'മത്സ്യ': ഇന്ത്യയുടെ ആദ്യ മനുഷ്യവാഹിനി സബ്‌മെഴ്‌സിബിൾ; 6000 മീറ്റർ ആഴക്കടൽ ദൗത്യം 2026 ല്‍
കൊച്ചി: ഇന്ത്യയുടെ ആദ്യ മനുഷ്യവാഹിനി സബ്‌മെഴ്‌സിബിൾ വാഹനമായ 'മത്സ്യ'യുടെ 6000 മീറ്റർ ആഴക്കടൽ ദൗത്യം 2026 അവസാനത്തോടെ നടപ്പാക്കിയേക്കും. ഈ ദൗത്യം ഇന്ത്യയുടെ സമുദ്രഗവേഷണ മേഖലയിൽ നാഴികക്കല്ലാകുമെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്‌നോളജി (എൻഐഒടി) ഡയറക്ടർ ഡോ. ബാലാജി രാമകൃഷ്ണൻ വ്യക്തമാക്കി. ആഴക്കടൽ ദൗത്യത്തിന്റെ നോഡൽ ഏജൻസിയായ എൻ ഐ ഒ ടിയാണ് 'മത്സ്യ'യുടെ വികസനം മുന്നോട്ട് കൊണ്ടുപോകുന്നത്.
കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) ബ്ലൂ ഇക്കോണമിയുമായി ബന്ധപ്പെട്ട ദേശീയ പരിശീലന ശിൽപശാല ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.'മത്സ്യ' മൂന്ന് ശാസ്ത്രജ്ഞരെ വഹിച്ചാണ് ആഴക്കടൽ പര്യവേഷണത്തിന് തയ്യാറെടുക്കുന്നത്. തദ്ദേശീയ സാങ്കേതികവിദ്യയിൽ വികസിപ്പിച്ച ഈ നാലാം തലമുറ സബ്‌മെഴ്‌സിബിൾ വാഹനത്തിന് 25 ടൺ ഭാരമുണ്ട്. സമുദ്രത്തിന്റെ അടിത്തട്ടിലെ അതിതീവ്ര മർദവും പ്രതികൂല സാഹചര്യങ്ങളും നേരിടുന്ന തരത്തിലാണ് മത്സ്യ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

സമുദ്രയാൻ ദൗത്യം ആഴക്കടലിലെ ജൈവ-അജൈവ വിഭവങ്ങളുടെ വിലയിരുത്തൽ, സമുദ്രനിരീക്ഷണം, ആഴക്കടൽ ടൂറിസം തുടങ്ങിയ മേഖലകളിൽ പുതിയ സാധ്യതകൾ തുറക്കുമെന്ന് ഡോ. ബാലാജി രാമകൃഷ്ണൻ ചൂണ്ടിക്കാട്ടി. ദൗത്യം വിവിധ ഘട്ടങ്ങളിലായാണ് നടപ്പാക്കുക. 2025 അവസാനത്തോടെ 500 മീറ്റർ ആഴത്തിലേക്കുള്ള പരീക്ഷണം നടത്തും. ആഴക്കടലിലേക്കുള്ള യാത്രയ്ക്കും തിരിച്ചെത്താനും ഓരോ ഘട്ടത്തിലും നാല് മണിക്കൂർ വീതം എടുക്കുമെന്നാണ് പ്രതീക്ഷ. ഇത് നിർണായക സാമ്പിളുകൾ ശേഖരിക്കാനും, ഇതുവരെ പഠനവിധേയമാകാത്ത സമുദ്രാന്തർഭാഗങ്ങളിലെ ജീവജാലങ്ങളുടെയും ജലസവിശേഷതകളുടെയും വിശദാംശങ്ങൾ പഠിക്കാനും സഹായിക്കും.
'സമുദ്രജീവ' എന്ന സാങ്കേതികവിദ്യ കടൽകൂടുകൃഷിയിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തും. മത്സ്യകൂടുകളിൽ സ്ഥാപിച്ച സെൻസറുകൾ വഴി മീനിന്റെ വളർച്ചയും ജലഗുണനിലവാരവും കരയിൽനിന്ന് നിരീക്ഷിക്കാൻ ഈ സാങ്കേതികവിദ്യ സഹായിക്കുന്നു. ഇത്തരം നൂതന സാങ്കേതിക വിദ്യകൾ സമുദ്രമത്സ്യ മേഖലയിൽ സുസ്ഥിര വികസനത്തിന് വേഗത പകരുമെന്ന് ഡോ. ബാലാജി രാമകൃഷ്ണൻ അഭിപ്രായപ്പെട്ടു.
സിഎംഎഫ്ആർഐയും വിജ്ഞാന ഭാരതിയും ചേർന്നാണ് അഞ്ച് ദിവസത്തെ ശിൽപശാല സംഘടിപ്പിക്കുന്നത്. ചടങ്ങിൽ സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ് അധ്യക്ഷത വഹിച്ചു. സിഎംഎഫ്ആർഐയുടെ ഗവേഷണ നേട്ടങ്ങളും എൻഐഒടിയുടെ സാങ്കേതിക മികവും സംയോജിപ്പിക്കുന്നത് ഇന്ത്യയുടെ ബ്ലൂ ഇക്കോണമി ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. മാരികൾച്ചർ, പ്രത്യേകിച്ച് കടൽപ്പായൽ കൃഷി, പൂർണമായി പ്രയോജനപ്പെടുത്താൻ സാങ്കേതിക പുരോഗതി അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications