'വൈകിയാൽ പരസ്പരം കെട്ടിപ്പിടിച്ച് നിലവിളിക്കേണ്ട ഗതിയാകും', ഇന്ത്യ എങ്ങോട്ടെന്ന് കെടി ജലീൽ
മലപ്പുറം: ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി കെടി ജലീൽ എംഎൽഎ. ബിജെപി ഭരിക്കുന്ന അസമിൽ മദ്രസകൾ അടച്ച് പൂട്ടുമെന്ന മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ പ്രഖ്യാപനം അടക്കം ചൂണ്ടിക്കാട്ടിയാണ് കെടി ജലീലിന്റെ വിമർശനം. മുസ്ലിം പേരാണെങ്കിൽ പൊറുപ്പിക്കില്ലെന്ന സമീപനമാണ് ബിജെപിയുടേത് എങ്കിൽ അതവർ തുറന്ന് പറയണമെന്ന് കെടി ജലീൽ ആവശ്യപ്പെട്ടു. കർണാടകത്തിൽ പിന്നാക്ക മുസ്ലീംങ്ങൾക്കുളള സംവരണം ബിജെപി സർക്കാർ എടുത്ത് കളഞ്ഞതും ജലീൽ ചൂണ്ടിക്കാട്ടുന്നു. 2024ലെ തിരഞ്ഞെടുപ്പ് ആകുമ്പോഴേക്കും ന്യൂനപക്ഷത്തേയും ഭൂരിപക്ഷത്തേയും പൂർണമായും വേർതിരിച്ച് നേട്ടമുണ്ടാക്കാണ് ബിജെപി ശ്രമം എന്നും ജലീൽ കുറ്റപ്പെടുത്തി.
ഫേസ്ബുക്ക് കുറിപ്പിലാണ് കെടി ജലീലിന്റെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: ' രാജ്യം എങ്ങോട്ട്? അസ്സമിലെ BJP മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ മദ്രസ്സകൾ അടച്ച് പൂട്ടും എന്ന് പ്രഖ്യാപിച്ചിരിക്കുന്നു. 34.22% മുസ്ലിങ്ങളുള്ള സംസ്ഥാനമാണ് അസ്സം. 300 മദ്രസ്സകൾ ഇതിനകം പൂട്ടി എന്നാണ് വാർത്ത. ചില മദ്രസ്സകൾ ബുൾഡോസറുകൾ ഉപയോഗിച്ച് തകർത്തതായും വാർത്താ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സർക്കാരിന് യാതൊരു സാമ്പത്തിക ബാദ്ധ്യതയുമില്ലാതെയാണ് രാജ്യത്ത് മദ്രസ്സകൾ പ്രവർത്തിക്കുന്നത്. മദ്രസ്സകൾ മതപഠന കേന്ദ്രങ്ങളാണെങ്കിലും പല സ്ഥലങ്ങളിലും സയൻസും കണക്കും ഇംഗ്ലീഷും മദ്രസ്സകളിൽ പഠിപ്പിക്കുന്നുണ്ട്. പൊതുവിദ്യാലയങ്ങൾ കുറവായ സംസ്ഥാനങ്ങളിൽ "സെമി" സ്കൂളുകൾ എന്ന നിലയിലാണ് മദ്രസ്സകളുടെ പ്രവർത്തനം.

അവ അടച്ചു പൂട്ടുന്നതോടെ ആയിരക്കണക്കിന് കുട്ടികൾക്കാകും ഫലത്തിൽ അക്ഷരാഭ്യാസം നിഷേധിക്കപ്പെടുക. ബംഗ്ലാദേശ് കുടിയേറ്റക്കാരാണ് മദ്രസ്സകൾ നടത്തുന്നത് എന്ന പേരു പറഞ്ഞാണത്രെ സർക്കാർ നടപടി. ഇന്ത്യ നല്ല അയൽപക്ക ബന്ധം കാത്തു സൂക്ഷിക്കുന്ന രാജ്യമാണ് ബംഗ്ലാദേശ്. ഇന്ത്യക്കാർക്ക് നിഷ്പ്രയാസം പോകാൻ സാധിക്കുന്ന നാട്. ബംഗ്ലാദേശ് പിന്തുണയോടെ ഒരു തരത്തിലുള്ള വിധ്വംസക പ്രവർത്തനങ്ങളും നമ്മുടെ രാജ്യത്ത് നടന്നതായി അറിവില്ല? എന്നിട്ടും പാക്കിസ്ഥാനെ പോലെ ബംഗ്ലാദേശിനെ കാണുന്നതിൻ്റെ പൊരുൾ എന്താകും?
മുസ്ലിം പേരാണെങ്കിൽ പൊറുപ്പിക്കില്ലെന്ന സമീപനമാണോ BJP യുടേത്? എങ്കിൽ അതവർ തുറന്നു പറയണം. കർണ്ണാടകയിൽ പിന്നോക്ക മുസ്ലിങ്ങൾക്ക് നൽകിയിരുന്ന 4% ഒബിസി സംവരണം അവിടുത്തെ BJP സർക്കാർ എടുത്തു കളഞ്ഞതും ഇതോടൊപ്പം ചേർത്ത് വായിക്കണം. ഈ 4% വൊക്കാലിംഗ, ലിംഗായത്ത് സമുദായങ്ങൾക്ക് വീതിച്ച് നൽകാനാണത്രെ നീക്കം. ന്യൂനപക്ഷങ്ങളിൽ അന്യതാബോധവും അപകർഷതാ ബോധവും വളരുന്നതിനേ ഇത്തരം ബുദ്ധിശൂന്യ തീരുമാനങ്ങൾ ഉപകരിക്കൂ. 2024 ലെ ലോകസഭാ തെരഞ്ഞെടുപ്പ് ആകുമ്പോഴേക്ക് ഭൂരിപക്ഷ-ന്യൂനപക്ഷ വേർതിരിവ് സമ്പൂർണ്ണമാക്കി, നേട്ടം കൊയ്യാനാണ് BJP ശ്രമം.
2025 ഓടെ ഇന്ത്യയെ "ഹിന്ദുത്വ"രാഷ്ട്രമാക്കുമെന്ന സംഘ്പരിവാർ ശക്തികളുടെ പ്രഖ്യാപനം പ്രയോഗവൽക്കരിക്കാനുള്ള നീക്കത്തിൻ്റെ ഭാഗമായി ഇത്തരം നീക്കങ്ങളെ ആരെങ്കിലും കണ്ടാൽ അവരെ കുറ്റപ്പെടുത്താനാകുമോ? രാജ്യം ഇരുട്ടിലേക്കാണ് നീങ്ങുന്നത്. രാഹുൽ ഗാന്ധിക്കെതിരായ ഭരണകൂട ഭീകരത അർധ ഫാഷിസത്തിൽ നിന്ന് മുഴു ഫാഷിസത്തിലേക്കുള്ള ചുവടുവെപ്പായി കാണുന്നത് തെറ്റാകുമോ? ശങ്കിച്ച് നിൽക്കേണ്ട സമയമില്ലിത്. മുഴുവൻ ജനങ്ങളും മതനിരപേക്ഷ പ്ലാറ്റ്ഫോമിൽ അണിനിരന്ന് ഭരണഘടനാനുസൃതമായ മാർഗ്ഗങ്ങളിലൂടെ BJP സർക്കാരുകളുടെ ഭ്രാന്തൻ ജൽപ്പനങ്ങൾക്കെതിരെ അണിനിരക്കാൻ വൈകിക്കൂട.
ഇനിയും പ്രതികരിക്കാൻ അമാന്തിച്ചാൽ പിന്നെ പരസ്പരം കെട്ടിപ്പിടിച്ച് നലവിളിക്കേണ്ട ഗതിയാകും ഉണ്ടാവുക. ന്യൂനപക്ഷങ്ങളും പിന്നോക്ക വിഭാഗങ്ങളും തീർത്തും അരക്ഷിതാവസ്ഥയിലാണ് മോദീ ഇന്ത്യയിൽ ജീവിക്കുന്നത്. ന്യൂനപക്ഷങ്ങളും അവർണ്ണരും സുരക്ഷിതരല്ലാത്ത അവസ്ഥ ജനാധിപത്യത്തിൻ്റെ തിളക്കം കെടുത്തുമെന്ന കാര്യത്തിൽ ആർക്കാണ് സംശയം?












Click it and Unblock the Notifications