കെപിഎസി ലളിതയുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും: എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കും സഹായം
തിരുവനന്തപുരം: ചലച്ചിത്ര നടിയും കേരള സംഗീത- നാടക അക്കാദമി ചെയര്‍പേഴ്സണുമായ കെപിഎസി ലളിതയുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ ഏറ്റെടുക്കും. ഇന്ന് ചേര്‍ന്ന് മന്ത്രിസഭാ യോഗമാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. കരൾ രോഗബാധിതയായ കെപിഎസി ലളിത കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കെപിഎസി ലളിതയുടെ ആരോഗ്യത്തില്‍ പുരോഗതിയുണ്ടെന്ന് കഴിഞ്ഞ ദിവസം ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. അമ്മ സുഖം പ്രാപിച്ച് വരുന്നതായി മകനും നടനുമായ സിദ്ധാര്‍ത്ഥ് ഭരതനും സമുഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കിയിരുന്നു.

'അമ്മ സുഖമായിരിക്കുന്നു, സുഖം പ്രാപിച്ചുവരുന്നു. പേടിക്കേണ്ട കാര്യമില്ല. എല്ലാവരുടെയും സ്നേഹത്തിനും പ്രാര്‍ത്ഥനകള്‍ക്കും നന്ദി'' - എന്നായിരുന്നു സിദ്ധാർഥ് ഫേസ്ബുക്കില്‍ കുറിച്ചത്. ആരോഗ്യനില വഷളായതിനെ തുടർന്ന് കെപിഎസി ലളിതയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചിരുന്നത്. തുടര്‍ന്ന് കൂടുതല്‍ മെച്ചപ്പെട്ട ചികിത്സയ്ക്കായി എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയിലേക്ക് മാറ്റുകയായിരുന്നു. നേരത്തേയും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അഭിനയ രംഗത്ത് സജീവമായിരുന്നു കെപിഎസി ലളിത.
അതേസമയം , എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കും സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. കേരള സാമൂഹ്യ സുരക്ഷാമിഷന്‍ മുഖേന പെന്‍ഷന്‍ ലഭിക്കുന്ന 5357 എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് മുന്‍ വര്‍ഷങ്ങളില്‍ അനുവദിച്ചതുപോലെ 1000 രൂപ നിരക്കില്‍ ഒറ്റത്തവണ ധനസഹായം അനുവദിക്കാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്.












Click it and Unblock the Notifications