും വീണയും ആഢംബര ജീവിതം നയിക്കുന്നു എന്നാണ് സ്വപ്‌ന സുരേഷ് മാധ്യമങ്ങളോട് പ്രതികരിച്ചത്. വിദേശത്തേക്ക് കറന്‍സി കടത്തിയെന്നും ക്ലിഫ് ഹൗസിലേക്ക് കൊണ്ട് പോയ ബിരിയാണി ചെമ്പില്‍ മെറ്റല്‍ പോലെ ഉളളതുണ്ടായിരുന്നു എന്നതടക്കമാണ് സ്വപ്‌നയുടെ ആരോപണങ്ങള്‍.
മാത്രമല്ല കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കും പങ്കുണ്ടെന്നും സ്വപ്‌ന സുരേഷ് ആരോപിച്ചു. സ്വപ്‌ന സുരേഷിന്റെ ആരോപണം പ്രതിപക്ഷം ഏറ്റെടുത്തിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസും ബിജെപിയും രംഗത്തുണ്ട്. അതേസമയം രഹസ്യ മൊഴിയില്‍ നിന്ന് പിന്മാറാന്‍ മുഖ്യമന്ത്രിയുടെ ദൂതനായി ഷാജ് കിരണ്‍ ഭീഷണിപ്പെടുത്തിയെന്നും സ്വപ്‌ന സുരേഷ് ആരോപിച്ചു. ഷാജ് കിരണുമായുളള ഫോണ്‍ സംഭാഷണവും സ്വപ്‌ന സുരേഷ് പുറത്ത് വിട്ടു. അതേസമയം സ്വപ്ന ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് രാഷ്ട്രീയ ലക്ഷ്യമാണെന്നാണ് സിപിഎമ്മിന്റെ പ്രതികരണം. ഗൂഢാലോചന ആരോപിച്ച് സ്വപ്ന സുരേഷിനെതിരെ കേസെടുത്തിട്ടുണ്ട്.












Click it and Unblock the Notifications