തൃശൂരിൽ രോഗികളെ വലച്ച് ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം

  • Posted By: Desk
Subscribe to Oneindia Malayalam

തൃശൂര്‍: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ജൂനിയര്‍ ഡോക്ടര്‍മാരുടെ രണ്ടു മണിക്കൂര്‍ ഒപി ബഹിഷ്‌കരണം രോഗികളെ ദുരിതത്തിലാക്കി. ആശുപത്രിയിലെ പുതിയ ഭരണപരിഷ്‌കാരങ്ങളില്‍ പ്രതിഷേധിച്ചാണു പി.ജി. അസോസിയേഷന്‍ , ഹൗസ് സര്‍ജന്‍മാര്‍, സീനിയര്‍ എം.ബി.ബി.എസ്. വിദ്യാര്‍ഥികള്‍ അടക്കം നാനൂറോളംവരുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ പണിമുടക്കിയത്. ജില്ലയിലെ മറ്റു ഗവ. ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ സമരത്തില്‍ ആയതുമൂലം ഗവ. മെഡിക്കല്‍ കോളജ്, ആശുപത്രികളിലേക്കു രോഗികളുടെ തിരക്ക് ക്രമാതീതമായി വര്‍ധിച്ച സാഹചര്യത്തിലാണു മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ സമരം രോഗികള്‍ക്ക് ഇടിത്തീയായത്.

ശനി, വിഷു ഞായര്‍ എന്നി ദിവസങ്ങളിലെ മുടക്ക് കഴിഞ്ഞ് വിദഗ്ധ ചികിത്സകള്‍ക്കുവേണ്ടി മറ്റു ജില്ലകളില്‍നിന്നും അടക്കം എത്തിയ രോഗികളാണ് ദുരിതത്തിലായത്. രാവിലെ ഒമ്പതു മുതല്‍ 11 വരെയായിരുന്നു പണിമുടക്ക് സമരം. ഇതിനിടയില്‍ സമരം ഒത്തുതീര്‍പ്പിനുവേണ്ടി പ്രിന്‍സിപ്പല്‍ യോഗം വിളിച്ചിരുന്നു. ചര്‍ച്ചയില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് അനുകൂലമായ നടപടികള്‍ ഉണ്ടായില്ലെന്ന് പറയുന്നു.

 doctor

വരും ദിവസങ്ങളില്‍ ശക്തമായ സമര പരിപാടികള്‍ നടത്താനുള്ള ശ്രമത്തിലാണ് ഇവര്‍. പ്രിന്‍സിപ്പല്‍ ഡോ. എം.എ. ആന്‍ഡ്രൂസ്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. പി. വി. സന്തോഷ്, ആര്‍.എം.ഒ. ഡോ. സി.പി. മുരളി, ജൂനിയര്‍ ഡോക്ടര്‍മാരുടെ പ്രതിനിധികളായ ഡോ. വിപിന്‍, സുജോയ്, ലിജോ, അമല്‍ ഫ്രാന്‍സി, മാര്‍ബേക്കി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

രണ്ടു തവണയായി നടന്ന ചര്‍ച്ചയില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് അനുകൂലമായ നിലപാട് അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. അതിനാല്‍ ബുധനാഴ്ച മുതല്‍ അനിശ്ചതകാല സമരത്തിലേക്ക് കടക്കുമെന്ന് ജൂനിയര്‍ ഡോക്ടര്‍മാരുടെ സംഘടന അറിയിച്ചു. ആശുപത്രി അധികൃതരുടെ പുതിയ പരിഷ്‌കാര നടപടി ആശുപത്രി പ്രവര്‍ത്തനത്തേയും ജീവനക്കാരുടെ മനോവീര്യത്തേയും തകര്‍ത്തിരിക്കുകയാണ്. ജീവനക്കാരോടും മറ്റും ആലോചിക്കാതെ എടുത്ത പുതിയ മാറ്റങ്ങള്‍ എല്ലാവര്‍ക്കും ദുരിതമായിരിക്കുകയാണ്.

സര്‍ജറി , ഓര്‍ത്തോ, മെഡിസിന്‍ തുടങ്ങി അത്യാഹിത വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിരുന്ന വിവിധ യൂണിറ്റുകള്‍ മറ്റിടങ്ങളിലേക്ക് മാറ്റുകവഴി ഡോക്ടര്‍മാരും ജീവനക്കാരും അങ്ങോട്ടും ഇങ്ങോട്ടും ഓടിനടക്കേണ്ട അവസ്ഥയും രോഗികള്‍ക്ക് കൃത്യമായ ചികിത്സ ലഭിക്കാത്ത സാഹചര്യവുമാണ് ഉണ്ടായിട്ടുള്ളത്. 24 മണിക്കൂറും ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് ഒന്ന് ഇരിക്കാനുള്ള കസേരകള്‍ പോലും ഇല്ലാത്ത അവസ്ഥയാണെന്നും ജൂനിയര്‍ ഡോക്ടര്‍മാര്‍ പറയുന്നു. അതേസമയം രണ്ടുവര്‍ഷംമുമ്പ് നിര്‍മാണം പൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്തിട്ടും തുറന്ന് കൊടുക്കാത്ത ട്രോമ കെയര്‍ അടുത്തമാസം തുറന്ന് കൊടുക്കും. അതിനുമുമ്പുള്ള പരിഷ്‌കരണങ്ങളുടെ ഭാഗമായി ചില മാറ്റങ്ങള്‍ വരുത്തിയതാണ് ഇതെന്നും മെഡിക്കല്‍ കോളജ് അധികൃതര്‍ പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
junior doctors strike in thissur make trouble for patients

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്