ദിലീപിനെ വെറുതെവിടുമെന്ന് എങ്ങനെ നേരത്തെ അറിഞ്ഞു? നിര്‍ണായക നീക്കം, രാഷ്ട്രപതി ഇടപെടുമോ
കൊച്ചി: ദിലീപ് ഉള്‍പ്പടെയുള്ള നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതികളെ വെറുതെവിടുമെന്ന കോടതി ഉത്തരവ് എങ്ങനെ നേരത്തെ പുറത്തായി എന്നത് സംബന്ധിച്ച് വീണ്ടും പരാതി. 'അന്വേഷി'യുടെ നേതാവായ കെ അജിത വിശദമായ അന്വേഷണം ആവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് കത്തയച്ചു. വളരെ പ്രമാദമായ ഒരു കേസില്‍ എങ്ങനെയാണ് ഇത്തരത്തില്‍ സംഭവിച്ചത് എന്ന സംശയമാണ് അജിത ഉന്നയിക്കുന്നത്.സുപ്രീംകോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണം വേണമെന്നാണ് ആവശ്യം.
വിധി പകര്‍പ്പ് ചോര്‍ന്നു എന്നാണ് സംശയം. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടന്നാല്‍ മാത്രമാണ് സ്ഥിരീകരണം വരികയുള്ളൂ. സംഭവത്തില്‍ മൂന്നാമത്തെ പരാതിയാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിനും കേരള പോലീസ് മേധാവിക്കും നേരത്തെ പരാതി ലഭിച്ചിരുന്നു. രാഷ്ട്രപതിയുടെ ഇടപെടലുണ്ടായാല്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ മറ്റൊരു വഴിത്തിരിവാകും. അപൂര്‍വമായിട്ടേ രാഷ്ട്രപതിയുടെ ഇടപെടലുണ്ടാവൂ.

നടി ആക്രമിക്കപ്പെട്ട കേസില്‍ വിധി വന്നത് ഡിസംബര്‍ എട്ടിനാണ്. ദിലീപ് ഉള്‍പ്പെടെ കേസിലെ നാല് പ്രതികളെ വെറുതെ വിടുകയും ബാക്കി ആറ് പേരെ കുറ്റക്കാരെന്ന് കണ്ടെത്തുകയുമായിരുന്നു കോടതി. എന്നാല്‍ പ്രമുഖരായ അഭിഭാഷകര്‍ക്കും നിയമ വിദഗ്ധര്‍ക്കും ഒരു ഊമക്കത്ത് നേരത്തെ ലഭിച്ചിരുന്നു. ഇതില്‍ വിധി എന്താകുമെന്ന് വിശദീകരിക്കുന്നു. കത്തില്‍ പറഞ്ഞ പോലെ തന്നെയാണ് കോടതി വിധി വന്നതും.
ഊമക്കത്തില്‍ പറയുന്ന ചില പേരുകള്‍
വിചാരണ കോടതി ജഡ്ജി, അവരുടെ അടുപ്പമുള്ള സ്ത്രീ, ഹൈക്കോടതിയിലെ ജഡ്ജിമാര്‍, ദിലീപിന്റെ സുഹൃത്ത് എന്നിവരുടെ പേരുകള്‍ കത്തില്‍ പറയുന്നുണ്ട്. നേരത്തെ കച്ചവടം ഉറപ്പിച്ച ശേഷമാണ് വിധി പ്രസ്താവിച്ചത് എന്ന ഗുരുതരമായ കാര്യമാണ് കത്തിലുണ്ടായിരുന്നത്. രണ്ടാം തിയ്യതി വച്ചാണ് കത്ത് തയ്യാറാക്കിയത്. മുന്‍ ജഡ്ജി കമാല്‍ പാഷ ഉള്‍പ്പെടെയുള്ളവര്‍ക്ക് കത്ത് കിട്ടിയത് നാലാം തിയ്യതിയാണ്. എട്ടാം തിയ്യതിയാണ് വിധി വന്നത്.
വിധിയിലെ കാര്യങ്ങള്‍ നേരത്തെ മറ്റു ചിലര്‍ അറിയുക, കത്ത് വഴി അത് പ്രമുഖരെ അറിയിക്കുക എന്നത് ഗൗരവമുള്ള കാര്യമാണ് എന്ന് കമാല്‍ പാഷ പറഞ്ഞു. ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റ് യശ്വന്ത് ഷേണായ് വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കുറിപ്പ് എഴുതിയിരുന്നു.
നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിച്ച ഡിവൈഎസ്പി ബൈജു പൗലോസ് ഇക്കാര്യം സംസ്ഥാന പോലീസ് മേധാവിയെ രേഖാമൂലം അറിയിക്കുകയും ചെയ്തിരുന്നു. കത്ത് അയച്ച പോസ്റ്റ് ഓഫീസ് പോലീസ് അന്വേഷണത്തില്‍ മനസിലായി എന്നാണ് റിപ്പോര്‍ട്ടുകള്‍. സിസിടിവി പരിശോധിച്ചാല്‍ ആരാണ് കത്ത് പോസ്റ്റ് ചെയ്തത് എന്ന് മനസിലാകും. അതിനിടെയാണ് രാഷ്ട്രപതിക്ക് അന്വേഷണം ആവശ്യപ്പെട്ട് കത്ത് അയച്ചിരിക്കുന്നത്.
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ രാഷ്ട്രപതിക്ക് ലഭിക്കുന്ന രണ്ടാമത്തെ കത്താണിത്. നേരത്തെ മെമ്മറി കാര്‍ഡുമായി ബന്ധപ്പെട്ട വിഷത്തില്‍ അതിജീവിത തന്നെ രാഷ്ട്രപതിയുടെ ഇടപെടല്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം, വിധി ചോര്‍ന്നു എന്ന് കരുതാന്‍ സാധിക്കില്ലെന്നും കേസ് സൂക്ഷ്മമായി നിരീക്ഷിച്ച നിയമ പരിജ്ഞാനമുള്ളവര്‍ക്ക് വിധി എന്താകുമെന്ന് മനസിലാകുമെന്നും അത് വലിയ കാര്യമല്ലെന്നും ഇത്തരം ഊമക്കത്തുകള്‍ തനിക്കും കിട്ടാറുണ്ടെന്നുമാണ് അഡ്വ. ജയശങ്കര്‍ പ്രതികരിച്ചത്.












Click it and Unblock the Notifications