കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുരുപൂജയുടെ പേരിൽ തൃശൂരിലെ സ്കൂളിൽ കാലുപിടിത്തം.. ഗുരുപൂർണിമയ്ക്ക് എതിരെ വ്യാപക പ്രതിഷേധം

  • By Desk
Google Oneindia Malayalam News

തൃശൂര്‍: സംഘപരിവാറിന് സ്വാധീനമുള്ള തൃശൂര്‍ ചേര്‍പ്പ് സിഎന്‍എന്‍ ഗേള്‍സ് സ്‌കൂളില്‍ നിര്‍ബന്ധിത പാദപൂജ നടത്തിയത് വിവാദമാകുന്നു. ഗുരുപൂര്‍ണിമ എന്ന പേരില്‍ വേദവ്യാസ ജയന്തി- വ്യാസ പൗര്‍ണമിയുടെ ഭാഗമായാണ് വിദ്യാര്‍ത്ഥികളെ കൊണ്ട് അധ്യാപകരുടെ പാദപൂജ ചെയ്യിച്ചത്.

പല മതത്തില്‍പ്പെട്ട കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിലാണ് ഇത്തരത്തിലൊരു ചടങ്ങ് സംഘടിപ്പിച്ചത്. തട്ടമിട്ട ഇസ്ലാം പെണ്‍കുട്ടികളടക്കം നിലവിളക്കിന് സമീപം അധ്യാപകരുടെ കാലില്‍ പൂക്കള്‍ അര്‍പ്പിച്ച് വന്ദിക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സഞ്ജീവനി എന്ന ട്രസ്റ്റിന്റെ കീഴിലാണ് ഈ സ്‌കൂള്‍. വന്‍ പ്രതിഷേധമാണ് പാദപൂജയ്‌ക്കെതിരെ ഉയര്‍ന്ന് വന്നിരിക്കുന്നത്. കോൺഗ്രസ് എംഎൽഎ വിടി ബൽറാമും യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസും പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്.

സ്കൂളിലെ കാലുപിടിത്തം

സ്കൂളിലെ കാലുപിടിത്തം

വിടി ബൽറാം പറയുന്നു: വിദ്യാഭ്യാസ മന്ത്രിയുടെ സ്വന്തം ജില്ലയിലെ ഒരു സർക്കാർ എയ്ഡഡ് സ്കൂളിലാണ് സംസ്ക്കാരത്തിന്റേയും പാരമ്പര്യത്തിന്റേയും പേരിൽ അഭിമാനബോധമുള്ള വിദ്യാർത്ഥിനികളെ ഇങ്ങനെ തലകുനിച്ചു നിർത്തിയിരിക്കുന്നത്. സംഘ് പരിവാർ നിയന്ത്രണത്തിലുള്ള ചേർപ്പ് സിഎൻഎൻ സ്ക്കൂളിലാണ് വേദവ്യാസജയന്തിയുടെ ഭാഗമായി ഗുരുപൂർണിമ എന്ന പേരിലുള്ള ഈ കാലുപിടുത്തം! സ്കൂളിലൂടെ അറിവിന്റെ രൂപത്തിൽ വിദ്യാർത്ഥിക്ക് ലഭിക്കുന്നത് അധ്യാപകന്റെ ഏതെങ്കിലും ഔദാര്യമല്ല, ഭരണഘടനാപരമായി സ്റ്റേറ്റ് ഏറ്റെടുത്ത് അവന് സൗജന്യമായും സാർവ്വത്രികമായും നൽകേണ്ട മൗലികാവകാശമാണ്.

ഇങ്ങനല്ല ഗുരുഭക്തി

ഇങ്ങനല്ല ഗുരുഭക്തി

അധ്യാപകരെന്നത് ഇന്നത്തെക്കാലത്ത് സർവ്വസംഗപരിത്യാഗികളായ അറിവിന്റെ നിറകുടങ്ങളുമല്ല, കൃത്യമായ സേവന വേതന വ്യവസ്ഥകളുടെ പ്രയോജനം പറ്റുന്ന സർക്കാർ ഉദ്യോഗസ്ഥരാണ്. അവർ അവരുടെ ജോലി കൃത്യമായി ചെയ്യുന്നുണ്ടെങ്കിൽ അതിന്റെ പേരിലവരെ അപ്രീഷ്യേറ്റ് ചെയ്യുന്നതിൽ തെറ്റില്ല, എന്നാൽ അതിങ്ങനെ കാൽ തൊട്ട് വണങ്ങിയും പൂവിട്ട് പൂജിച്ചും ഫ്യൂഡൽ ഭക്തി പ്രകടിപ്പിച്ചുമാകണോ എന്നതാണ് ചിന്തിക്കേണ്ടത്.

ഇത് എന്ത് സംസ്ക്കാരമാണ്

ഇത് എന്ത് സംസ്ക്കാരമാണ്

ഏത് സംസ്ക്കാരമാണിവർ ഇത്ര കേമമായി തലയിലേറ്റി വക്കുന്നത്? മനുഷ്യനെ പല തട്ടുകളിലായിത്തിരിച്ച് മാറ്റിനിർത്തിയിരുന്ന പഴയകാലത്തെ അധീശ സംസ്ക്കാരത്തേയോ? മിടുക്കനായ വിദ്യാർത്ഥിയുടെ കുലം നോക്കി അവന്റെ പെരുവിരൽ മുറിച്ചെടുപ്പിക്കുന്ന സവർണ്ണ ഗുരുക്കളുടെ സംസ്ക്കാരത്തേയോ? ഭക്തിയും അനുസരണയും അമിത അച്ചടക്കവുമൊക്കെയാണ് ഇന്നും പലരും ഉന്നത സാംസ്ക്കാരിക മൂല്യങ്ങളായി കരുതിവച്ചിരിക്കുന്നത്.

അടിമക്കൂട്ടങ്ങളെ ഉണ്ടാക്കാൻ

അടിമക്കൂട്ടങ്ങളെ ഉണ്ടാക്കാൻ

അനുസരണയുള്ള, നിവർന്നുനിന്ന് ചോദ്യങ്ങൾ ചോദിക്കാൻ ആത്മവിശ്വാസമില്ലാത്ത ഒരു ജനതയാണ് ഇത്തരം സംസ്ക്കാര വാദികളുടേയും പാരമ്പര്യവാദികളുടേയും എക്കാലത്തുമുള്ള സ്വപ്നം. എന്നാൽ മാത്രമേ നാട് ഭരിക്കുന്ന അമ്പത്താറിഞ്ച് അതിമാനുഷരുടെ ഏകപക്ഷീയമായ മങ്കി ബാത്ത് തള്ളുകൾ കണ്ണു മിഴിച്ച് നിന്ന് ഏറ്റുവാങ്ങുന്ന അടിമക്കൂട്ടങ്ങളെ സൃഷ്ടിച്ചെടുക്കാൻ കഴിയൂ എന്ന് അവർക്കറിയാം. അത് മനസ്സിലാക്കി പ്രതിരോധിക്കാൻ, പ്രതിരോധത്തിന്റെ നവ സംസ്ക്കാരം സൃഷ്ടിക്കാൻ കേരളത്തിനെങ്കിലും സാധിക്കേണ്ടതുണ്ട്.

സർക്കാർ എന്ത് ചെയ്യും

സർക്കാർ എന്ത് ചെയ്യും

ഒരു ജനാധിപത്യ കാലത്ത് തുല്യതയാണ്, പരസ്പര ബഹുമാനമാണ് സംസ്ക്കാരം എന്ന് ഇതുപോലുള്ള വിദ്യാലയ നടത്തിപ്പുകാർ മനസ്സിലാക്കിയില്ലെങ്കിലും ജനാധിപത്യ സർക്കാർ നിയന്ത്രിക്കുന്ന വിദ്യാഭ്യാസ വകുപ്പിനെങ്കിലും മനസ്സിലാക്കാൻ കഴിയണം. സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഇക്കാര്യത്തിൽ എന്ത് നടപടിയാണ് സ്വീകരിക്കാൻ പോകുന്നത് എന്നറിയാൻ താത്പര്യമുണ്ട് എന്നാണ് ബൽറാമിന്റെ പ്രതികരണം.

വിശ്വാസം അടിച്ചേൽപ്പിക്കരുത്

വിശ്വാസം അടിച്ചേൽപ്പിക്കരുത്

പികെ ഫിറോസിന്റെ പോസ്റ്റ് ഇതാണ്: വിശ്വാസമുള്ളവർക്ക് ആചരിക്കാനും ഇല്ലാത്തവർക്ക് ആചരിക്കാതിരിക്കാനുമുള്ള സ്വാതന്ത്ര്യമാണ് നമ്മുടെ രാജ്യത്തിന്റെ ഭരണഘടന വിഭാവനം ചെയ്യുന്നത്. അത് കൊണ്ടു കൂടിയാണ് നമ്മുടെ രാജ്യം ഒരു മതേതര രാജ്യമാണ് എന്ന് നാം അഭിമാനിക്കുന്നത്. എന്നാൽ ഒരാളുടെ വിശ്വാസം അതില്ലാത്തവന്റെ മേൽ അടിച്ചേൽപ്പിക്കുന്നത് ഭരണഘടനാ വിരുദ്ധവും വ്യക്തി സ്വാതന്ത്ര്യത്തിന്റെ മേലിലുള്ള ഇടപെടലുമാണ്. അത്തരമൊരു വാർത്തയാണ് തൃശൂർ ജില്ലയിലെ ചേർപ്പ് സി.എൻ.എൻ ഗേൾസ് സ്കൂളിൽ നിന്നും പുറത്ത് വന്നിട്ടുള്ളത്.

നിർബന്ധിത പാദപൂജ

നിർബന്ധിത പാദപൂജ

'ഗുരു പൂർണ്ണിമ ' എന്ന പേരിൽ മുഴുവൻ ക്ലാസിലും അധ്യാപകർക്ക് നിർബന്ധിത പാദപൂജ നടത്തി എന്നാണ് വാർത്ത. സ്കൂളുകൾ, അത് സർക്കാർ ഉടമസ്ഥതയിലായാലും സ്വകാര്യ ഉടമസ്ഥതയിലായാലും പൊതു വിദ്യാലയങ്ങളാണ്. കുട്ടികൾ അധ്യാപകരുടെ അപ്രീതി ക്ഷണിച്ചു വരുത്തണ്ട എന്ന് വിചാരിക്കുന്നവരായത് കൊണ്ട് എതിർപ്പ് പ്രകടിപ്പിക്കില്ലാത്തതിനാൽ സ്കൂൾ മാനേജ്മെന്റിന്റെയോ അധ്യാപകരുടെയോ വിശ്വാസങ്ങൾ അവരുടെ മേൽ അടിച്ചേൽപ്പിക്കുന്നത് അംഗീകരിക്കാനാവില്ല.

മന്ത്രിക്ക് കത്തയച്ചു

മന്ത്രിക്ക് കത്തയച്ചു

ഇക്കാര്യം അന്വേഷിച്ച് നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. കൂടാതെ സംസ്ഥാനത്തെ പല സ്കൂൾ മാനേജ്മെന്റുകളും യൂണി ഫോമിന്റെ പേര് പറഞ്ഞ് പെൺകുട്ടികൾക്ക് മഫ്ത ധരിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കുന്നതായി വ്യാപകമായ പരാതി ഉയർന്നിട്ടുണ്ട്. തങ്ങളുടെ തീരുമാനം അംഗീകരിക്കാത്തവർ ഇവിടെ പഠിക്കണ്ട എന്ന ധിക്കാരമാണ് അത്തരം മാനേജ്മെന്റുകൾ സ്വീകരിക്കുന്നത്.

പൊതു നിർദേശം പുറപ്പെടുവിക്കണം

പൊതു നിർദേശം പുറപ്പെടുവിക്കണം

ഇക്കാര്യത്തിൽ ഒരു പൊതു നിർദേശം പുറപ്പെടുവിക്കണമെന്നും വിദ്യാഭ്യാസ മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. തട്ടമിട്ടവരും ഇടാത്തവരും പൊട്ടു തൊട്ടവരും പൊട്ടു തൊടാത്തവരുമൊക്കെ ഒരുമിച്ചിരുന്ന് പഠിച്ചതു കൊണ്ടാണ് നമ്മളിന്നീ കാണുന്ന സൗഹൃദങ്ങളൊക്കെ അവശേഷിക്കുന്നത്. വിദ്യാലയങ്ങൾ അവനവന്റെ വിഭാഗത്തിന് മാത്രമാക്കി, ഒരു പൊതു ഇടം കൂടി ഇല്ലാതാക്കുന്ന നടപടിയെ സർക്കാർ ഗൗരവത്തോടെ നോക്കിക്കാണുമെന്ന് പ്രതീക്ഷിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റ്

വിടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്

English summary
PK Firoz and VT Balram against Gurupooja in School
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X