വില്ലേജ് ഓഫീസ് തീയിട്ടയാൾക്ക് ജോയ് മാത്യുവിന്റെ പിന്തുണ; ആപ്പീസ് ഒന്നടങ്കം തീയിട്ടാലും അത്ഭുതമില്ല!

  • Written By: Desk
Subscribe to Oneindia Malayalam

കോഴിക്കോട്: വില്ലേജ് ഓഫീസ് കത്തിച്ച വ്യക്തിക്ക് പിന്തുണയുമായി നടനും സംവിധായകനുമായ ജോയ് മാത്യു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പിന്തുണയുമായി രംഗത്തെത്തിയത്. ആപ്പീസ് ഒന്നടങ്കം കത്തിച്ചാലും അത്ഭുതപ്പെടാനില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. എറണാകുളം ആമ്പല്ലൂർ വില്ലേജ് ഓഫീസിനുള്ളിൽ പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. റിസർവേ ആവശ്യത്തിനു വേണ്ടി മാസങ്ങളോളം കയറിയിറങ്ങി മടുത്ത 70കാരനായ രവിയാണ് അതിക്രമം കാട്ടിയത്.

ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടും ഭൂമി അളന്ന് തിരിച്ച് തരാൻ വില്ലേജ് ഓഫീസർ തയ്യാറാകാതിരുന്നതാണ് പിതാവിനെ പ്രകോപിതനാക്കിയതെന്ന് വിലേജ് ഓഫീസ് കത്തിച്ചയാളുടെ മകന്‍ പറഞ്ഞിരുന്നു. നിസ്സഹായാവസ്ഥയിലാണ് പിതാവ് ഓഫീസിന് തീയിട്ടതെന്നും കനകദാസ് പറഞ്ഞിരുന്നു. തുടർന്ന് പോലീസ് ജാമ്യമില്ലാ കുറ്റം ചുമത്തിയിരുന്നു. എന്നാൽ പിന്നീട് ജാമ്യം ലഭിക്കുകയായിരുന്നു. ഇദ്ദേഹത്തെ പിന്തുണച്ചാണ് ജോയ് മാത്യു ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത് ഇങ്ങനെ...

ബഹുമാനം തോന്നിയ എഴുപതുകാരൻ

ബഹുമാനം തോന്നിയ എഴുപതുകാരൻ

എനിക്ക് ബഹുമാനം തോന്നിയ ഈ എഴുപതു കാരന്റെ പേരാണു കാഞ്ഞിരമറ്റം ചക്കാലപറബില്‍ രവീന്ദ്രന്‍. കഴിഞ്ഞ ദിവസം ആമ്പല്ലൂര്‍ വില്ലേജ് ഓഫീസിലെ രേഖകള്‍ക്ക് പെട്രോള്‍ ഒഴിച്ച് തീകൊടുത്തയാള്‍- താന്‍ കരമടച്ച് കൈവശം വെച്ചുകൊണ്ടിരിക്കുന്ന ഭൂമി അളന്ന് തിട്ടപ്പെടുത്തുവാന്‍ അപേക്ഷയുമായി വില്ലേജ് ഓഫീസില്‍ വര്‍ഷങ്ങളോളം കയറിയിറങ്ങി ചെരുപ്പ് തേഞ്ഞുപോയ ഹതഭാഗ്യന്‍- സഹികെട്ട് ഇദ്ദേഹം വില്ലേജ് ആപ്പീസിലെ റിക്കോര്‍ഡുകള്‍ക്ക് തീയിട്ടു എന്ന് തുടങ്ങുന്നതാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

അഴിമതി കേസുകൾ

അഴിമതി കേസുകൾ

മാസങ്ങള്‍ക്ക് മുമ്പ് കോഴിക്കോട് ചക്കിട്ടപ്പാറ ചെബനോട് കാവില്‍ പുരയിടത്തില്‍ ജോയി എന്ന കര്‍ഷകന്‍ വില്ലേജ് ഓഫീസിനു മുന്നില്‍ കെട്ടിതൂങ്ങി. കേരളത്തില്‍ അഴിമതിക്കേസുകളില്‍ ഏറ്റവുമധികം അകപ്പെടുന്നത് റവന്യൂ വകുപ്പിലുള്ളവരാണെന്ന് കണക്കുകള്‍ പറയുന്നു. ഒരു ബാങ്ക് വായ്പലഭിക്കണമെങ്കില്‍, സ്വന്തം ഭൂമി വില്‍ക്കണമെങ്കില്‍ അവശ്യം വേണ്ടതായ കുടിക്കടം, സ്‌കെച്ച്, അടിയാധാരം തുടങ്ങിയ രേഖകള്‍ ലഭിക്കാന്‍ ആര്‍ക്കൊക്കെ എവിടെയൊക്കെ കൈക്കൂലി കൊടുക്കണം എന്ന് എല്ലാവര്‍ക്കുമറിയാമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

സോഫ്റ്റ് വെയര്‍ രൂപകല്‍പന ചെയ്യുന്നില്ല

സോഫ്റ്റ് വെയര്‍ രൂപകല്‍പന ചെയ്യുന്നില്ല

ഇതിനു വേണ്ടി ചെരുപ്പ്തേയും വരെ നടക്കുന്ന സാധാരണക്കാരന്‍ റിക്കോര്‍ഡുകളല്ല ആപ്പീസ് ഒന്നടങ്കം തീയിട്ടാലും അത്ഭുതപ്പെടാനില്ലെന്ന് അദ്ദേഹം പറഞ്ഞു. സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് പ്രോല്‍സാഹനം നടത്തുന്ന ഗവര്‍മ്മെന്റ് എന്ത് കൊണ്ടാണു നമ്മുടെ റവന്യൂ വകുപ്പിനാവശ്യമുള്ള സോഫ്റ്റ് വെയര്‍ രൂപകല്‍പന ചെയ്യാനോ കബ്യൂട്ടര്‍വല്‍ക്കരിക്കാനോ താല്‍പ്പര്യം കാണിക്കാത്തത് എന്ന് ചോദിച്ചാല്‍ ഉത്തരം ലളിതം- തങ്ങളുടെ പാര്‍ട്ടികളിലുള്ള ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി വാങ്ങാനുള്ള അവസരം ഇല്ലാതാവും എന്നത് തന്നെയെന്നും അദ്ദേഹം പറയുന്നു.

കൈക്കൂലി വാങ്ങാത്ത ഉദ്യോഗസ്ഥർ

കൈക്കൂലി വാങ്ങാത്ത ഉദ്യോഗസ്ഥർ

കൈക്കൂലി വാങ്ങാത്ത നിരവധി നല്ലവരായ ഉദ്യോഗസ്ഥരെ മറന്നുകൊണ്ടല്ല പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. ചെബനോട്ടെ കര്‍ഷകന്‍ ജോയിയുടെ കൊലക്ക് ഉത്തരവാദികളായവര്‍ക്ക് വെറും സസ്‌പെന്‍ഷന്‍, ഗതികേട് കൊണ്ട് റിക്കോര്‍ഡുകള്‍ക്ക് തീയിട്ട എഴുപതുകാരന്‍ വൃദ്ധനു ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റും തടവും എവിടെയാണു തീയിടേണ്ടത്? എന്ന് ചോദിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

നിങ്ങളുടെ ജീവിത പങ്കാളിയെ കണ്ടെത്തൂ കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

English summary
Joy Mathew's facebook post about Amballoor village office issue

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

X