വിവാഹ ആലോചനകള്‍ ഇനി എളുപ്പമാകില്ല! മാട്രിമോണിയല്‍ സൈറ്റുകള്‍ക്ക് നിയന്ത്രണവുമായി സര്‍ക്കാര്‍...
മാട്രിമോണിയല്‍ സൈറ്റുകള്‍ ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ നടപടി.
തിരുവനന്തപുരം: എന്തും ഏതും ഓണ്‍ലൈനായ കാലത്ത് വിവാഹമാലോചിക്കാനും മിക്കവരും ആശ്രയിക്കുന്നത് മാട്രിമോണിയല്‍ വെബ്‌സൈറ്റുകളെയാണ്. എന്നാല്‍ മാട്രിമോണിയല്‍ വെബ്‌സൈറ്റുകള്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്താനാണ് സര്‍ക്കാരിന്റെ തീരുമാനം. മാട്രിമോണിയല്‍ വെബ്‌സൈറ്റുകള്‍ ഉപയോഗിക്കുന്നതിനും നടത്തുന്നതിനും സര്‍ക്കാര്‍ പുതിയ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലാണ് ഇതുസംബന്ധിച്ച നിര്‍ദേശങ്ങളുള്ളത്. മാട്രിമോണിയല്‍ സൈറ്റുകള്‍ ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ നടപടി. മാട്രിമോണിയല്‍ വെബ്‌സൈറ്റുകള്‍ ദുരുപയോഗം ചെയ്യുന്നത് തടയാനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു.

മൊബൈല്‍ നമ്പര്‍ സ്ഥിതീകരിക്കണം...
മാട്രിമോണിയല്‍ വെബ്‌സൈറ്റുകള്‍ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്ന ഉപഭോക്തൃ നയവും, സ്വകാര്യതാ നയവും വികസിപ്പിക്കണമെന്നതാണ് പ്രധാന നിര്‍ദേശം. സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്നവരുടെ വ്യക്തിഗത വിവരങ്ങള്‍ സംരക്ഷിക്കണമെന്നും, രജിസ്റ്റര്‍ ചെയ്യുന്ന മൊബൈല്‍ നമ്പര്‍ സ്ഥിതീക്കരിക്കണമെന്നും മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശമുണ്ട്.

പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യണം...
രജിസ്റ്റര്‍ ചെയ്യുന്നവരുടെ തിരിച്ചറിയല്‍ രേഖകളുടെ ശരിയായ പകര്‍പ്പുകള്‍ സമര്‍പ്പിക്കണമെന്നും നിര്‍ദേശമുണ്ട്. വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ശരിയാണോ എന്ന് സ്ഥിതീകരിക്കണം, തട്ടിപ്പുകളെ കുറിച്ചും സുരക്ഷാ നിര്‍ദേശങ്ങളെ കുറിച്ചും ഉപഭോക്താക്കള്‍ക്ക് നിരന്തരം വിവരം നല്‍കണം.തട്ടിപ്പുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യാനും നിര്‍ദേശമുണ്ട്.

പരാതി പരിഹാര ഓഫീസര്‍...
പരാതി പരിഹാര ഓഫീസറെ നിയമിച്ച് അദ്ദേഹത്തെ ബന്ധപ്പെടേണ്ട നമ്പറുകളും, പരാതി പരിഹാര മാര്‍ഗങ്ങളും വെബ്‌സൈറ്റില്‍ നല്‍കണം. ഉപഭോക്തൃ സൗഹൃദ നടപടിയെന്ന നിലയില്‍ ഫ്രീക്വന്റ്‌ലി ആസ്‌ക്ക്ഡ് ക്വസ്റ്റ്യന്‍സ് (എഫ്എക്യൂ) സൈറ്റില്‍ വികസിപ്പിക്കണമെന്നും മന്ത്രാലയത്തിന്റെ നിര്‍ദേശത്തിലുണ്ട്.












Click it and Unblock the Notifications