ഫേസ്ബുക്ക് വിവാദം പ്രതികള്‍ക്കെതിരെയുള്ള ഗൂഢാലോചന?
തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ കോടതി വിധി പറയാനിരിക്കെ പ്രതികള്‍ക്കെതിരെ വരുന്ന വാര്‍ത്തകള്‍ ഏതെങ്കിലും ഗൂഢാലോചനയുടെ ഭാഗമാണോ... സിപിഎം സംസ്ഥാന സെക്രട്ടറിയോ, കേസിലെ പ്രതികളോ അല്ല ഈ ചോദ്യം ചോദിച്ചത്. ഉത്തരവാദപ്പെട്ട ജയില്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബ് ആണ്.
കേസില്‍ വിധിവരുന്നതിന് മുമ്പ് ഇത്തരത്തില്‍ വാര്‍ത്തകള്‍ വരുന്നത് പ്രതികളെ കുടുക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാകാമെന്നാണ് അദ്ദേഹം പറയുന്നത്. എല്ലാ ഉത്തരവാദിത്തങ്ങളും താന്‍ ഏറ്റെടുക്കുന്നു എന്ന് പറയുമ്പോഴും മറ്റെന്തോ മറച്ച് വക്കാനുള്ള നിസ്സഹായതയാണ് അദ്ദേഹത്തിന്റെ വാക്കുകളില്‍ കണുന്നത്.

ജയിലില്‍ നിന്ന് എടുത്തതെന്ന് പറയുന്ന ചിത്രങ്ങളുടെ കാര്യത്തില്‍ ഡിജിപിക്ക് ഇപ്പോഴും വിശ്വാസ്യത ഇല്ല. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ ഫോണില്‍ വിളിച്ചത് ജയിലില്‍ ഉള്ള ഷാഫിയെ തന്നെയാണോ എന്നും അദ്ദേഹത്തിന് സംശയമുണ്ട്. കൃത്യമായ തെളിവുകള്‍ കിട്ടാതെ ഗൂഢാലോചനയുടെ സാധ്യത തള്ളിക്കളയാനാകില്ലെന്ന് തന്നെയാണ് ജയില്‍ ഡിജിപിയുടെ പത്ര സമ്മേളനം സൂചിപ്പിക്കുന്നത്.
ജയില്‍ ജീവനക്കാരുടെ സുരക്ഷിതത്വം ഒരു വലിയ പ്രശ്‌നമായിത്തന്നെ ഡിജിപി പറയുന്നു. തടവ് പുള്ളികളുടെ വേണ്ടപ്പെട്ടവര്‍ ജീവനക്കാരേയും കുടുംബത്തേയും ഭീഷണിപ്പെടുത്തുന്ന സാഹചര്യമാണ് ഉള്ളത് . ജീവനക്കാര്‍ ഭീതിയിലാണ്. ഇതിനെതിരെ എന്തെങ്കിലും നടപടിയെടുക്കാന്‍ പോലീസിന് കഴിയുന്നില്ല.
ജീവനക്കാര്‍ കര്‍ശന നടപടികളെടുക്കുമ്പോള്‍ സ്ഥലം മാറ്റുന്ന പ്രവണതപോലും ഉണ്ട്. 7000 തടവുകാരുള്ള കേരളത്തിലെ ജയിലുകളില്‍ അതിനനുസരിച്ച് ജീവനക്കാരില്ല. മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്ന് ജയിലുകളിലെ നിരീക്ഷണ ക്യാമറകള്‍ പലതും ഒഴിവാക്കേണ്ടി വന്നിട്ടുണ്ട്- ഡിജിപിയുടെ ന്യായങ്ങള്‍ നീളുന്നു.
ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രിത മോഹനന്‍ മാസ്റ്റര്‍ വിചാരണക്ക് കൊണ്ടുവരുന്നതിനിടെ ഭാര്യ കെകെ ലതിക എംഎല്‍എയെ കണ്ടിതില്‍ കുഴപ്പമില്ല. പക്ഷേ അത് മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയപ്പോള്‍ മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യേണ്ടി വന്നു എന്നും അലക്‌സാണ്ടര്‍ ജേക്കബ് പറഞ്ഞു.












Click it and Unblock the Notifications