'രാഷ്ട്രം പട്ടിണിയിൽ, കടബാധ്യത 155.80 ലക്ഷം കോടി': ഇത് നാണക്കേടാണെന്ന് എംവി ജയരാജന്‍
രാജ്യത്തിന്റെ കടം ഇത്രകണ്ട് വർദ്ധിച്ചിട്ടും ജനങ്ങൾ പട്ടിണിയിലാണ് എന്നത് ഗൗരവമായി പരിശോധിക്കേണ്ടുന്ന വിഷയമാണെന്ന് സി പി എം നേതാവും കണ്ണൂർ ജില്ലാസെക്രട്ടറിയുമായ എം വി ജയരാജന്‍. കേരളത്തിലേതുപോലെ സാമൂഹ്യസുരക്ഷാ പെൻഷൻ കേന്ദ്രസർക്കാർ നൽകുന്നില്ലെന്നതും, വിദ്യാഭ്യാസ-ആരോഗ്യ മേഖലയിലെല്ലാമുള്ള ലോകം ചർച്ച ചെയ്യുന്ന വികസനമുണ്ടായിട്ടില്ല എന്നതും പരിശോധിക്കേണ്ടുന്ന വിഷയം തന്നെയാണ്. നാടിനും ജനങ്ങൾക്കും വേണ്ടിയല്ലാതെ എങ്ങനെ കടം ഇത്രപെരുകി എന്നത് കേന്ദ്ര സർക്കാർ ഉത്തരം നൽകേണ്ടുന്ന വിഷയം തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
കടബാധ്യത കൂട്ടി, വികസനമില്ലായ്മ സൃഷിക്കുന്ന കോർപ്പറേറ്റ് പക്ഷ നയം തിരുത്തുകയാണ് കേന്ദ്രസർക്കാർ ആദ്യം ചെയ്യേണ്ടത്. രാജ്യഖജനാവിലേക്ക് പണമെത്തിക്കുന്ന സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ വ്യക്തികൾക്ക് ചുളുവിലയ്ക്ക് തീറെഴുതുന്നത് അവസാനിപ്പിച്ച്, ഇത്തരം സ്ഥാപനങ്ങൾ സംരക്ഷിക്കുന്നതിൽ കേന്ദ്രസർക്കാർ കഴിവ് തെളിയിച്ചാൽ, ഖജനാവിലേക്ക് കുറച്ച് ലക്ഷം കോടികളെങ്കിലും എത്തിക്കാൻ സാധിക്കും എന്നതും തിരിച്ചറിയാൻ സാധിക്കണം.

ഒപ്പം, കാർഷിക മേഖലയിലുൾപ്പടെ ആഭ്യന്തര ഉത്പ്പാദനം കൂടുന്ന സ്ഥിതിയുണ്ടാവുകയും, കോർപ്പറേറ്റ് അനുകൂല നയം തിരുത്തുകയും ചെയ്യണം. രാജ്യത്തിനും ജനങ്ങൾക്കും ആശ്വാസമാകുന്ന നടപടിയാണ് വേണ്ടത്. എന്നാൽ അതുമാത്രം ബി ജെ പി സർക്കാറിൽ നിന്ന് ഉണ്ടാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
രാജ്യത്ത് ഉത്പാദിപ്പിക്കാൻ സാധിക്കുന്ന അല്ലെങ്കിൽ ലഭ്യമായ സാധനങ്ങളുടെ ഇറക്കുമതി തടയുകയും ഇറക്കുമതി ചെയ്യുകയാണെങ്കിൽ അത്തരം വസ്തുക്കൾക്ക് ഉയർന്ന തീരുവ ഈടാകുന്നതും രാജ്യത്തെ ജനങ്ങളെ ദ്രോഹിക്കാതെ സർക്കാർ ഖജനാവ് നിറയ്ക്കാൻ സഹായകരമാവും. രാജ്യത്ത് ഉത്പാദിപ്പിക്കുന്ന കാർഷിക ഉത്പ്പനങ്ങൾക്കുൾപ്പടെ, ഉത്പ്പാദകർ കടപ്പെട്ട് പോകാതിരിക്കാൻ ആവശ്യമായ തുക ലഭ്യമാവുന്നത് കർഷകരുടെ ക്ഷേമം ഉറപ്പാക്കുന്നതിനും സഹായകരമാവും.
നിലവിൽ, കാർഷിക ഉത്പ്പന്നങ്ങൾ, വിത്തിടുമ്പോഴേക്കും കോർപ്പറേറ്റുകൾ തുച്ഛവിലയ്ക്ക് വാങ്ങി, പൂഴ്ത്തിവെച്ചുൾപ്പടെ ഉയർന്ന വിലയിൽ ജനങ്ങൾക്ക് നൽകുന്നത് നാടിനും ജനങ്ങൾക്കും എതിരായ സമീപനമാണ്. കൊള്ളലാഭം കോർപ്പറേറ്റുകൾക്ക് കിട്ടും എന്നതൊഴിച്ചാൽ ജനങ്ങളിവിടെ ദുരിതത്തിലാണ്.
വികസനത്തിന് കടമെടുക്കുന്നത് തെറ്റല്ല. എന്നാൽ, ഏറ്റവും പുതിയ ആഗോള വിശപ്പ് സൂചിക വ്യക്തമാക്കുന്നത് പട്ടിണിരാഷ്ട്രമായി മാറിയ ഇന്ത്യയുടെ നാണക്കേടാണ്. വിദേശ പ്രതിനിധികളും പ്രധാനമന്ത്രിയും വരുമ്പോൾ, ദാരിദ്ര്യം കെട്ടിമറക്കാൻ ലക്ഷങ്ങൾ ചെലവിടുന്നതല്ല വികസനം. കോർപ്പറേറ്റുകൾക്ക് നികുതിയിളവ് നൽകാൻ, സർക്കാർ ഖജനാവിലെ ലക്ഷക്കണക്കിന് കോടികളാണ് ചെലവിടുന്നത്.
ഈ വൻ തുകകൾ തിരിച്ചുപിടിച്ച് നാടിന്റെ യഥാർത്ഥ വികസനത്തിനായി ചെലവഴിക്കണം. അദാനിമാരുടെ ലോകസമ്പന്നൻ പദവിയിൽ ഇടിവ് വന്നാൽ , ജനങ്ങളുടെ പണം കൊണ്ട് അതിന് പരിഹാരമുണ്ടാക്കാൻ ശ്രമിക്കുന്നതും തിരുത്തണം. ജനങ്ങൾക്കുവേണ്ടി കടമെടുത്തും വികസനം എന്നാണെങ്കിൽ മനസിലാക്കാം. എന്നാൽ, ഇത്രയേറെ കടബാധ്യതയിലെത്തിയിട്ടും രാഷ്ട്രം പട്ടിണിയിലാണെന്നത് ഗൗരവത്തോടെ ചർച്ച ചെയ്യേണ്ടുന്ന വിഷയമാണ്.
ഇവിടെ, ജനാധിപത്യത്തിന്റെ നാലാം തൂണ് ഉൾപ്പടെ മഹാമൗനത്തിലാവുന്നത് വലിയ അപരാധം തന്നെയാണ്. വിവരമുള്ള ആരെങ്കിലും ബി ജെ പി യിൽ ഉണ്ടെങ്കിൽ, രാജ്യത്തെ ബഹുഭൂരിപക്ഷത്തിനും വികസനമെത്തിക്കാൻ സാധിക്കാതെ, രാഷ്ട്രം കടപ്പെടുന്ന കേന്ദ്രസർക്കാറിന്റെ തെറ്റായ പോക്ക് വിളിച്ചുപറയാണെങ്കിലും സാധിക്കണം. ബി ജെ പി ക്കാർക്ക് മനസിലാവുമോ എന്നതും പ്രശ്നമാണ് എന്നതിനാൽ, ജനങ്ങൾ നാടിനുവേണ്ടി മുന്നിട്ടിറങ്ങേണ്ടതുണ്ടെന്നും എംവി ജയരാജന്‍ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications