'ബോബി ചെമ്മണ്ണൂരിന്റെ ആ ശ്രമം പൊളിഞ്ഞ് പാളീസായി: പറ്റ് ബുക്കിലേതെന്ന പോലെ തീർക്കാനുള്ള കാര്യമല്ല ഇത്'
ജാമ്യം ലഭിച്ചിട്ടും ജയിലില്‍ നിന്നും ഇറങ്ങാന്‍ തയ്യാറാകാതിരുന്ന ബോബി ചെമ്മണ്ണൂരിനെതിരെ വലിയ രീതിയുള്ള വിമർശനമാണ് കഴിഞ്ഞ ദിവസം കോടതി നടത്തിയത്. ഒടുവില്‍ കോടതി മുമ്പാകെ നിരുപാധികം മാപ്പ് അപേക്ഷ നടത്തി ബോബി ചെമ്മണ്ണൂർ ഒരുവിധം രക്ഷപ്പെടുകയായിരുന്നു. പുറത്തിറങ്ങാന്‍ കഴിയാതെ കിടക്കുന്ന റിമാന്‍ഡ് തടവുകാർക്ക് പിന്തുണയുമായിട്ടാണ് താന്‍ ജയിലില്‍ കഴിയുന്നതെന്ന് തുടക്കത്തില്‍ പറഞ്ഞ ബോബി പിന്നീട് അത് മാറ്റിപ്പറയുകയും ചെയ്തു.
യഥാർത്ഥത്തില്‍ സമൂഹത്തിന് മുമ്പാകെ നന്മമരമാകാനുള്ള ബോബിയുടെ നാടകമാണ് ഇതിലൂടെ പൊളിഞ്ഞതെന്നാണ് രാഷ്ട്രീയ നിരീക്ഷകനായ ശ്രീജിത്ത് പണിക്കർ അഭിപ്രായപ്പെടുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ബോബി ചെമ്മണ്ണൂരിനെ ന്യായീകരിക്കാനായി ശ്രമിക്കുന്ന പലരും പറയുന്ന ചില വാദങ്ങളുണ്ട്. ബോബി ചെമ്മണ്ണൂർ സാമൂഹ്യമാധ്യമങ്ങളിലൂടേയും മറ്റ് നടത്തിയ ഇടപെടലുകളെ തമാശ എന്ന രീതിയിലാണ് ഇവർ കാണുന്നതെന്നും അദ്ദേഹം പറയുന്നു.

മെന്‍സ് അസോസിയേഷന്‍ എന്ന് പറയുന്ന ഏതോ ഒരു സംഘടനയുണ്ട്. അതിന്റെയൊക്കെ പ്രതിനിധികള്‍ ഈ വിഷയത്തില്‍ സംസാരിക്കുന്നത് നാം കണ്ടു. അവരെല്ലാം പറയുന്നത് ബോബി ചെമ്മണ്ണൂർ തമാശ പറയുകയാണെന്നാണ്. അതേ തമാശ അദ്ദേഹം കോടതിയിലും കളിക്കാന്‍ ശ്രമിച്ചപ്പോഴാണ് കോടതി കയ്യോടെ പിടികൂടിയതും അനവസരത്തില്‍ തമാശ പറയേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് എത്തിയതും.
രാഹുല്‍ ഈശ്വർ കഴിഞ്ഞ ദിവസം പറഞ്ഞത് വളരെ ബാലന്‍സ് ആയിട്ടുള്ള ഒരു വിധിയാണ് കോടതിയുടെ ഭാഗത്ത് നിന്നും വന്നതെന്നായിരുന്നു. എന്നാല്‍ അത് അങ്ങനെ ആയിരുന്നില്ല. വളരെശക്തമായ രീതിയില്‍ തന്നെ ബോബി ചെമ്മണ്ണൂരിന് എതിരായിരുന്നു കോടതിയുടെ വിധി. നടിയുടെ പരാതി പൂർണ്ണമ്മായും വിശ്വസിച്ചുകൊണ്ടും അതില്‍ അവരുടെ വാദങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതാണെന്ന ബോധ്യമുണ്ടെന്നും കോടതി പറഞ്ഞു. ഇത് കേട്ടാല്‍ ദ്വയാർത്ഥ പ്രയോഗമാണെന്ന് മനസ്സിലാകാത്ത മലയാളികളുണ്ടോയെന്നൊക്കെ പറഞ്ഞുകൊണ്ടാണ് കോടതി വിധി പറഞ്ഞതെന്നും ശ്രീജിത്ത് പണിക്കർ ചൂണ്ടിക്കാണിക്കുന്നു.
നോർമല്‍ കോഴ്സ് എന്ന് പറയുന്നത് ജാമ്യമാണ്, അല്ലാതെ ബെയില്‍ അല്ല. പ്രത്യേകിച്ച് പൊലീസ് കസ്റ്റഡി ആവശ്യപ്പെടാത്ത സാഹചര്യത്തിലൊക്കെ അദ്ദേഹത്തിന് അവിടെ ജാമ്യം കിട്ടിയെന്ന് മാത്രമേയുള്ളു. അല്ലാതെ അവിടെ വേറെ ബാലന്‍സിങ് ഒന്നും ഇല്ല. ബുധനാഴ്ചത്തെ കോടതിയുടെ ഇടപെടലുകള്‍ അതിനെ കൂടുതല്‍ വ്യക്തമാക്കുന്നു. നേരത്തെ ചിലരൊക്കെ പറഞ്ഞത് മീഡിയ അറ്റന്‍ഷന് വേണ്ടി ശ്രമിക്കുന്നത് ബോബി ചെമ്മണ്ണൂർ അല്ല ഹണി റോസ് ആണെന്നായിരുന്നു.
എന്നാല്‍ കിട്ടിയിരിക്കുന്ന ജാമ്യത്തിന്റെ പേപ്പർ എടുത്ത് പോക്കറ്റിലിട്ടുകൊണ്ട് മീഡിയ അറ്റന്‍ഷന് വേണ്ടി ശ്രമിക്കുന്നത് ബോബി ചെമ്മണ്ണൂർ ആണെന്ന് പറഞ്ഞത് കോടതിയാണ്. നല്‍കിയിരിക്കുന്ന ജാമ്യം റദ്ദാക്കാന്‍ തയ്യാറാകും എന്ന് വരെ കോടതി പറഞ്ഞു. തനിക്ക് യാതൊരു വിധത്തിലുള്ള സ്വാതന്ത്രവും ഇല്ലാത്ത മറ്റൊരാളുടെ ഇടത്തേക്ക് കയറിചെന്ന് അനാവശ്യ ഇടപെടല്‍ നടത്താന്‍ ഹണി റോസ് വിഷയത്തില്‍ എങ്ങനെയാണോ ബോബി ചെമ്മണ്ണൂർ ശ്രമിച്ചത് സമാനമായ വിഷയമാണ് അദ്ദേഹം മറ്റൊരു വിഷയത്തിലും നടത്തിയത്.
ബുദ്ധിമുട്ടുന്ന റിമാന്‍ഡ് പ്രവർത്തകരുടെ കാര്യത്തിലേക്ക് വരികയാണെങ്കില്‍ അങ്ങനെയുള്ള വ്യക്തികളെ സഹായിക്കുന്ന നിരവധി ലീഗല്‍ എയിഡ് സ്ഥാപനങ്ങളും എന്‍ജിഒകളുമുണ്ട്. പക്ഷെ അവർ ആരും ജയിലില്‍ പോയതിന് ശേഷം ഇന്ന് ഞങ്ങള്‍ പ്രതികളോടൊപ്പം കഴിയാം എന്ന രീതിയില്‍ അല്ല പ്രവർത്തിക്കുന്നത്. അതിന് കൃത്യമായ സംവിധാനമുണ്ട്. അല്ലാതെ ബോബി ചെമ്മണ്ണൂർ അവിടെ ഇരുന്ന് ഒരോരുത്തർക്കും എത്ര രൂപയാണ് വേണ്ടെതെന്ന് പറ്റ് ബുക്കില്‍ എഴുതുന്നത് പോലെ എഴുതി വെച്ചതിന് ശേഷം പിറ്റേന്ന് തീർപ്പാക്കുന്ന രീതിയല്ല നമ്മുടെ നാട്ടിലുള്ളത്. ലീഗില്‍ എയിഡിനെ പോലും തെറ്റായ രീതിയില്‍ വ്യാഖ്യാനിച്ച് താനെന്തോ നന്മമരമാണെന്ന പ്രതീതി ജനിപ്പിക്കാനുള്ള നാടകമാണ് പൊളിഞ്ഞിരിക്കുന്നതെന്നും ശ്രീജിത് പണിക്കർ വ്യക്തമാക്കുന്നു.












Click it and Unblock the Notifications