ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി ഉടമ കെഡി പ്രതാപന്‍ അറസ്റ്റില്‍; 'അന്വേഷണവുമായി സഹകരിക്കുന്നില്ല'
കൊച്ചി: ഓണ്‍ലൈന്‍ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗിന്റെ മറവില്‍ കോടികള്‍ തട്ടിയെടുത്ത ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി ഉടമ കെ ഡി പ്രതാപന്‍ അറസ്റ്റില്‍. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ശേഷമാണ് ഇഡി കെ ഡി പ്രതാപനെ അറസ്റ്റ് ചെയ്തത്. തുടര്‍ച്ചയായ ദിവസങ്ങളിലെ ചോദ്യം ചെയ്യലുകള്‍ക്കു ശേഷമാണ് ഇ ഡി പ്രതാപന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച ഇയാളെ കോടതിയില്‍ ഹാജരാക്കും.
അന്വേഷണവുമായി പ്രതാപന്‍ സഹകരിക്കുന്നില്ല എന്നാണ് ഇ ഡി പറയുന്നത്. കേസില്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും. സംസ്ഥാനം കണ്ട ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പുകളിലൊന്നാണ് ഹൈറിച്ച് കേസ് എന്നാണ് ഇ ഡി പറയുന്നത്. 1157 കോടി രൂപയാണ് ഓണ്‍ലൈന്‍ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗിന്റെ മറവില്‍ പ്രമോട്ടര്‍മാരായ പ്രതാപനും ഭാര്യ ശ്രീനയും ചേര്‍ന്ന് തട്ടിയെടുത്തത് എന്നാണ് ഇ ഡിയുടെ കണ്ടെത്തല്‍.

ഗ്രോസറി ഉല്‍പന്നങ്ങളുടെ വില്‍പനയ്ക്കായി ഹൈറിച്ച് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് രീതിയില്‍ ഇടപാടുകാരെ സൃഷ്ടിക്കുകയായിരുന്നു പ്രതാപനും ശ്രീനയും. പുതിയ ഇടപാടുകരെ ചേര്‍ക്കുന്നവര്‍ക്ക് കമ്മിഷന്‍ ലഭിക്കുന്ന രീതിയിലായിരുന്നു ഇതിന്റെ പ്രവര്‍ത്തനം. ഇത്തരത്തില്‍ ഏതാണ്ട് 1.63 കോടി ഇടപാടുകാരുടെ ഐഡികള്‍ ഉണ്ട് എന്നാണ് ഇ ഡി കണ്ടെത്തിയിരിക്കുന്നത്.
ഇടപാടുകാരുടെ എണ്ണം പെരുപ്പിച്ചുകാട്ടാന്‍ ഒരു ഇടപാടുകാരന്റെ പേരില്‍ തന്നെ 50 ലേറെ ഐ ഡികള്‍ സൃഷ്ടിച്ചു. കമ്പനിയുടെ ക്രിപ്റ്റോ കറന്‍സി ഇടപാടുകളിലൂടെ വന്‍തുക ഹൈറിച്ച് പ്രമോട്ടര്‍മാര്‍ സമ്പാദിച്ചു. അംഗത്വ ഫീസ് ഇനത്തില്‍ മാത്രം പ്രതികള്‍ 1500 കോടി രൂപ ഇടപാടുകാരില്‍ നിന്ന് ഇരുവരും വാങ്ങിയെടുത്തെന്നും ഇ ഡി പറയുന്നു. ഇതില്‍ നിന്ന് 250 കോടി രൂപ പ്രതാപനും ശ്രീനയും ചേര്‍ന്ന് തട്ടിയെടുത്തു എന്നാണ് ഇ ഡി വാദം.
കറന്‍സി ഇടപാടിലൂടെ കോടികള്‍ വിദേശത്തേക്ക് കടത്തിയെന്നാണ് കേസ്. നേരത്തെ ഹൈറിച്ചിന്റെ സ്വത്തുക്കള്‍ ഇ ഡി മരവിപ്പിച്ചിരുന്നു. അതിനിടെ കമ്പനി 126 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിട്ടുണ്ട് എന്നാണ് ജി എസ് ടി വകുപ്പ് പറയുന്നത്. മണിചെയിന്‍ തട്ടിപ്പ്, കുഴല്‍പണം തട്ടിപ്പ്, ക്രിപ്‌റ്റോറന്‍സി തട്ടിപ്പ് എന്നിവയെല്ലാം ഇരുവരും ചേര്‍ന്ന് നടത്തി.
126 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയത് പുറത്ത് വന്നതോടെ പ്രതാപനെ ജി എസ് ടി വിഭാഗം അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് ജാമ്യത്തിലിറങ്ങി. ഇതിന് പിന്നാലെയാണ് കൂടുതല്‍ തട്ടിപ്പുകള്‍ പുറത്ത് വരുന്നത്. ജിഎസ്ടി തട്ടിപ്പ് മാത്രമാണ് നടത്തിയത് എന്നായിരുന്നു ശ്രീനയുടെയും പ്രതാപന്റെയും തുടക്കത്തിലെ വാദം എങ്കിലും പുതിയ കണ്ടെത്തലുകള്‍ വന്നതോടെ ആ വാദം പൊളിയുകയായിരുന്നു.












Click it and Unblock the Notifications