റെയ്ഡിന് പിന്നാലെ യൂട്യൂബർമാർക്ക് പണി: 13 പേർ നികുതിപ്പണം എത്രയും വേഗം അടക്കണം
തിരുവനന്തപുരം: സംസ്ഥാനത്തെ യൂട്യൂബ് വ്ളോഗർമാർക്കെതിരെ നടപടിയെടുത്ത് ആദായ നികുതി വകുപ്പ്. 13 പേർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ആർക്കും വലിയ പിഴ ചുമത്തിയതായി റിപ്പോർട്ടില്ല. എന്നാല്‍ വീഴ്ച വരുത്തിയ നികുതിപ്പണം എത്രയും വേഗം തിരികെ അടക്കണമെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസം സംസ്ഥാനത്തെ വിവിധ യൂട്യൂബ് വ്ളോഗർമാരുടെ വീട്ടില്‍ ആധായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ നികുതി അടയ്ക്കുന്നതില്‍ വീഴ്ച പറ്റിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കിയത്.
പേളി മാണി, എൻ ആർ ബി, അർജു, ജയരാജ് ജി നാഥ്, കാസ്ട്രോ, റെയിസ്റ്റർ തുടങ്ങിയവരുടെ വീടുകളിലും ഓഫീസിലുമായിരുന്നു പരിശോധന. പലർക്കും മാസം ഒരു കോടി മുതല്‍ രണ്ട് കോടി രൂപ വരെ വരുമാനം ലഭിക്കുന്നുണ്ടെങ്കിലും കൃത്യമായ നികുതി അടയ്ക്കുന്നില്ലെന്ന പരാതിയുടെ തുടർന്നായിരുന്നു വകുപ്പ് പരിശോധന നടത്തിയത്. വ്ളോഗർമാരുടെ സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍ ഉദ്യോഗസ്ഥർ പരിശോധിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് വ്ളോഗർമാരെ കേന്ദ്രീകരിച്ചുള്ള ആദായനികുതി വകുപ്പിന്റെ പരിശോധന.

അതേസമയം, അദായ നികുതി പരിശോധനയെന്ന വാർത്തകള്‍ പുറത്ത് വന്നതിന് പിന്നാലെ പ്രതികരിച്ചുകൊണ്ട് വിവിധ വ്ളോഗർമാരും മുന്നോട്ട് വന്നിട്ടുണ്ട്. എല്ലാം നല്ലതു പോലെ പോകുന്നുവെന്നാണ് പേളി മാണി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. 'എല്ലാം നല്ലതു പോലെ പോകുന്നു. എനിക്ക് തരുന്ന സ്നേഹത്തിനും എന്നിൽ അർപ്പിച്ച വിശ്വാസത്തിനും നന്ദി' പേളി മാണി കുറിച്ചു.
'നല്ല റെയ്ഡായിരുന്നു, നല്ലൊരു അനുഭവം' എന്നായിരുന്നു ഷസാമിന്റെ പതിവ് രീതിയിലുള്ള പ്രതികരണം. എല്ലാ യൂട്യൂബർമാർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു എന്ന് അർജുവും കുറിച്ചു. അതേസമയം, തന്റെ വീട്ടില്‍ റെയ്ഡ് നടക്കുന്നുവെന്ന വാർത്തകള്‍ നിഷേധിച്ച് വ്ളോഗർ സുജിത് ഭക്തന്‍ രംഗത്ത് വന്നു. തന്റെ വീട്ടില്‍ ഇതുവരെ ഒരു റെയ്ഡും നടന്നിട്ടില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
'റെയ്ഡ് സംബന്ധമായ വാർത്തകൾ ടി വിയിൽ കണ്ടു. എന്റെ വീട്ടിൽ ഇതുവരെ റെയ്ഡ് ഒന്നും വന്നിട്ടില്ല. കഴിഞ്ഞ 5 കൊല്ലമായി കൃത്യമായി ഇൻകം ടാക്സും ജിഎസ്ടിയുമെല്ലാം അടക്കുന്നുണ്ട്. ഇനി വന്നാലും പൂർണ്ണ തോതിൽ സഹകരിക്കാൻ ഞാൻ ബാധ്യസ്ഥനുമാണ്. നിയമം എല്ലാവർക്കും ഒരുപോലെയാണ്' സുജിത് ഭക്തന്‍ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.












Click it and Unblock the Notifications