'നിയന്ത്രങ്ങൾക്കിടയിലും മദ്യശാലയിൽ പോവാം,മുഖ്യമന്ത്രിക്ക് സ്ഥിരബുദ്ധി നഷ്ടപ്പെട്ടോ', കുറിപ്പ്
തിരുവനന്തപുരം; കൊവിഡ് ജാഗ്രതയുടെ പശ്ചാത്തലത്തിലും ബിവറേജസ് കോർപ്പറേഷൻ ഔട്ട് ലെറ്റുകൾ അടച്ചിടാൻ തയ്യാറാവാത്ത സംസ്ഥാന സർക്കാർ നടപടിക്കെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്. സംസ്ഥാനത്തെ ബാറുകൾ മുഴുവൻ അടച്ചിടും, എന്നാൽ കാസർകോട് ഒഴികെയുള്ള ജില്ലകളിലെ ബിവ്റേജസ് ഔട്ട് ലെറ്റുകൾ അടക്കില്ലെന്നായിരുന്നു സർക്കാർ വ്യക്തമാക്കിയത്.ആവശ്യമെങ്കിൽ സമയക്രമത്തിൽ മാറ്റം വരുത്തുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. മദ്യം ഒഴിവാക്കിയാൽ വലിയ സാമൂഹ്യ പ്രത്യാഘാതം ഉണ്ടാകുമെന്നാണ് സർക്കാർ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം പ്രതിപക്ഷ കക്ഷികൾ ഈ ആവശ്യം ആവർത്തിച്ച് ഉന്നയിച്ചിട്ടും വഴങ്ങാൻ മുഖ്യമന്ത്രി തയ്യാറാവാത്തത് പ്രതിഷേധാർഹമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. അതിനിടെ സർക്കാരിനും മുഖ്യമന്ത്രിയ്ക്കുമെതിരെ രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

അനിവാര്യ ഘടകമാണെന്ന് ചിന്തിക്കുന്നത്
മദ്യവും മദ്യപാനിയും പിന്നെ മുഖ്യമന്ത്രിയും.........മദ്യവും മദ്യപാനിയും ആണ് സമൂഹത്തിലെ അനിവാര്യഘടകങ്ങളെന്ന് വിശ്വസിക്കുന്ന അപൂര്‍വം ഭരണാധികാരികളിലൊരാളാണ് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍.കോവിഡ് ഭീതിയില്‍ രാജ്യം മുഴുവന്‍ അടച്ചിട്ടാലും ബിവറേജസ് കോര്‍പ്പറേഷൻ്റെ മദ്യശാലകൾ അടയ്ക്കില്ല എന്നാണ് അദ്ദേഹത്തിന്‍റെ നിലപാട്.

സ്ഥിരബുദ്ധി നഷ്ടപ്പെട്ടോ
ബസിലും ട്രെയിനിലും കയറരുത്, കടകളില്‍ പോവരുത്, പള്ളിയില്‍ പോവരുത്.നിയന്ത്രണങ്ങള്‍ എല്ലാം ആവശ്യമുള്ളത് തന്നെ.പക്ഷേ മദ്യഷാപ്പില്‍ പോവാം കള്ളുലേലം നടത്താം എന്ന് തീരുമാനിക്കുന്ന ഭരണാധികാരിക്ക് സ്ഥിരബുദ്ധി നഷ്ടപ്പെട്ടോ എന്ന് ന്യായമായും സംശയിക്കാം....
മദ്യപാനികളോടും അദ്ദേഹത്തിന് വലിയ സ്നേഹമാണ്...അതാണ് മദ്യപിച്ച് ലക്കുകെട്ട് ഒരു ചെറുപ്പക്കാരനെ വണ്ടിയിടിച്ച് കൊന്ന ശ്രീറാം വെങ്കട്ടരാമന് കോവിഡ് പ്രതിരോധപ്രവര്‍ത്തനത്തിന്‍റെ ചുമതല നല്‍കിയത്.

ഉടൻ പ്രതീക്ഷിക്കാം
മറവിരോഗമുണ്ടെന്ന് സ്വയം സമ്മതിച്ച ശ്രീറാമിനോളം മികച്ച ഉദ്യോഗസ്ഥര്‍ മറ്റാരുമില്ല കോവിഡിനെ നേരിടാനെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ക്വാറന്‍റീന്‍കാലം ഉല്ലാസകരമാക്കാന്‍ കേരളമോഡല്‍....എന്ന പേരില്‍ മദ്യക്കുപ്പിയുടെ പടവുമായി പിണറായി പ്രചാരവേലസംഘത്തിന്‍റെ പരസ്യവും ഉടന്‍ പ്രതീക്ഷിക്കാം.

ആശങ്ക വ്യാപകമാണ്
പുറത്തിറങ്ങാനാവാതെ വീട്ടിലിരിക്കുന്ന സ്ത്രീകളും കുട്ടികളും മദ്യപാനികളുടെ ഉപദ്രവം കൂടി അനുഭവിക്കണം എന്നൊരു ദുഷ്ടചിന്തകൂടിയുണ്ട് പിണറായിയുടെ നിലപാടിന് പിന്നിലെന്ന് സംശയിക്കണം....ക്വാറന്‍റീന്‍ ദിനങ്ങള്‍ ഗാര്‍ഹിക പീഡനം ഇരട്ടിയാക്കും എന്ന ആശങ്ക വ്യാപകമാണ്.

സാമൂഹ്യ പ്രതിബദ്ധത
അല്ലെങ്കിലേ പെണ്ണുങ്ങളുടെയും പിള്ളാരുടെയും തലയില്‍ കയറാനിരിക്കുന്നവന് (എല്ലാവരേയും അടച്ചാക്ഷേപിക്കുന്നില്ല....) മദ്യം കൂടി ഒഴിച്ചുകൊടുക്കുന്ന മുഖ്യന്‍റെ സാമൂഹ്യപ്രതിബദ്ധത കാണാതിരിക്കരുത്.മുഖ്യമന്ത്രിയുടെ നാളത്തെ വാര്‍ത്താസമ്മേളനത്തില്‍ പ്രതീക്ഷിക്കാവുന്നത്......എന്തുവില കൊടുത്തും ബാറുകളും ബവ്റിജസ് ഔട്ട് ലെറ്റുകളും തുറന്നു വയ്ക്കും.ഇനി അത് പറ്റിയില്ല, കേന്ദ്രമെങ്ങാന്‍ ഇടപെട്ടാല്‍ സര്‍ക്കാര്‍ ചിലവില്‍ മദ്യം വീട്ടിലെത്തിച്ചു നല്‍കും. അതിനും കയ്യടിക്കും കേരളത്തിലെ ഇടത് ബുദ്ധിജീവികളും സാംസ്കാരിക നായകന്‍മാരും












Click it and Unblock the Notifications