കേരളത്തില്‍ ഇന്നും മഴ തുടരും, ശക്തമായ കാറ്റും : ഐഎംഡി മുന്നറിയിപ്പ്
തിരുവനന്തപുരം: കേരളത്തില്‍ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്ന് ഐഎംഡി മുന്നറിയിപ്പ്. പലയിടങ്ങളിലും വ്യാപകമായ രീതിയില്‍ ഇടിയോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്നും ജനം ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ കേന്ദ്രം പറയുന്നു.
മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. കേരള തീരത്ത് 60 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാമെന്നും അതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും ഐഎംഡി നിര്‍ദേശത്തില്‍ പറയുന്നു. കേരളത്തില്‍ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. സംസ്ഥാനത്തിന്റെ മലയോര മേഖലകളിലും നിര്‍ദേശം നല്‍കിയിട്ടുണ്ട്. വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴ തുടരുമെന്നാണ് വിവരം. കഴിഞ്ഞ ദിവസങ്ങളില്‍ ഇടിമിന്നലിലും കാറ്റിലും നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. ന്യൂനമര്‍ദപാത്തി കര്‍ണാടകം മുതല്‍ മധ്യപ്രദേശ് വരെയുള്ള ഭാഗത്ത് നിലനില്‍ക്കുന്നതും ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴിയുമാണ് സംസ്ഥാനത്ത് മഴക്ക് കാരണമാകുന്നത്.

തിരുവനന്തപുരത്ത് തോന്നയ്ക്കലില്‍ ശക്തമായി ഇടിമിന്നലോട് കൂടിയ മഴയില്‍ പത്ത് പേര്‍ക്ക് ഇടിമിന്നലേറ്റിരുന്നു. അപകടത്തില്‍പെട്ടവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. തൊഴിലുറപ്പ് തൊഴിലാളികളാണ് പരിക്കേറ്റവരില്‍ ഒമ്പത് പേരും. തോന്നക്കലിന് സമീപത്തെ മണലകത്താണ് അപകടം ഉണ്ടായത്.
Recommended Video


ശക്തമായ മഴയോടൊപ്പം ഉണ്ടാകുന്ന ഇടിമിന്നലുകളും അപകടം സൃഷ്ടിക്കാന്‍ ഇടയുണ്ട്. ജനം മുന്‍കരുതല്‍ സ്വീകരിക്കണമെന്നും അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ ജനങ്ങള്‍ ജാഗ്രത സ്വീകരിക്കണം എന്ന് മുന്നറിയിപ്പില്‍ പറയുന്നു. ഇടിമിന്നല്‍ ദൃശ്യമല്ല എന്ന കാരണത്താല്‍ ജനങ്ങള്‍ ജാഗ്രത സ്വീകരിക്കുന്നതില്‍ മടി കാണിക്കരുത്.
ഇടിമിന്നലുണ്ടാകുമ്പോള്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിലേക്ക് മാറുക. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളപ്പോള്‍ ജനലും വാതിലും അടച്ചിടുക.

വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുക. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം പെട്ടെന്ന് തന്നെ വിഛേദിക്കുക. വൈദ്യുതി ഉപകരണങ്ങളുടെ അടുത്തേക്ക് പോകുന്നത് ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് പരമാവധി ടെലിഫോണ്‍ ഉപയോഗം ഒഴിവാക്കണം.
ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. വാഹനങ്ങള്‍ മരച്ചുവട്ടില്‍ പാര്‍ക്ക് ചെയ്യുകയുമരുത്. ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകള്‍ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങള്‍ സുരക്ഷിതരായിരിക്കും. സൈക്കിള്‍, ബൈക്ക്, ട്രാക്ടര്‍ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നല്‍ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നല്‍ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തില്‍ അഭയം തേടുകയും വേണം.












Click it and Unblock the Notifications