കേരളത്തിന് അഭിമാന നേട്ടം....രാജ്യത്തെ മികച്ച 12 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും സംസ്ഥാനത്ത്!!
തിരുവനന്തപുരം: ആരോഗ്യ മേഖലയില്‍ കേരളത്തിന് വീണ്ടും അഭിമാന നേട്ടം. സംസ്ഥാനത്തെ മൂന്ന് ആശുപത്രികള്‍ക്ക് കൂടി നാഷമല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡാര്‍ഡ് അംഗീകാരം ലഭിച്ചതായി ആരോഗ്യ മന്ത്രി കെകെ ശൈലജ പറഞ്ഞു. തിരുവനന്തപുരം കള്ളിക്കാട് ന്യൂ പ്രാഥമികാരോഗ്യ കേന്ദ്രം 95 ശതമാനം പോയിന്റോടെയാണ് ബഹുമതി നേടിയത്. 94 ശതമാനം പോയിന്റോടെ പാലക്കാട് കല്ലടിക്കോട് കുടുംബാരോഗ്യ കേന്ദ്രം, 93 ശതമാനം പോയിന്റോടെ തൃശൂര്‍ നെന്‍മണിക്കര കുടുംബാരോഗ്യ കേന്ദ്രം എന്നിവയാണ് ദേശീയ ഗുണനിലവാര അംഗീകാരം നേടിയത്. ഇതോടെ രാജ്യത്തെ മികച്ച പിഎച്‌സി ഗണത്തില്‍ ആദ്യത്തെ 12 സ്ഥാനവും കേരളം സ്വന്തമാക്കി.

തിരുവനന്തപുരം ഒറ്റശേഖരമംഗലം പൂഴനാട് കുടുംബാരോഗ്യ കേന്ദ്രം നേരത്തെ 99 ശതമാനം പോയിന്റോടെ ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം കാസര്‍കോട് കയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രവും 99 ശതമാനം പോയിന്റ് കരസ്ഥമാക്കിയിരുന്നു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ലഭിച്ച ഈ അംഗീകാരം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഊര്‍ജം നല്‍കുന്നതാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ 64 സ്ഥാപനങ്ങളാണ് ഇതുവരെ എന്‍ക്യുഎഎസ് അംഗീകാരം നേടിയെടുത്തത്. രണ്ട് സ്ഥാപനങ്ങളുടെ ദേശീയതല പരിശോധനാ ഫലം വരാനുണ്ട്. ഇത് കൂടാതെ 88 ആശുപത്രികളുടെ കൂടി സംസ്ഥാന തല പരിശോധന കഴിഞ്ഞ് ദേശീയതല പരിശോധനയ്ക്കായി കാത്തിരിക്കുകയാണ്.
അതേസമയം ജില്ലാതല ആശുപത്രികളുടെ ഗണത്തില്‍ ഡബ്ല്യു ആന്‍ഡ് സി കോഴിക്കോട് 96 ശതമാനം പോയിന്റുകള്‍ നേടി. ഇന്ത്യയിലെ തന്നെ ഒന്നാം സ്ഥാനമാണിത്. സബ് ജില്ലാ ആശുപത്രികളുടെ ഗണത്തില്‍ 98.7 ശതമാനം പോയിന്റുകള്‍ നേടി ചാലക്കുടി താലൂക്ക് ആശുപത്രി ഇന്ത്യയില്‍ തന്നെ ഒന്നാമതെത്തി. 12 സ്ഥാപനങ്ങള്‍ക്ക് എന്‍ക്യുഎഎസ് അംഗീകാരം കരസ്ഥമാക്കിയ കണ്ണൂര്‍ ജില്ല ഒരു ഡസന്‍ സ്ഥാപനങ്ങള്‍ക്ക് എന്‍ക്യുഎഎസ് അംഗീകാരം നേടി എടുക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യ ജില്ലയായി മാറി. ഇതിനിടെ കേരളത്തില്‍ ഇന്ന് ഏഴ് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി അറിയിച്ചു.
കാസര്‍കോട് ജില്ലയിലെ മൂന്ന് പേര്‍ക്കും കണ്ണൂര്‍, മലപ്പുറം ജില്ലയില്‍ രണ്ട് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയിലെ രണ്ട് പേര്‍ നിസാമുദ്ദീനില്‍ നിന്നും വന്നതാണ്. അഞ്ച് പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപ്പെട്ടത്. അതില്‍ രണ്ട് പേര്‍ കണ്ണൂരിലും മൂന്ന് പേര്‍ കാസര്‍കോടും ഉള്ളവരാണ്. ഇന്ന് കേരളത്തില്‍ 27 പേരുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. കാസര്‍കോട് ജില്ലയിലുള്ള 17 പേരുടെയും കണ്ണൂര്‍ ജില്ലയിലുള്ള ആറ് പേരുടെയും കോഴിക്കോട് ജില്ലയിലുള്ള രണ്ട് പേരുടെയും എറണാകുളം, തൃശൂര്‍ ജില്ലകളിലുള്ള ഓരോരുത്തരുടെയും ഫലമാണ് നെഗറ്റീവായത്. കേരളത്തില്‍ കോവിഡ് സ്ഥിരീകരിച്ച ശേഷം ഇതുവരെ 124 രോഗമുക്തി നേടിയത്. ജനുവരി 30നാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. മൂന്ന് പേര്‍ക്കായിരുന്നു ആദ്യ ഘട്ടത്തില്‍ രോഗം സ്ഥിരീകരിച്ചത്.












Click it and Unblock the Notifications