ജയലളിതയ്ക്കും കൂട്ടര്‍ക്കും 4 വര്‍ഷം തടവു വിധിച്ച വിചാരണ കോടതി ജഡ്ജി ശ്രദ്ധേയനാകുന്നു

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: അടുത്തകാലത്ത് ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുലച്ച ഏറ്റവും ശ്രദ്ധേയമായ കോടതി വിധി പുറപ്പെടുവിച്ചത് ആരാണെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉള്ളൂ, ജോണ്‍ മിഖായേല്‍ ഡി കൂഞ്ഞ. എത്ര വമ്പന്‍ അഴിമതി നടത്തിയാലും കൊമ്പന്മാരായ രാഷ്ട്രീയ നേതാക്കള്‍ അഴിക്കുള്ളിലെത്താതെ രക്ഷപ്പെടുന്നകാലത്ത് ജയലളിതയും ശശികലയും ഉള്‍പ്പെടെ നാലു പ്രതികള്‍ക്ക് നാലുവര്‍ഷം തടവുശിക്ഷ വിധിച്ചത് ബെംഗളൂരു പ്രത്യേക കോടതി മുന്‍ ജഡ്ജിയായിരുന്ന ജോണ്‍ മിഖായേല്‍ ഡി കൂഞ്ഞയാണ്.

ഈ വിധി പിന്നീട് ഹൈക്കോടതി റദ്ദാക്കിയപ്പോള്‍ പലരും രാഷ്ട്രീയ രംഗത്തെ ജൂഡീഷ്യല്‍ അവിഹിത ഇടപെടലുകള്‍ക്കുറിച്ച് ചര്‍ച്ച ചെയ്തു. എന്നാല്‍, സുപ്രീം കോടതി വീണ്ടും വിചാരണ കോടതി വിധി ശരിവെച്ചതോടെ സമാനതകളില്ലാത്ത ഒരു വിധി പ്രസ്താവിച്ച വ്യക്തിയായി മാറിയിരിക്കുകയാണ് ഇപ്പോള്‍ ജോണ്‍ മിഖായേല്‍ ഡി കൂഞ്ഞ.

johnmichaeldcunha

2014 സെപ്റ്റംബര്‍ 27 ശനിയാഴ്ച അന്നത്തെ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയേയും കൂട്ടാളികളായ ശശികല, സുധാകരന്‍, ഇളവരശി എന്നിവരെയും ശിക്ഷിച്ചുകൊണ്ടുള്ള വിധി മിഖായേല്‍ പുറപ്പെടുവിച്ചത് അന്ന് കോളിളക്കം സൃഷ്ടിച്ചിരുന്നു. ഈ വിധി വരുന്നതിന് മുന്‍പ് കേസുമായി ബന്ധപ്പെട്ടവര്‍ക്കും നിയമമേഖലയില്‍ ഉള്ളവര്‍ക്കും മാത്രം അറിയാവുന്ന പേരായിരുന്നു ജോണ്‍ മിഖായേല്‍ ഡി കൂഞ്ഞ.

നിരവധി സമ്മര്‍ദ്ദങ്ങളെയും പ്രലോഭനങ്ങളെയും അതിജീവിച്ചാണ് ഒരു മുഖ്യമന്ത്രിയെ തെളിവുകള്‍ നിരത്തി ശിക്ഷിച്ചത്. വിധിയെത്തുടര്‍ന്നു ജയയ്ക്ക് 2014 സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ 18വരെ പരപ്പന അഗ്രഹാര ജയിലില്‍ കഴിയേണ്ടിയുംവന്നു. കര്‍ണാടകയിലെ ഹുബ്ലി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ആയിരുന്നപ്പോള്‍ 2004ല്‍ അന്നത്തെ മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന ഉമാഭാരതിക്ക് എതിരെ അദ്ദേഹം ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചും മിഖായേല്‍ വാര്‍ത്താകേന്ദ്രമായി.

1985ലാണ് ബെംഗളുരു സ്വദേശിയായ ജോണ്‍ മിഖായേല്‍ ഡി കൂഞ്ഞ വക്കീലായി ജോലി തുടങ്ങിയത്. 2002ല്‍ ജില്ലാ ജഡ്ജിയായി. പ്രിന്‍സിപ്പല്‍ ഡിസ്ട്രിക് സെക്ഷന്‍ ജഡ്ജിയായും (ബോംഗളുരു റൂറല്‍)കര്‍ണാടക ഹൈക്കോടതിയിലെ വിജിലന്‍സ് റജിസ്റ്റാര്‍ ജനറലുമായി സേവനമനുഷ്ഠിച്ചശേഷം ഇപ്പോള്‍ കര്‍ണാടക ഹൈക്കോടതിയില്‍ അഡി. ജഡ്ജിയാണ്.


English summary
John Michael D'Cunha J: The judge that got things moving in the DA case
Please Wait while comments are loading...