കൊവിഡ് പ്രതിരോധം: മലപ്പുറത്തിനായി ആക്ഷന്‍ പ്ലാന്‍ നടപ്പാക്കാൻ സംസ്ഥാന സർക്കാർ
തിരുവനന്തപുരം: ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ തുടരുന്ന മലപ്പുറം ജില്ലയിൽ കൊവിഡ് പ്രതിരോധത്തിന് ആക്ഷൻ പ്ലാൻ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നുനില്‍ക്കുന്ന മലപ്പുറത്ത് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. മലപ്പുറത്തിനായി ആക്ഷന്‍ പ്ലാന്‍ നടപ്പാക്കും. അവിടെ തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി പരിശോധന 75,000 ആയി ഉയര്‍ത്തും. ജില്ലയില്‍ കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു.

മുഖ്യമന്ത്രി പറഞ്ഞത്: നിലവിലുളള നിയന്ത്രണങ്ങള്‍ ഫലവത്തായി നടപ്പിലാക്കുന്നതിന് ജില്ലാ ഭരണസംവിധാനത്തിന്‍റെയും പൊലീസിന്‍റെയും നേതൃത്വത്തില്‍ കര്‍ശനമായ പരിശോധനകളാണ് മലപ്പുറത്ത് നടക്കുന്നത്. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നിയമാനുസൃതമുളള എല്ലാ നടപടികളും സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ക്രമസമാധാനവിഭാഗം എഡിജിപി, ഉത്തരമേഖല ഐജി എന്നിവര്‍ മലപ്പുറത്ത് ക്യാമ്പ് ചെയ്ത് നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നു.
തിരുവനന്തപുരം, എറണാകുളം, തൃശൂര്‍ ജില്ലകളിലെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഇന്നു രാവിലെ പിന്‍വലിച്ചു. മലപ്പുറം ജില്ലയില്‍ ട്രിപ്പിള്‍ ലോക്ഡൗണും ബാക്കി എല്ലാ ജില്ലകളിലും ലോക്ഡൗണുമാണ് ഇപ്പോള്‍ നിലവിലുളളത്. കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ സംസ്ഥാനത്ത് മാസ്ക് ധരിക്കാത്ത 8,620 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിന് 4,494 പേര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചു. പിഴയായി 34,61,250 രൂപയാണ് ഇക്കഴിഞ്ഞ ദിവസം ഈടാക്കിയത്.












Click it and Unblock the Notifications