
നോട്ടുകളില്‍ ഹിന്ദു ദൈവങ്ങള്‍: കെജ്രിവാൾ പറയുന്നത് ട്രോളിലൊതുക്കാവുന്ന തമാശ മാത്രമല്ല: വികെ സനോജ്
ദില്ലി: രാജ്യത്തെ കറന്‍സി നോട്ടുകളില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങളും ആലേഖനം ചെയ്യണമെന്ന് ആവശ്യപ്പെട്ട എ എ പി നേതാവ് അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷ വിമർശനവുമായി ഡി വൈ എഫ് ഐ നേതാവ് വികെ സനോജ്. കൃത്യമായ രാഷ്ട്രീയ വീക്ഷണമോ ആശയ ദൃഢതയോ ഇല്ലാത്ത ഏതൊരു രാഷ്ട്രീയ മുന്നേറ്റവും അന്തിമമായി വലതുപക്ഷ ചേരിയിൽ ചെന്നു പതിക്കുന്ന ആൾക്കൂട്ടം മാത്രമാണെന്നാണ് വികെ സനോജ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ വ്യക്തമാക്കുന്നത്. കെജ്രിവാളിന്റെ പരാമർശം ട്രോലിലൊതുക്കാവുന്ന തമാശ മാത്രമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. വികെ സനോജിന്റെ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ..
കൃത്യമായ രാഷ്ട്രീയ വീക്ഷണമോ ആശയ ദൃഢതയോ ഇല്ലാത്ത ഏതൊരു രാഷ്ട്രീയ മുന്നേറ്റവും അന്തിമമായി വലതുപക്ഷ ചേരിയിൽ ചെന്നു പതിക്കുന്ന ആൾക്കൂട്ടം മാത്രമാണ്. രാജ്യത്തെ കറൻസികളിൽ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ അച്ചടിക്കണമെന്നും, അത് രാജ്യത്തിന് അഭിവൃദ്ധി കൊണ്ടുവരുമെന്നും അരവിന്ദ് കേജ്രിവാൾ പറയുമ്പോൾ അത് ട്രോളിലൊതുക്കാവുന്ന തമാശ മാത്രമല്ല.
ഇന്ത്യയിൽ ഹിന്ദുത്വ ഫാസിസം അധികാത്തിലേറിയത് 96-ലോ 2014-നാലിലോ മാത്രമല്ല. രാജ്യം ഭരിച്ചിരുന്ന കോൺഗ്രസ് ഉൾപ്പെടുന്ന വലത്പക്ഷ പാർട്ടികൾ വോട്ട് ബാങ്ക് ലക്ഷ്യമിട്ടും അല്ലാതെയും നടത്തിയ വർഗ്ഗീയ പ്രീണന നയങ്ങളുടെ തുടർച്ച തന്നെയാണ് 2014 ൽ ഉണ്ടായത് എന്ന് കാണാം. ബിജെപിയെ എതിർക്കുന്നു എന്നവകാശപ്പെടുന്ന അരവിന്ദ് കേജ്രിവാളും ആം ആദ്മി പാർട്ടിയും ബിജെപി എന്ന മൂന്നക്ഷരത്തെ മാത്രമാണ് എതിർക്കുന്നത്. ബിജെപിയെ നയിക്കുന്ന ഹിന്ദുത്വ പ്രത്യയ ശാസ്ത്രത്തെ അവർ പുൽകുകയാണ്. കോൺഗ്രസിന് സംഭവിച്ചതും ഇത് തന്നെയാണ്. തീവ്രമത വർഗ്ഗീയതയെ മൃദുമത വർഗ്ഗീയത കൊണ്ടല്ല നേരിടേണ്ടത്.
രാജ്യത്തെ ഭരണ ഘടനയുടെ ആമുഖം ദൈവ നാമത്തിൽ ആരംഭിക്കണമെന്ന ആവശ്യം പ്രമേയമായി ഭരണ ഘടനാ നിർമ്മാണ സഭയിൽ വന്നിരുന്നു. അതിനെ വോട്ടിനിട്ട് പരാജയപ്പെടുത്തിയാണ് 'ഭാരതത്തിലെ ജനങ്ങളായ നാം' എന്ന് തുടങ്ങുന്ന പൗരാന്തസ്സിനെ മുൻ നിർത്തിയുള്ള ആമുഖ വാചകങ്ങൾ എഴുതി ചേർക്കപ്പെട്ടത്.
ആ വോട്ടെടുപ്പിൽ പങ്കെടുത്ത ഭൂരിഭാഗവും ദൈവ വിശ്വാസികളും ആയിരുന്നു.
എല്ലാ മതങ്ങളിലും വിശ്വസിക്കുന്നവർക്കും മതമില്ലാത്തവർക്കും ഒരേ അവകാശങ്ങൾ നൽകുന്ന ഭരണഘടനയുള്ള രാജ്യത്താണ് നാം ജീവിക്കുന്നത്. ആ രാജ്യത്തിന്റെ കറൻസി ഒരു മതരാജ്യത്തിന്റെ മാതൃകയിൽ ഏതെങ്കിലും മതവിശ്വാസത്തിന്റെ ഭാഗമായ ദൈവചിത്രം മുദ്രണം ചെയ്തവ ആയിക്കൂടാ. മതേതര രാഷ്ട്രത്തിന്റെ ഏതൊരു ചിഹ്നവും മതേതരം തന്നെയാവണം. രാജ്യം അഭിവൃദ്ധിപ്പെടാൻ നല്ല രാഷ്ട്രീയ നയങ്ങളും
ആ ആശയങ്ങളിൽ അധിഷ്ഠിതമായ രാഷ്ട്രീയ ഭരണ നേതൃത്വവുമാണ് വേണ്ടത്. കോർപ്പറേറ്റ് താൽപര്യങ്ങൾ നടപ്പിലാക്കുന്ന ഒരു ഭരണത്തിൽ വിലയിടിഞ്ഞ രൂപയെ രക്ഷിക്കാൻ ദൈവം വിചാരിച്ചാൽ കഴിയില്ല!