'ഇവ്‌ടെ ഇതിനൊക്കെ ആളില്ലാഞ്ഞിട്ടാണോ..?!.മുകേഷ് ഭായിയെ ഏല്‍പ്പിക്കണം';മാധ്യമപ്രവര്‍ത്തകന്റെ കുറിപ്പ്
കോഴിക്കോട്: ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ വീഡിയോ ഷെയറിംഗ് അപ്ലിക്കേഷനായ ടിക് ടോക് അടക്കം 59 അപ്ലിക്കേഷനുകളാണ് ഇന്ത്യ നിരോധിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് തിങ്കളാഴ്ച്ച രാത്രിയായിരുന്നു കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഉത്തരവ് പുറത്തിറക്കിയത്. സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെ ട്രോളിക്കൊണ്ടുള്ള മാധ്യമ പ്രവര്‍ത്തകന്റെ കുറിപ്പ് വൈറലാവുന്നു. 24 ന്യസിലെ മാധ്യമപ്രവര്‍ത്തകനായ ഹര്‍ഷന്റെ കുറിപ്പാണ് സോഷ്യല്‍മീഡിയയില്‍ വൈറലായികൊണ്ടിരിക്കുന്നത്. ഇതിന്റെ പൂര്‍ണ്ണരൂപം വായിക്കാം.

എട്ടിന്റെ പണി
'ഇതാണ് ശരിക്കും സര്‍ജ്ജിക്കല്‍ സ്‌ട്രൈക്ക്... ഒരു തുള്ളി ചോര പൊടിയാതെ നമ്മള് എട്ടിന്റെ പണികൊടുത്തില്ലേ.പി എം കെയറായിട്ടും മെഡിക്കല്‍ ഉപകരണങ്ങള്‍ക്കായിട്ടും ഒക്കെ പത്തുനൂറുകോടി തന്ന് സോപ്പിടാന്‍ നോക്കിയ ടിക്ടോക്കിനെപ്പോലും ഒന്നും നോക്കാതെ ചെവിയേ തൂക്കി തോട്ടിലെറിഞ്ഞില്ലേ ...!ഇനി പ്രതിപക്ഷം എന്നാ പറഞ്ഞോണ്ട് വരും.

ഇത് പോര
പക്ഷേ ഇത് പോര...സ്റ്റാര്‍ട്ടപ്പുകളില്‍ മാത്രം ഏതാണ്ട് നാലു ബില്യണ്‍ ഡോളര്‍ ചൈനാക്കാര് ഇറക്കീട്ടൊണ്ട്.ഇന്ത്യയിലെ മുപ്പതോളം വരുന്ന ബില്യണ്‍ ഡോളര്‍ യൂണീകോണ്‍ കമ്പനികളില്‍ പതിനെട്ടിന്റേയും മേജര്‍ ഷെയര്‍ ഇപ്പ ചൈനേടെ കയ്യിലാ.അത് പതിനെട്ടും നമ്മക്ക് ഒന്നുകില്‍ പൂട്ടിക്കണം അല്ലെങ്കില്‍ എഴുതിമേടിക്കണം.

അവമ്മാര് കാശെറക്കീ
പേ ടിഎം,പേ ടിഎം മാള്‍,മേക് മൈ ട്രിപ്പ്,ഓല,ഡെലിവറി,സൊമാറ്റോ,പോളിസി ബസാറ്,ഫ്‌ലിക്കര്‍,ഓയോ,സ്വിഗ്ഗി,സ്‌നാപ് ഡീല്‍,ഉഡാന്‍,ബിഗ് ബാസ്‌കറ്റ്,ഹൈക്ക് തുടങ്ങി സകല കണ്ടകണച്ചാദി കമ്പനികളിലും പിന്നെ നമ്മടെ ബൈജൂസ് ആപ്പിലും ഒക്കെ അവമ്മാര് കാശെറക്കീട്ടൊണ്ട്.

സകല ഫോണും അവമ്മരടെയാ
നമ്മളായിട്ട് തുറന്നുകൊടുത്ത എഫ്ഡിഐ ഏതാണ്ട് ആറര ബില്യണ്‍ വരും, അത് ഒഴിവാക്കണം. ഒപ്പോ ,വിവോ,വണ്‍പ്ലസ്,വാവേ തുടങ്ങി സാധാരണക്കാരന്‍ കുത്തിക്കളിക്കുന്ന സകല ഫോണും അവമ്മരടെയാ.ഗ്ലാന്‍ഡ് ഫാര്‍മ പോലുള്ള ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി മുതല്‍ ജിഎം മോട്ടോഴ്‌സ് പോലുള്ള ഓട്ടോ മൊബൈല്‍ കമ്പനികളില്‍ വരെ അവമ്മാര് നിക്ഷേപിച്ചേക്കുവാ.

മുകേഷ് ഭായിയെ ഏല്‍പ്പിക്കണം
കാശിട്ട് കാശുവാരുന്ന പരിപാടി.ഇവ്‌ടെ ഇതിനൊക്കെ ആളില്ലാഞ്ഞിട്ടാണോ..?!.മുകേഷ് ഭായിയെ ഏല്‍പ്പിക്കണം,ക്ലീന്‍ ക്ലീനാക്കിത്തരും.പിന്നെ ഹോങ്കോങ്ങുവഴി കൊറേ നിക്ഷേപം ഒണ്ട്,അതും ചൈനേടെ കടത്താ.ധനകാര്യ സ്ഥാപനങ്ങളില്‍പ്പോലും അവരുടെ കാശുണ്ടെന്നേ,കണ്ടുപിടിക്കണം പൂട്ടിക്കെട്ടണം.

ഇടപ്പള്ളീടെ പേര് ഒപ്പോന്ന്
അതുപോലെ ഐപിഎല്ലിനൊക്കെ ഒള്ള സ്‌പോണ്‍സര്‍ ഷിപ്പ് എടുത്തുകളയാന്‍ ഛോട്ടാഭായിയോട് പറയണം. കൊച്ചീല്‍പ്പോലും ഇടപ്പള്ളീടെ പേര് ഒപ്പോന്ന് ആക്കിയെന്നുവച്ചാ എന്നാ പറയാനാ.മെട്രോയേക്കൊണ്ട് അത് തിരുത്തിക്കണം.

എന്നാ പറയാനാ...
അതുപോലെ ആ ഷാങ്ഹായ് ടണല്‍ എഞ്ചിനീയറിങ് കമ്പനിക്ക് കൊടുത്തതും കൊടുക്കാനിരിക്കുന്നതുമായ സകല കോണ്‍ട്രാക്ടും പിന്‍വലിക്കണം.സ്വദേശി ജാഗരണ്‍ മഞ്ചുകാര് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാ പറയാനാ... കൊവിഡ് വന്നതോടെ കോടതിക്കുപോലും സൂം വേണം.

പിള്ളേരാപ്പുകള്‍
പറഞ്ഞുവന്നത് ...ഈ ടിക് ടോക് പോലത്തെ പിള്ളേരാപ്പുകള്‍ക്കുള്ള ചീനവലയില്‍ ഒതുക്കാതെ കമ്പവല തന്നെ ഇറക്കണം.
അല്ലെങ്കില്‍ അര്‍ണബിന് ഒരാഴ്ച അര്‍മ്മാദിക്കാനും ഭാവനായുദ്ധത്തില്‍ അഭിരമിക്കാനും ഇച്ചിരെ തിങ്‌സ് ഇട്ടുകൊടുത്തതാണെന്ന് ദോഷൈകദൃക്കുകള്‍ പറയും.

ചൈന കേറിക്കളിക്കുന്നത്
സത്യം പറഞ്ഞാ അതിര്‍ത്തിയിലല്ല ഇന്ത്യന്‍ ഇക്കോണമിയിലാ ചൈന കേറിക്കളിക്കുന്നത്,അത് വാറ്റിയൂറ്റിക്കളയണം. ചൈനാക്കാര് ശരിയല്ല...നമ്മുടെ പട്ടേല്‍ പ്രതിമയ്ക്ക് വെങ്കലം വിറ്റ ടീമാണ്, കരുതിയിരിക്കണം.