തോല്‍വിയില്‍ ഹാട്രിക് തികച്ച് ജെയ്ക് സി തോമസ്; ഇത്തവണ ദയനീയം, തെളിഞ്ഞത് പുതുപ്പള്ളി മനസ്
കോട്ടയം: കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ മൂന്ന് തവണയാണ് പുതുപ്പള്ളി മണ്ഡലം നിയമസഭാ തിരഞ്ഞെടുപ്പ് നേരിട്ടത്. 2016, 2021, 2023 എന്നീ വര്‍ഷങ്ങളില്‍. മൂന്ന് തവണയും ഇടതുപക്ഷത്തിന് വേണ്ടി കളത്തിലിറങ്ങിയത് യുവ നേതാവ് ജെയ്ക് സി തോമസ് തന്നെ. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടിയോടും മകന്‍ ചാണ്ടി ഉമ്മനോടും മല്‍സരിക്കുകയും തോല്‍ക്കുകയും ചെയ്തു അദ്ദേഹം.
പുതുപ്പള്ളിയില്‍ ഇത്തവണ നടന്ന ഉപതിരഞ്ഞെടുപ്പിന് പ്രത്യേകതകള്‍ ഏറെയായിരുന്നു. 53 വര്‍ഷം ഉമ്മന്‍ ചാണ്ടി മാത്രം ജയിച്ച മണ്ഡലം എന്നത് മാത്രമല്ല, അച്ഛന് ശേഷം മകന്‍ വന്നപ്പോഴും നേരിടാന്‍ ഇറങ്ങിയത് ജെയ്ക് ആണ് എന്നതും പ്രത്യേകതയായിരുന്നു. ഒരുവേള ഉമ്മന്‍ ചാണ്ടിയെ അല്‍പ്പം ഭയപ്പെടുത്തിയ ജെയ്കിന് പക്ഷേ, ചാണ്ടിക്ക് മുമ്പില്‍ അമ്പേ പരാജയപ്പെടേണ്ടി വന്നു.

2016ല്‍ ഉമ്മന്‍ ചാണ്ടിക്ക് പുതുപ്പള്ളിയില്‍ ലഭിച്ചത് 71597 വോട്ടുകളാണ്. അന്ന് ജെയ്കിന് ലഭിച്ചത് 44505 വോട്ടുകളും. ജെയ്കിന്റെ കന്നി അങ്കമായിരുന്നു അത്. അതുകൊണ്ടുതന്നെ തോല്‍വിയെ ആരും ചെറുതായി കണ്ടില്ല. എന്നാല്‍ 2021ലെത്തിയപ്പോള്‍ കൂടുതല്‍ ശക്തനായ ജെയ്കിനെയാണ് പുതുപ്പള്ളിക്കാര്‍ കണ്ടത്. ആ മാറ്റം വോട്ടെടുപ്പിലും പ്രതിഫലിച്ചു.
2021ല്‍ ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം മൂന്നിലൊന്നായി കുറയ്ക്കാന്‍ ജെയ്കിന് സാധിച്ചത് ഇടതുപക്ഷത്തിന് പുതിയ പ്രതീക്ഷയായിരുന്നു. 2016ല്‍ നേടിയതിന്റെ മൂന്നിലൊന്നായി താഴ്ന്ന് ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം 2021 ല്‍ 9044ല്‍ എത്തി. ഈ ഒരു കരുത്തിലാണ് ഉമ്മന്‍ ചാണ്ടിയുടെ വിയോഗ ശേഷം ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ എല്‍ഡിഎഫ് മറ്റൊന്നും ആലോചിക്കാതെ ജെയ്കിനെ തന്നെ മല്‍സരിപ്പിച്ചത്.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മൂന്നാം മണിക്കൂറില്‍ ചാണ്ടി ഉമ്മന്റെ സ്ഥാനാര്‍ഥിത്വം യുഡിഎഫ് പ്രഖ്യാപിച്ചപ്പോള്‍ അല്‍പ്പം വൈകിയാണ് ജെയ്ക് കളത്തിലിറങ്ങിയത്. എന്നാല്‍ ഉമ്മന്‍ ചാണ്ടിയോടുള്ള സഹതാപത്തിന് അപ്പുറത്ത് ജെയ്കിന്റെ പ്രചാരണം ചില സംശയങ്ങള്‍ക്ക് ഇടയാക്കി. വികസന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറുണ്ടോ എന്ന ചോദ്യം അദ്ദേഹം ആവര്‍ത്തിച്ചുകൊണ്ടിരുന്നു.
എങ്കിലും ഉമ്മന്‍ ചാണ്ടിയെ മറക്കില്ലെന്ന് പുതുപ്പള്ളിക്കാന്‍ തെളിയിച്ചിരിക്കുന്നു. അദ്ദേഹം നല്‍കിയ വികസനം മതിയെന്ന് അവര്‍ പ്രഖ്യാപിച്ചിരിക്കുന്നു. പുതുപ്പള്ളിക്കാരുടെ വികാരം ചാണ്ടി ഉമ്മന്റെ അത്യുജ്വല വിജയത്തിലേക്ക് നയിച്ചിരിക്കുന്നു. 40000ത്തിലധികം ഭൂരിപക്ഷം നേടി ചാണ്ടി ഉമ്മന്‍ ജയിച്ചപ്പോള്‍ ജെയ്കിന് ഇത് മൂന്നാം തോല്‍വിയാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവി പോലും ചോദ്യചിഹ്നമായ തോല്‍വി.
എണ്ണയിട്ട യന്ത്രം പോലെ ചിട്ടയായ പ്രവര്‍ത്തനം കാഴ്ചവച്ചതിന്റെ ഫലമാണ് പുതുപ്പള്ളിയില്‍ യുഡിഎഫ് നേടിയ വിജയം. സഹതാപ തരംഗത്തിന് അപ്പുറം ഇടതുകേന്ദ്രങ്ങളില്‍ പോലും വെന്നിക്കൊടി പാറിക്കാന്‍ ചാണ്ടിക്ക് സാധിച്ചത് മറ്റുചില രാഷ്ട്രീയ ചര്‍ച്ചകളിലേക്ക് കൂടി നയിക്കുന്നു. ഇടുതപക്ഷത്തിന്റെ കണക്കുകൂട്ടലുകള്‍ മൊത്തം തെറ്റിച്ചാണ് റെക്കോര്‍ഡ് വിജയം ചാണ്ടി ഉമ്മന്‍ നേടിയിരിക്കുന്നത്.












Click it and Unblock the Notifications