വഹാബ് പക്ഷത്തിന് തിരിച്ചടി; ഐഎന്‍എല്‍ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ കയറുന്നത് കോടതി തടഞ്ഞു
കോഴിക്കോട്: ഐഎന്‍എല്ലില്‍ വിഭാഗീയത രൂക്ഷമായിരിക്കെ എപി അബ്ദുല്‍ വഹാബ് പക്ഷത്തിന് തിരിച്ചടി. പാളയത്തെ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ കയറുന്നത് കോടതി വിലക്കി. ഇവിടെ യോഗം ചേരാനും ഇനി സാധിക്കില്ല. കാസിം ഇരിക്കൂര്‍, ബി ഹംസ ഹാജി എന്നിവര്‍ നല്‍കിയ പരാതിയിലാണ് കോഴിക്കോട് രണ്ടാം പ്രിന്‍സിപ്പല്‍ മുന്‍സിഫിന്റെ ഉത്തരവ്. ഹര്‍ജി പരിഗണിച്ച കോടതി പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ട് ഉത്തരവിറക്കുകയായിരുന്നു. ഹര്‍ജി വീണ്ടും ആഗസ്റ്റ് 10ന് പരിഗണിക്കും. അതുവരെയാണ് വിലക്കുള്ളത്.
അബ്ദുല്‍ വഹാബ്, നായര്‍ കോയ തങ്ങള്‍ എന്നിവരെ എതിര്‍ കക്ഷികളാക്കിയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഇവര്‍ക്ക് പ്രതികരണം തേടി നോട്ടീസ് അയക്കാന്‍ കോടതി നിര്‍ദേശിച്ചു. ആഗസ്റ്റ് മൂന്നിന് സംസ്ഥാന കൗണ്‍സില്‍ യോഗം ചേരുമെന്ന് നേരത്തെ വഹാബ് സൂചിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട മാധ്യമ വാര്‍ത്തകള്‍ ഹര്‍ജിക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചു. എതിര്‍ കക്ഷികളോ അവരുടെ അനുയായികളോ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ കയറരുതെന്ന് കോടതി നിര്‍ദേശിച്ചു. ഈ കമ്മിറ്റി ഓഫീസില്‍ യോഗം ചേരാനും സാധിക്കില്ല. എതിര്‍ കക്ഷികളോട് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചു.

കഴിഞ്ഞ ഞായറാഴ്ചയാണ് ഐഎന്‍എല്ലിലെ ഭിന്നത മറനീക്കി പുറത്തുവന്നത്. കൊച്ചിയില്‍ ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ നേതാക്കള്‍ പരസ്പരം കലഹിക്കുകയായിരുന്നു. ഇതോടെ അബ്ദുല്‍ വഹാബ് വിഭാഗം യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. യോഗം നടന്ന ഹോട്ടലിന് പുറത്ത് പ്രവര്‍ത്തകര്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടുകയും ചെയ്തു. പോലീസിന്റെ അവസരോചിത ഇടപെടലാണ് വലിയ സംഘര്‍ഷമില്ലാതെ ഒഴിവാക്കിയത്.
പിന്നാലെ ഇരു വിഭാഗവും പരസ്പരം പുറത്താക്കി. പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കുകയും ചെയ്തു. ഐക്യത്തോടെ വന്നാല്‍ മാത്രമേ അംഗീകരിക്കൂ എന്നും മന്ത്രി പദവി നിലനിര്‍ത്തുകയുള്ളൂ എന്നും സിപിഎം വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഒരു ഭാഗത്ത് സമവായ നീക്കം സജീവമാണ്. എങ്കിലും ഐക്യപ്പെടാനുള്ള സാധ്യത കുറവാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications