ഇന്‍ഫോസിസില്‍ മലയാളി വനിതാ ടെക്കിയുടെ കൊലപാതകം; ദുരൂഹതയെന്ന് ബന്ധുക്കള്‍
കോഴിക്കോട്: മലയാളി എഞ്ചിനീയര്‍ ഇന്‍ഫോസിസ് കമ്പനിയുടെ പൂനെ കാമ്പസില്‍ കൊല്ലപ്പെട്ടതില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കോഴിക്കോട് പായിമ്പ്ര സ്വദേശിനിയും കുന്നമംഗലം പൊലീസ് സ്‌റ്റേഷനിലെ ഹോം ഗാര്‍ഡ് രാജുവിന്റെ മകളുമായ കെ. രസീല രാജുവാണ് കഴിഞ്ഞദിവസം രാത്രി കൊല്ലപ്പെട്ടത്.
പോലീസ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് രാജുവും ബന്ധുക്കളും പൂനെയിലെത്തിയിട്ടുണ്ട്. രസീലയുടെ ശരീരത്തിലും മുഖത്തും മുറിവുകള്‍ കണ്ടെന്നും ഇത് ദുരൂഹതയുണ്ടാക്കുന്നതാണെന്നും ബന്ധുക്കള്‍ പറഞ്ഞു. കൊലപാതകത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് രസീലയുടെ പിതാവ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

കഴുത്തില്‍ കമ്പ്യൂട്ടര്‍ കേബിള്‍ കുരുക്കി കൊലപ്പെടുത്തിയ നിലയില്‍ സ്വന്തം ഇരിപ്പിടത്തിനു സമീപമായിരുന്നു രസീലയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ഓഫിസിലെ സുരക്ഷാ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അസം സ്വദേശിയായ ബാബന്‍ സൈക്കിയയെ മുംബൈ സിഎസ്ടി റെയില്‍വെ സ്‌റ്റേഷനില്‍നിന്നാണ് അറസ്റ്റ് ചെയ്തത്.
കൊലപാതകത്തിനുശേഷം നാട്ടിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് അറസ്റ്റിലായതെന്ന് പോലീസ് അറിയിച്ചു. ഓഫിസിലെ സിസിടിവി ക്യാമറകളില്‍ ഇയാളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്. കൊലപാതക കാരണം സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ഇയാള്‍ കൃത്യമായി മറുപടി നല്‍കിയിട്ടില്ല. പീഡനം എതിര്‍ത്തതാകാം കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സൂചന.












Click it and Unblock the Notifications