മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്ത സംഭവം: സുരേഷ് ഗോപിക്കെതിരെ അന്വേഷണം
തൃശൂര്‍: മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്ത സംഭവത്തില്‍ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിക്കെതിരെ പ്രാഥമികാന്വേഷണത്തിന് ശുപാര്‍ശ. കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. തൃശൂര്‍ എസിപിയോട് അന്വേഷണം നടത്താന്‍ കമ്മീഷണര്‍ നിര്‍ദേശിച്ചു. പരാതിക്കാരനില്‍ നിന്നും മാധ്യമപ്രവര്‍ത്തകരില്‍ നിന്നും മൊഴിയെടുക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമായിരുന്നു പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരെ സുരേഷ് ഗോപി തള്ളി മാറ്റിയത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ സിനിമാ മേഖലയില്‍ ഉയര്‍ന്നുവരുന്ന ആരോപണങ്ങളെ കുറിച്ചുള്ള ചോദ്യങ്ങളില്‍ ആയിരുന്നു മാധ്യമ പ്രവര്‍ത്തകരോട് സുരേഷ് ഗോപി ക്ഷുഭിതനായത്. വലിയ സംവിധാനത്തെ തകര്‍ക്കുകയാണ് മാധ്യമങ്ങളെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അമ്മ സംഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അമ്മ ഓഫിസില്‍ നിന്നിറങ്ങുമ്പോള്‍ ചോദിക്കണമെന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. ''അമ്മ സംഘടനയുമായുള്ള കാര്യം ഇപ്പോഴല്ല ചോദിക്കേണ്ടത്. ഓഫീസില്‍ നിന്നിറങ്ങുമ്പോള്‍ ഓഫീസിലെ കാര്യവും വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ വീട്ടിലെ കാര്യവും ചോദിക്കണം,' എന്നായിരുന്നു രോഷത്തോടെ സുരേഷ് ഗോപി പ്രതികരിച്ചത്.
പുറത്തുവരുന്ന ആരോപണങ്ങള്‍ മാധ്യമങ്ങള്‍ക്കുള്ള ഒരു തീറ്റയാണ് എന്നും നിങ്ങള്‍ അതുവച്ച് കാശുണ്ടാക്കിക്കോളൂ എന്നും അദ്ദേഹം പരിഹസിച്ചിരുന്നു. ആടിനെ തമ്മില്‍ തല്ലിച്ച് ചോരക്കുടിക്കുകയാണ് മാധ്യമങ്ങള്‍ എന്നും സമൂഹത്തിന്റെ മാനസികാവസ്ഥയെ തന്നെ വഴി തെറ്റിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത് എന്നും അദ്ദേഹം പറഞ്ഞിരുന്നു. മുകേഷിനെതിരായ ആരോപണത്തിലും അദ്ദേഹം മാധ്യമങ്ങളോട് ക്ഷുഭിതനായി.
'പരാതി ആരോപണത്തിന്റെ രൂപത്തിലാണ്. നിങ്ങള്‍ കോടതിയാണോ. കോടതി തീരുമാനിക്കും. കോടതിക്ക് ബുദ്ധിയും യുക്തിയും ഉണ്ട്. വിഷയത്തില്‍ കോടതി ഉചിതമായ തീരുമാനമെടുക്കും,' എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. അതേസമയം ഇതിനെതിരെ ബിജെപി സംസ്ഥാന നേതൃത്വം തന്നെ രംഗത്തെത്തിയിരുന്നു. സുരേഷ് ഗോപിയുടേത് പാര്‍ട്ടി നിലപാടല്ല എന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞത്.
ബി ജെ പിയുടെ നിലപാട് പറയേണ്ടത് സംസ്ഥാന പ്രസിഡന്റാണെന്നും നടന്‍, കേന്ദ്രമന്ത്രി എന്നീ നിലകളില്‍ സുരേഷ് ഗോപിക്ക് അഭിപ്രായം ഉണ്ടായിരിക്കാം എന്നും അദ്ദേഹം പറഞ്ഞിരുന്നു. ബി ജെ പി നിലപാട് പറയാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത് പ്രസിഡന്റിനെയാണ് എന്നും മറ്റുള്ളവര്‍ അതിനോട് ചേര്‍ന്നുപോകണം എന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു. മലയാള സിനിമയിലെ മട്ടാഞ്ചേരി മാഫിയയാണ് ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കുന്നത് എന്നും അദ്ദേഹം ആരോപിച്ചിരുന്നു.












Click it and Unblock the Notifications