ഇന്ത്യ സ്‌കില്‍സ് കേരള; വിസ്മയമായി കുരുന്നുകളും; ഒന്നാം സമ്മാനം ഒരു ലക്ഷം

  • Posted By: NP Shakeer
Subscribe to Oneindia Malayalam

കോഴിക്കോട്: മാളിക്കടവ് ഐടിഐയില്‍ നടക്കുന്ന ഇന്ത്യ സ്‌കില്‍സ് കേരള തൊഴില്‍ നൈപുണ്യ മത്സരത്തില്‍ കാണികളെ വിസ്മയിപ്പിച്ച് ഇളംപ്രായക്കാരും. 10 വയസുകാരി വൈഗശ്രീയും 12കാരന്‍ റിഷീന്‍ റഹ്മാനുമാണ് മുതിര്‍ന്നവര്‍ക്കൊപ്പം തൊഴില്‍ നൈപുണ്യത്തില്‍ മാറ്റുരയ്ക്കാന്‍ എത്തിയത്. അടുത്തവര്‍ഷം റഷ്യയില്‍ നടക്കുന്ന ലോകനൈപുണ്യ മത്സരത്തിന്റെ മുന്നോടിയായാണ് സംസ്ഥാന തൊഴില്‍ വകുപ്പിനു കീഴിലെ കേരള അക്കാദമി ഫൊര്‍ സ്‌കില്‍ എക്‌സലന്‍സും വ്യവസായ പരിശീലന വകുപ്പും ചേര്‍ന്ന് ഇന്ത്യ സ്‌കില്‍സ് കേരള - 2018 എന്ന പേരില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. ഉത്തരമേഖലാ മത്സരങ്ങളാണ് മാളിക്കടവ് ഐടിഐയില്‍ നടന്നുവരുന്നത്.

vygasree

കണ്ണൂര്‍ മുണ്ടല്ലൂര്‍ മക്രേരി നാരായണീയത്തില്‍ അനൂപിന്റെയും ഷിബിയുടെയും മകളാണ് വൈഗശ്രീ. മമ്പറം ഇംഗ്ലിഷ് മീഡിയം സ്‌കൂളിലെ ഒന്‍പതാംക്ലാസുകാരിയാണ് ഈ മിടുക്കി. പൂക്കള്‍കൊണ്ട് അലങ്കാരങ്ങള്‍ തീര്‍ക്കുന്ന ഫ്‌ളൗറിസ്ട്രി വിഭാഗത്തിലാണ് വൈഗശ്രീ മുതിര്‍ന്നവര്‍ക്കൊപ്പം മത്സരിച്ചത്. ഈയിനത്തില്‍ 12 പേരാണ് മത്സരിച്ചത്. ഫ്യുനറല്‍ സെറിമണി അറേജ്‌മെന്റ് ആന്‍ഡ് ടിയര്‍ ഡ്രോപ് ബൊക്കെ ആയിരുന്നു വിഷയം. ചുരുങ്ങിയ സമയംകൊണ്ട് മികച്ച രൂപകല്‍പ്പനയായിരുന്നു വൈഗശ്രീയുടേതെന്ന് അധ്യാപകരും വിദ്യാര്‍ഥികളും പറഞ്ഞു. നാട്ടില്‍ ക്ലബ്ബുകളുടെയും മറ്റും സാംസ്‌കാരിക പരിപാടികളില്‍ പങ്കെടുക്കാറുണ്ടെങ്കിലും പൂക്കള്‍കൊണ്ടുള്ള അലങ്കാരങ്ങളില്‍ മത്സരിക്കുന്നത് ആദ്യമായിട്ടാണെന്ന് വൈഗശ്രീ പറഞ്ഞു.

 risheen-rahman

വെബ്ഡിസൈനിങ് ആന്‍ഡ് ഡവലപ്‌മെന്റ് വിഭാഗത്തിലാണ് റിഷീന്‍ റഹ്മാന്‍ മത്സരിച്ചത്. പാവങ്ങാട് എംഇഎസ് സെന്‍ട്രല്‍ സ്‌കൂള്‍ ഏഴാംതരം വിദ്യാര്‍ഥിയായ റിഷീന്‍ സ്വന്തംനിലയില്‍ വെബ്ഡിസൈനിങ് പരിശീലിച്ചാണ് മത്സരത്തിനെത്തിയത്. പാരഡൈസ് ഇന്‍ ഹോട്ടല്‍സിനായി വെബ്‌സൈറ്റ് രൂപകല്‍പ്പന ചെയ്യുക എന്നതായിരുന്നു വിഷയം. വെബ്ഡിസൈനിങ് രംഗത്തെ പുതിയ ട്രെന്‍ഡുകള്‍, രൂപകല്‍പ്പനയിലെ മനോഹാരിത തുടങ്ങിയവ ഉള്‍പ്പെടെ മത്സരാര്‍ഥികളുടെ പ്രകടനം മികവുറ്റതായിരുന്നെന്ന് വിധികര്‍ത്താക്കള്‍ പറഞ്ഞു. വെസ്റ്റ്ഹില്‍ സ്വദേശിയും മാളിക്കടവ് ഐടിഐ അധ്യാപകനുമായ മുഹമ്മദ് സഹീറിന്റെയും ജംഷിയയുടെയും മകനാണ് റിഷീന്‍ റഹ്മാന്‍.


മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന മത്സരങ്ങള്‍ ഇന്നു സമാപിക്കും. മേഖലാതല മത്സരങ്ങളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കായി ഏപ്രില്‍ 28, 29, 30 തീയതികളില്‍ കൊച്ചി മറൈന്‍ ഡ്രൈവില്‍ സംസ്ഥാനതല മത്സരം നടക്കും. ജൂണ്‍ മാസത്തിലാണ് ദേശീയ മത്സരങ്ങള്‍. ഓരോ ഇനത്തിലും ഒരു ലക്ഷം രൂപ വീതമാണ് സംസ്ഥാനതലത്തില്‍ സമ്മാനത്തുക. രണ്ടാം സ്ഥാനക്കാര്‍ക്ക് 50,000 രൂപയും മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് 10,000 രൂപയും നല്‍കും. അടുത്തവര്‍ഷം റഷ്യയിലെ കസാനിലാണ് രാജ്യാന്തര മത്സരം.


ആസിഫയെ ബലാത്സംഗം ചെയ്ത് കൊന്നതിനെ ന്യായീകരിച്ച് മലയാളി 'സംഘികള്‍'... എന്ത് ചെയ്യണം ഈ നരാധമന്‍മാരെ?

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
india skills fest in kozhikode children participates in the fest

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്