പ്രസംഗം പിണറായിയെ ഉദ്ദേശിച്ചല്ല, പറഞ്ഞത് ശുദ്ധ മലയാളത്തില്‍; വിശദീകരണവുമായി എംടി
കോഴിക്കോട്: കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ (കെ എല്‍ എഫ്) ഉദ്ഘാടന ചടങ്ങിലെ തന്റെ പ്രസംഗം മാധ്യമങ്ങള്‍ വിവാദമാക്കുന്നതില്‍ അടിസ്ഥാനമില്ലെന്ന് സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായര്‍. തന്റെ പ്രസംഗം സംബന്ധിച്ച മാധ്യമങ്ങളുടെ വ്യാഖ്യാനത്തിലും ചര്‍ച്ചയിലും തനിക്ക് പങ്കില്ലെന്ന് എം ടി വാസുദേവന്‍ നായര്‍ പറഞ്ഞതായി കൈരളി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
'എന്റെ വാക്കുകള്‍ സംസ്ഥാന സര്‍ക്കാരിനെയോ മുഖ്യമന്ത്രിയെയോ ഉദ്ദേശിച്ചല്ല. റഷ്യയില്‍ അടക്കമുള്ള സാഹചര്യങ്ങള്‍ പരാമര്‍ശിച്ചതിന്റെ അര്‍ഥം മലയാളം അറിയുന്നവര്‍ക്ക് മനസിലാകും. അത് കേരളത്തെ സൂചിപ്പിക്കാനല്ല. മാധ്യമങ്ങള്‍ കല്‍പിച്ച് പറയുന്ന വിവാദത്തിനും ചര്‍ച്ചക്കും ഞാനും പ്രസംഗവും ഉത്തരവാദിയല്ല,' എം ടി പറഞ്ഞു. ശുദ്ധമലയാളത്തിലാണ് താന്‍ പറഞ്ഞത് എന്നും അതിനെച്ചൊല്ലി മുഖ്യമന്ത്രിയെും മറ്റും വലിച്ചിഴക്കേണ്ടതില്ല എന്നും എം ടി പറഞ്ഞു.

അധികാരമെന്നാല്‍ ആധിപത്യമോ സര്‍വ്വാധിപത്യമോ ആകാമെന്നും രാഷ്ട്രീയ പ്രവര്‍ത്തനം അധികാരത്തിലെത്താനുള്ള അംഗീകൃത മാര്‍ഗമായി മാറിയെന്നും ആയിരുന്നു കെ എല്‍ എഫ് വേദിയില്‍ എം ടി പറഞ്ഞിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തെറ്റ് പറ്റിയാല്‍ അത് സമ്മതിക്കുന്ന ഒരു മഹാരഥനും ഇവിടെയില്ലെന്നും എം ടി പറഞ്ഞിരുന്നു.
'ആള്‍ക്കൂട്ടത്തെ എളുപ്പം ക്ഷോഭിപ്പിക്കുകയോ ആരാധകരാക്കുകയോ ചെയ്യാം. അധികാരം എന്നാല്‍ ജനസേവനത്തിന് കിട്ടുന്ന മെച്ചപ്പെട്ട അവസരമെന്ന സിദ്ധാന്തത്തെ എന്നോ കുഴിവെട്ടി മൂടി. റഷ്യന്‍ വിപ്ലവത്തില്‍ പങ്കെടുത്ത ജനാവലി ആള്‍ക്കൂട്ടമായിരുന്നു. ഭരണാധികാരികള്‍ എറിഞ്ഞു കൊടുക്കുന്ന ഔദാര്യത്തുണ്ടുകളല്ല സ്വാതന്ത്ര്യം', എന്നൊക്കെയായിരുന്നു എം ടി പറഞ്ഞിരുന്നത്.
ഇം എം എസ് നേതൃപൂജകളില്‍ വിശ്വസിച്ചിരുന്നില്ലെന്നും സ്വന്തം തെറ്റുകള്‍ അംഗീകരിക്കാന്‍ മനസുണ്ടായിരുന്നതിനാലാണ് അദ്ദേഹം മഹാനായ നേതാവായതെന്നും എം ടി പറഞ്ഞിരുന്നു. 1957-ല്‍ കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്നു. അതോടെ ലക്ഷ്യം നേടി എന്ന അലംഭാവത്തില്‍ എത്തിപ്പെട്ടവരുണ്ടാവാം എന്നും എന്നാല്‍ ഇത് ഒരാരംഭമാണെന്നും ആള്‍ക്കൂട്ടത്തെ ഉത്തരവാദിത്തമുള്ള ഒരു സമൂഹമാക്കി മാറ്റിയെടുക്കാനുള്ള ഒരു മഹാപ്രസ്ഥാനത്തിന്റെ തുടക്കം മാത്രമാണ് അധികാരത്തിന്റെ അവസരം എന്നും വിശ്വസിച്ചത് കൊണ്ടാണ് ഇ എം എസ് മഹാനായ നേതാവാവുന്നത് എന്നും എം ടി പറഞ്ഞിരുന്നു.
നയിക്കാന്‍ ഏതാനും പേരും നയിക്കപ്പെടാന്‍ അനേകരും എന്ന പഴയ സങ്കല്പത്തെ മാറ്റിയെടുക്കാനാണ് ഇ എം എസ് ശ്രമിച്ചത്. ആചാരോപചാരമായ നേതൃത്വ പൂജകളിലൊന്നും അദ്ദേഹത്തെ കാണാതിരുന്നതും അതിനാലാണ് എന്നും എം ടി പറഞ്ഞിരുന്നു. ത് ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ തയ്യാറാകുമെന്ന പ്രത്യാശ പ്രകടിപ്പിച്ചാണ് എം ടി പ്രസംഗം അവസാനിപ്പിച്ചത്.












Click it and Unblock the Notifications